TopTop

18-20 മണിക്കൂര്‍ ജോലി ചെയ്യുന്ന, ഉറങ്ങാത്ത മോദി; ആ നുണപ്രചാരണവും പൊളിഞ്ഞു

18-20 മണിക്കൂര്‍ ജോലി ചെയ്യുന്ന, ഉറങ്ങാത്ത മോദി; ആ നുണപ്രചാരണവും പൊളിഞ്ഞു
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 2014 മെയില്‍ അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ മുതല്‍ ഓരോ ഓഫീസിലും കൃത്യനിഷ്ഠയും വൃത്തിയും ഉറപ്പാക്കല്‍ വരെയുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വളരെയധികം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജോലി ചെയ്യാന്‍ താത്പര്യമുള്ള മോദി എന്ന വിശേഷണത്തെ ചൊല്ലി നിരവധി കഥകളും പ്രചരിച്ചിരുന്നു. അതിലൊന്നായിരുന്നു ആയിരക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയില്‍ ആഘോഷിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്ത ഒന്ന്. എന്നാല്‍ ഇത് പൂര്‍ണമായും തട്ടിപ്പായിരുന്നുവെന്നും സംഘപരിവാര്‍ അണികള്‍ക്ക് വേണ്ടി ആരോ ഉണ്ടാക്കിയ കെട്ടുകഥയായിരുന്നു എന്നുമാണ് ആള്‍ട്ട്‌ന്യൂസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാദ്യമാണ് മനീഷ് മല്‍ഹോത്ര, ആന്‍ എം.ബി.എ, യു.കെ എന്ന വിലാസത്തില്‍ നിന്ന് ഒരു പോസ്റ്റ്‌ സോഷ്യല്‍ മീഡി വഴി പ്രചരിക്കുന്നത്. തന്റെ ഒരു ഉറ്റബന്ധു പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും 2014 ഫെബ്രുവരിയില്‍ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ മോദി പി.എം.ഓയില്‍ നിയമിക്കുകയായിരുന്നു എന്നുമൊക്കയാണ് ഇതില്‍ പറയുന്നത്.

തുടര്‍ന്നാണ് മോദിയുടെ ജോലി ചെയ്യാനുള്ള താത്പര്യത്തെ പറ്റി, ഉറങ്ങാതെ പണിയെടുക്കുന്നതിനെ പറ്റി, ഇന്ത്യയെ മെച്ചപ്പെടുത്തിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തെ പറ്റി, അദ്ദേഹത്തിന്റെ ആരോഗ്യം തകരാറിലാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ ഈ ഉദ്യോഗസ്ഥ ബന്ധുവിനെ ഉദ്ധരിച്ച് പോസ്റ്റില്‍ വിശദീകരിക്കുന്നത്.

മനീഷ് മല്‍ഹോത്ര പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ബന്ധു 2014 ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്തു എന്നാണ്. ഈ പോസ്റ്റ് പുറത്തു വരുന്ന സമയത്ത് അദ്ദേഹം രണ്ടു വര്‍ഷം പി.എം.ഓയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. അദ്ദേഹം 44 വര്‍ഷം സര്‍വീസിലുണ്ടായിരുന്നുവെന്നും ഭൂരിഭാഗം സമയവും കോണ്‍ഗ്രസ് ഭരണത്തിനു കീഴിലായിരുന്നു എന്നും ഇതില്‍ പറയുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പല കോണ്‍ഗ്രസ് നേതാക്കളും വന്നിരുന്നു. കൂടാതെ കപില്‍ സിബല്‍, അശ്വിനി കുമാര്‍ തുടങ്ങിയവരുടെ സുഹൃത്തുമാണ് ഈ ഉദ്യോഗസ്ഥന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്.

മോദി അധികാരത്തില്‍ വന്ന ശേഷം പി.എം.ഓയില്‍ വന്‍ അഴിച്ചുപണി നടത്തുകയും തുടര്‍ന്ന് നിര്‍ണയാക സ്ഥാനങ്ങളില്‍ ചിലത് ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വിരമിച്ച ഏഴുപേരെ പി.എം.ഒയില്‍ പുന:നിയമിക്കുകയും ചെയ്തു എന്നാണ്. തന്റെ ബന്ധു മോദി ഭക്തന്‍ അല്ലായിരുന്നു എന്നും പറഞ്ഞ ശേഷമാണ് മോദി വാഴ്ത്തുകള്‍ തുടങ്ങുന്നത്.ടൈംസ് ഓഫ് ഇന്ത്യയില്‍ ബ്ലോഗ്‌ ആയിപ്പോലും ഇത് പ്രത്യക്ഷപ്പെട്ടു (https://goo.gl/HNTVpa
). എന്നാല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ച ഈ കത്തിലെ വിവരങ്ങള്‍ വ്യാജമാണെന്നാണ് ആള്‍ട്ട്‌ന്യൂസ് കണ്ടെത്തിയിരിക്കുന്നത്. അവരുടെ കണ്ടെത്തലുകളിലേക്ക്:

സര്‍ക്കാര്‍ സര്‍വീസിലുള്ള ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സാധാരണ വിരമിക്കല്‍ പ്രായം 60 വയസാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ കത്ത് പുറത്തു വരുന്ന സമയത്ത് അദ്ദേഹത്തിന് 62 വയസായിട്ടുണ്ടാവും. 44 വര്‍ഷത്തെ സര്‍വീസ് ഉണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥന്‍ 18 വയസില്‍ ജോലിയില്‍ കയറിയിരിക്കണം. എന്നാല്‍ ഇത് പരിശോധിക്കുകയാണെങ്കില്‍ മനസിലാവും, 22 വയസില്‍ താഴെയുള്ള ആരും തന്നെ ഐ.എ.എസ്, ഐ.പി.എസ് നേടിയിട്ടില്ല എന്ന്.

ഇനി അദ്ദേഹത്തിന് മൂന്നോ നാലോ വര്‍ഷം സര്‍വീസ് നീട്ടിക്കിട്ടിയിട്ടുണ്ടെങ്കില്‍ പോലും 44 വര്‍ഷത്തെ സര്‍വീസ് ഉണ്ടാവാന്‍ സാധ്യതയില്ല. മാത്രമല്ല, ചെറുപ്രായത്തില്‍ ഐ.എ.എസ്, ഐ.പി.എസ് നേടിയ ആരും പി.എം.ഓയില്‍ ജോലി ചെയ്യുന്നുമില്ല. ഇതിനൊപ്പം, യു.പി.എസ്.സി പരീക്ഷയ്ക്കിരിക്കാനുള്ള കുറഞ്ഞ പ്രായപരിധി തന്നെ 21 വയസാണ്. അപ്പോള്‍ 18 വയസില്‍ ഐ.എ.എസ് പാസായ ആ ബന്ധു ആരാണ്?

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ അവിടെ ജോലി ചെയ്യുന്നവരുടെ വിവരങ്ങളുണ്ട്. അതില്‍ വിരമിച്ച മൂന്ന് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ- നൃപേന്ദ്ര മിശ്ര, അജിത് ഡോവല്‍, പി.കെ മിശ്ര എന്നിവര്‍. ഇവരാരും 2014-ലോ അതിനടുത്തെങ്ങുമോ വിരമിച്ചവരല്ല. നൃപേന്ദ്ര മിശ്രയക്ക് 71 വയസും ഡോവലിന് 72 വയസും പി.കെ മിശ്രയ്ക്ക് 67 വയസുമാണ് പ്രായം.

അപ്പോള്‍ മോദി തുടര്‍ച്ചയായി 36 മണിക്കൂര്‍ ഉറങ്ങാതെ സന്ദര്‍ശകരെ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുവെന്നും മികച്ച ഇന്ത്യക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്തുവെന്നും പറയുന്ന മനീഷ് മല്‍ഹോത്രയുടെ ബന്ധുവായ ആ ഉദ്യോഗസ്ഥന്‍ എവിടെ എന്നും ആള്‍ട്ട്‌ന്യൂസ് ചോദിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്: Altnews

Next Story

Related Stories