UPDATES

എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജി വെക്കാതെ കോണ്‍ഗ്രസ് നേതാവ് ബിജെപി മന്ത്രിയായി; രൂക്ഷ വിമർശനവുമായി മണിപ്പൂർ ഹൈക്കോടതി

ശ്രദ്ധേയമായ മറ്റൊരു കാര്യം ബിജെപിക്കൊപ്പം ചേർന്ന ഈ എംഎല്‍എമാര്‍ ഇപ്പോഴും പ്രതിപക്ഷ ബഞ്ചുകളിലാണ് സഭ ചേരുമ്പോൾ ഇരിക്കുന്നത് എന്നതാണ്.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ പച്ചയായ ലംഘനം നടത്തിയതിന് മണിപ്പൂർ നിയമസഭാ സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി മണിപ്പൂർ ഹൈക്കോടതി. കോണ്‍ഗ്രസ് എംഎൽഎ ശ്യാംകുമാർ സിങ് ബിജെപിയിലേക്ക് മാറുകയും സംസ്ഥാന വനം പരിസ്ഥിതി, മുനിസിപ്പാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ, ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ്, ടൗൺ പ്ലാനിങ്, ഹോര്‍ട്ടികൾചർ ആൻഡ് സോയിൽ കൺസർവേഷൻ മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. 2017 മാർച്ച് മാസത്തിലാണ് ഇത് നടന്നത്. ഏതാണ്ട് രണ്ടര വർഷത്തോളം ഈ സ്ഥാനത്ത് ഇദ്ദേഹം തുടർന്നതിനു ശേഷമാണ് ഇപ്പോൾ കോടതി ഇടപെടലുണ്ടായിരിക്കുന്നത്. കർണാടകത്തിൽ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ വിമതരായി മാറുകയും സഖ്യ സർക്കാരിനെ വീഴ്ത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മണിപ്പൂർ ഹൈക്കോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് എംഎൽഎമാരായ ടിഎൻ ഹാവോകിപ്, ഫജൂർ റഹീം എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണനയ്ക്കെടുത്താണ് ജസ്റ്റിസ് നോബിൻ സിങ് സ്പീക്കർക്കെതിരെ വിമർശനമുന്നയിച്ചത്. അതെസമയം ഹരജികൾ തള്ളുകയും ചെയ്തിട്ടുണ്ട്. നിയമസഭാകാര്യത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന പ്രശ്നം ചൂണ്ടിക്കാണിച്ചാണിത്. ഇതോടൊപ്പം ദൈർഘ്യമുള്ള ചില പരാമർശങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.

സ്പീക്കറും ബിജെപി എംഎൽഎയുമായ യുംനാം ഖേംചന്ദ് സിങ് യാതൊരു നടപടിയുമെടുക്കാതിരുന്നതിനെ കോടതി നിശിതമായ ഭാഷയിൽ വിമർശിച്ചു.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സാണ് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. അറുപതംഗ അസംബ്ലിയിൽ മൂന്ന് സീറ്റുകൾ കൂടി വേണമായിരുന്നു കോൺഗ്രസ്സിന് സർക്കാർ രൂപീകരിക്കാൻ. അതേസമയം, ബിജെപി 21 സീറ്റാണ് നേടിയിരുന്നത്. എൻപിഎഫ്, എൻപിപി, എൽജെപി എന്നീ കക്ഷികളുടെ എംഎൽമാരെ ചേർത്ത് തങ്ങളുടെ ഭാഗത്ത് 30 എംഎൽഎമാരെ കൊണ്ടുവരാൻ ബിജെപിക്കായി. ഒരാളുടെ കൂടി പിന്തുണ ആവശ്യമായപ്പോഴാണ് കോൺഗ്രസ്സിൽ നിന്നും ശ്യാംകുമാർ സിങ്ങിനെ വലിച്ചത്. ഇങ്ങനെ സഖ്യ സർക്കാർ രൂപീകരിക്കപ്പെട്ടു.

കോൺഗ്രസ്സിൽ‌ നിന്നും, എംഎൽഎ സ്ഥാനത്തു നിന്നും രാജി വെക്കുക പോലും ചെയ്യാതെയാണ് ശ്യാംകുമാർ സിങ് ബിജെപി സഖ്യത്തിൽ ചേർന്ന് മന്ത്രിയായത്. ഇതിനെതിരെ സ്പീക്കറുടെ ട്രിബ്യൂണൽ കോടതിയിൽ പോയി. എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്മേൽ സ്പീക്കർ തീരുമാനമൊന്നുമെടുത്തില്ല.

ഈ സംഭവത്തിനു ശേഷം ഏഴ് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു. ഇവരും തങ്ങളുടെ എംഎൽഎ സ്ഥാനങ്ങൾ രാജി വെക്കുകയുണ്ടായില്ല. ഇതിനെതിരെയും സ്പീക്കറുടെ ട്രിബ്യൂണലിൽ പോയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ശ്രദ്ധേയമായ മറ്റൊരു കാര്യം ബിജെപിക്കൊപ്പം ചേർന്ന ഈ എംഎല്‍എമാര്‍ ഇപ്പോഴും പ്രതിപക്ഷ ബഞ്ചുകളിലാണ് സഭ ചേരുമ്പോൾ ഇരിക്കുന്നത് എന്നതാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള ചോദ്യം ചെയ്യലുകൾ ഇതുവഴി ഒഴിവാക്കുന്നു. മണിപ്പൂരിന്റെ നിയമസഭാ ചരിത്രത്തിൽ ഇത്തരമൊന്ന് മുന്‍കാലങ്ങളിൽ നടന്നിട്ടില്ലെന്നു മാത്രമല്ല, ഭരണഘടനയുടെ പച്ചയായ ലംഘനം കൂടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍