UPDATES

കാമുകിയെ സ്വന്തമാക്കാൻ വിമാനത്തിൽ റാഞ്ചൽ കുറിപ്പിട്ടയാൾക്ക് ജീവപര്യന്തവും 5 കോടി പിഴയും ശിക്ഷ

സല്ല തന്റെ ഓഫീസിലിരുന്ന ഈ കുറിപ്പ് തയ്യാറാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു.

2016ൽ ഭേദഗതി വരുത്തിയ റാഞ്ചൽ വിരുദ്ധ നിയമപ്രകാരമുള്ള ആദ്യത്തെ ശിക്ഷാവിധി പുറത്തുവന്നു. 2017ൽ മുംബൈ-ഡൽഹി വിമാനത്തിൽ റാഞ്ചൽ കുറിപ്പ് എഴുതിയിട്ട ബിർജു കിഷോർ സല്ല എന്ന ബിസിനസ്സുകാരന് ജീവപര്യന്തം തടവും അഞ്ചു കോടി പിഴയും പ്രത്യേക എൻഐഎ കോടതി വിധിച്ചു. ഭേദഗതി വരുത്തിയതിനു ശേഷം ഇതാദ്യമായാണ് ഒരാൾ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നത്.

2017 ഒക്ടോബർ 30നാണ് താൻ സഞ്ചരിച്ച വിമാനത്തിൽ ഈ കുറിപ്പ് സല്ല നിക്ഷേപിച്ചത്. കൃത്യമായി ആസൂത്രണം ചെയ്താണ് സല്ല ഈ പ്രവൃത്തി ചെയ്തതെന്ന ദേശീയാന്വേഷണ ഏജൻസിയുടെ കുറ്റപത്രം കോടതി അംഗീകരിച്ചു.

സല്ല തന്റെ ഓഫീസിലിരുന്ന ഈ കുറിപ്പ് തയ്യാറാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു.

സല്ലയിൽ നിന്ന് ഈടാക്കുന്ന അഞ്ച് കോടി രൂപയിൽ നിന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് ഓരോ ലക്ഷം വീതം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് എയർ ഹോസ്റ്റസ്സുമാർക്ക് 50,000 രൂപ വീതം നൽകണം. മറ്റ് വിമാനജീവനക്കാർക്ക് 25,000 രൂപ വീതവും നൽകണം. ഇവർ ഏഴു പേരുണ്ട്. 115 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

തന്റെ സ്വന്തം ലാപ്ടോപ്പിൽ തന്നെയാണ് സല്ല ഈ ഭീഷണിക്കുറിപ്പ് ടൈപ്പ് ചെയ്തത്. ഓഫീസിൽ നിന്നു തന്നെ പ്രിന്റൗട്ട് എടുക്കുകയും ചെയ്തു.

വിമാനത്തിന്റെ കക്കൂസിലെ ടിഷ്യൂ ബോക്സിൽ ഇയാൾ ഈ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. ഇംഗ്ലീഷിലുള്ള കുറിപ്പിനൊപ്പം ഉറുദ്ദുവിലുള്ള കുറിപ്പും വെച്ചിരുന്നു. ഇത് ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എടുത്തതാണെന്ന് അന്വേഷകർ കണ്ടെത്തി. വിമാനം റാഞ്ചിയിട്ടുണ്ടെന്നും ലാൻഡ് ചെയ്യാൻ പാടില്ലെന്നുമായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. പാക് അധീന കശ്മീരിലേക്ക് നീങ്ങണമെന്നും അനുസരിച്ചില്ലെങ്കിൽ വിമാനത്തിലുള്ളവർ മരിക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു.

ജെറ്റ് എയർവേയ്സിന്റെ ബിസിനസ്സ് ഏതുവിധേനയും അവസാനിപ്പിച്ച് അതിൽ ജോലി ചെയ്യുന്ന തന്റെ പെൺസുഹൃത്തിന്റെ ജോലി ഇല്ലാതാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കുറ്റപത്രം ആരോപിക്കുന്നു. ജോലി നഷ്ടപ്പെട്ടാൽ ഡൽഹിയിലുള്ള പെൺസുഹൃത്ത് മുംബൈയില്‍ തനിക്കൊപ്പം ജീവിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍