TopTop
Begin typing your search above and press return to search.

'അനുഷ്ക, നിങ്ങളുടെ വായിലെ മാലിന്യത്തോളം വരുമോ ഞാൻ പുറത്തെറിഞ്ഞ മാലിന്യം?'

അനുഷ്ക, നിങ്ങളുടെ വായിലെ മാലിന്യത്തോളം വരുമോ ഞാൻ പുറത്തെറിഞ്ഞ മാലിന്യം?

ശനിയാഴ്ചയാണ് വിരാട് കോഹ്‌ലി നടിയും തന്റെ ഭാര്യയുമായ അനുഷ്ക ശർമയുടെ ഒരു വീഡിയോയുമായി രംഗത്തെത്തിയത്. റോഡിൽ മാലിന്യം തള്ളുന്നയാളെ ചീത്ത വിളിക്കുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. മാലിന്യം റോഡിൽ തള്ളുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും എല്ലാവരും അനുഷ്കയുടെ മാതൃക പിന്തുടരണമെന്നും കോഹ്‌ലി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ട്വിറ്ററിൽ തന്നെ ഈ വിഷയത്തിൽ രണ്ടഭിപ്രായമുയർന്നു. ഒരുകൂട്ടർ ഇരുവരെയും പ്രകീർത്തിച്ചു. മാത‍ൃകാപരമായ നടപടിയെന്ന് പ്രശംസിച്ചു. എന്നാൽ മറ്റൊരു കൂട്ടർ, മാലിന്യം തള്ളിയയാളെ ജാഗ്രതപ്പെടുത്തിയതിനെ അംഗീകരിച്ചെങ്കിലും അത് വീഡിയോയിൽ പകർത്തി അയാളെ നാണംകെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് പ്രതികരിച്ചു. രഹസ്യമായി വീഡിയോ പകർത്തി ഒരാളുചെ സ്വകാര്യത നശിപ്പിക്കാൻ അനുഷ്കയ്ക്ക് അവകാശമുണ്ടോയെന്നും ചോദ്യമുയർന്നു.

ഇതിനെല്ലാം പിന്നാലെയാണ് മാലിന്യം തള്ളിയതിന് അനുഷ്കയുടെ ചീത്തവിളി കേട്ട മനുഷ്യനും അദ്ദേഹത്തിന്റെ അമ്മയും രംഗത്തെത്തിയത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന അർഹാൻ സിങ്ങാണ് കക്ഷി. ഇദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്. തന്റെ തെറ്റ് തുറന്നു സമ്മതിച്ച അർഹാൻ, അനുഷ്കയ്ക്ക് ഇത്തിരി മര്യാദയോടെ സംസാരിക്കാമായിരുന്നെന്ന് ചൂണ്ടിക്കാട്ടി.

"ഡ്രൈവ് ചെയ്യവെ വളരെ അശ്രദ്ധമായി ചിലത് ഞാൻ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഒരു കാർ നീങ്ങി എനിക്കരികില്ലെത്തി വിൻഡോ തുറന്നു. നമ്മുടെ അനുഷ്ക ശർമ. റോഡ്സൈഡില്‍ കാണാറുള്ള ചിലരെപ്പോലെ അവർ അലറുകയായിരുന്നു. അനുഷ്ക, ഒരൽപം മര്യാദയോടെയും മാന്യതയോടെയും സംസാരിച്ചിരുന്നെങ്കിൽ താങ്കളെ ആരും കുറഞ്ഞ താരമായി കാണുകയില്ല. വൃത്തി എന്നാൽ പലവിധമുണ്ട്. വാക്കുകളിലെ വൃത്തി അവയിലൊന്നാണ്. എന്റെ കാറിന്റെ വിൻഡോയിലൂടെ പുറത്തെറിയപ്പെട്ട മാലിന്യം, താങ്കളുടെ വായിൽ നിന്നു വന്ന മാലിന്യത്തെ അപേക്ഷിച്ച് എത്രയോ ഭേദമാണ്. ആ രംഗം ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയിയൽ ഷെയർ ചെയ്ത വിരാട് കോഹ്‌ലിയുടെ നിലവാരം കുറഞ്ഞ മനോനില അതിനേക്കാളേറെ മാലിന്യം നിറഞ്ഞതാണ്."

ഈ പോസ്റ്റിനു താഴെയും വിരാട് കോഹ്‌ലി-അനുഷ്ക ആരാധകർ‌ എതിർപ്പുമായി എത്തിയിട്ടുണ്ട്.

അർഹാന്റെ അമ്മ ഗീതാഞ്ജലി എലിസബത്തും അനുഷ്കയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി തന്റെ മകന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കിലിട്ടതിനെ ഗീതാഞ്ജലി വിമർശിച്ചു. സ്വകാര്യതയുടെ അടിസ്ഥാന നിയമങ്ങളെയാണ് അനുഷ്ക ഇതുവഴി ലംഘിച്ചിരിക്കുന്നതെന്ന ഗൗരവപ്പെട്ട ആരോപണവും അവരുയർത്തി. 'നിങ്ങൾ രണ്ടുപേരും പ്രശസ്തരും വൻതോതിൽ ഫോളോവേഴ്സ് ഉള്ളവരുമാണ്. നിങ്ങൾ നിങ്ങളുടെ പ്രചാരണങ്ങൾക്ക് പണമിറക്കുന്നവരാണ്.' -ഗീതാഞ്ജലി പറഞ്ഞു.

അനുഷ്കയുടെയും കോഹ്‌ലിയുടെയും ഭ്രാന്തന്മാരായ ആരാധകർ‌ തന്റെ മകനെ എന്തെങ്കിലും ചെയ്താല്‍ അനുഷ്ക മറുപടി പറയുമോയെന്നും ഗീതാഞ്ജലി ചോദിച്ചു. മറ്റുള്ളവരുടെ അന്തസ്സിനെ പൊതുജനത്തിന് മൂല്യനിർണയത്തിനിട്ടു കൊടുക്കാൻ അനുഷ്കയും വിരാടും ആരാണെന്നും അവർ ചോദിച്ചു. റോഡിലെ മാലിന്യത്തെക്കുറിച്ച് ഇത്രയധികം വേദന അനുഷ്കയ്ക്കും വിരാടിനുമുണ്ടെങ്കിൽ തങ്ങൾ താമസിക്കുന്ന തെരുവിലെ മാലിന്യങ്ങളെങ്കിലും നീക്കം ചെയ്യാൻ തയ്യാറാകണം.

"എന്റെ മകൻ മര്യാദയോടെ പെരുമാറിയത് അനുഷ്കയെ പേടിച്ചിട്ടല്ല. ഞാൻ അയാളെ നന്നായി വളർത്തിയതു കൊണ്ടാണ്. നിങ്ങളെപ്പോലെയല്ല അവൻ വളർന്നത്. വഴിയിൽ കാണുന്നവരോടെല്ലാം തോന്നിയപോലെ സംസാരിക്കാനും പെരുമാറാനും അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല" -ഗീതാഞ്ജലി പറഞ്ഞു.


Next Story

Related Stories