ഡൽഹിയിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്ത് സംസാരിക്കേണ്ടിയിരുന്ന ഒരു പരിപാടി കേന്ദ്രമന്ത്രിയുടെ സമ്മർദ്ദം മൂലം റദ്ദാക്കിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്സ് രംഗത്ത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പരിപാടിയുടെ സംഘാടകരായ പ്ലാനിങ് ഫോറം എന്ന വിദ്യാർത്ഥി സംഘടന റദ്ദാക്കിയതു മമതാ ബാനർജിക്ക് വിവരം നൽകി.
വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ പരിപാടി റദ്ദാക്കുന്നുവെന്നാണ് കത്തിലുള്ളത്. ആറാഴ്ച മുമ്പാണ് പരിപാടിയിലേക്ക് മമതാ ബനര്ജിക്ക് ക്ഷണം ലഭിച്ചത്.
മനസ്സിലാക്കാൻ പ്രയാസമുള്ള ഒഴികഴിവാണ് പരിപാടി റദ്ദ് ചെയ്യുന്നതിന് സംഘടന പറഞ്ഞിരിക്കുന്നതെന്ന് തൃണമൂൽ രാജ്യസഭാ എംപി ദേരെക് ഒബ്രെയിൻ ചൂണ്ടിക്കാട്ടി. യോഗത്തിന് ഹാൾ കിട്ടിയില്ലെന്നതാണ് അറിയിച്ചിരിക്കുന്ന കാരണം. എന്നാൽ ഇത് ഒരു കേന്ദ്രമന്ത്രി സമ്മർദ്ദം ചെലുത്തിയതിനാൽ സംഭവിച്ചതാണെന്ന് ദേരെക് ആരോപിച്ചു.
കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ 'നിന്റെ അയൽക്കാരനെ സ്നേഹിക്കൂ' എന്ന പേരിൽ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് മമത പ്രധാനമായും ഡൽഹിയിലെത്തുന്നത്. ജൂലൈ 31ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് പരിപാടി നടക്കും. 'ന്യൂനപക്ഷങ്ങള്‍ക്കെതിരായി വളരുന്ന അസഹിഷ്ണുത' സംബന്ധിച്ചാണ് മമത ഈ പരിപാടിയിൽ സംസാരിക്കുക. കോളജിലെ പരിപാടിയിൽ ഇന്ത്യയുടെ മതേതര പാരമ്പര്യം സംബന്ധിച്ച് സംസാരിക്കാനായിരുന്നു മമത ആലോചിച്ചിരുന്നത്.
ഇതിനൊപ്പം, കൊൽക്കത്തയിൽ സംഘടിപ്പിക്കാനിരിക്കുന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ പങ്കെടുക്കാന്‍ നേതാക്കളെ ക്ഷണിക്കാനും മമതയ്ക്ക് പദ്ധതിയുണ്ട്.