UPDATES

ട്രെന്‍ഡിങ്ങ്

ഇതാണ് ഞങ്ങള്‍ പാകിസ്താനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; നന്ദി മോദി, നന്ദി: മണിശങ്കര്‍ അയ്യര്‍

പൊതുവേദികളില്‍ പ്രധാനമന്ത്രി ഇത്തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. ഞാന്‍ സ്വയം വിചാരിച്ചാല്‍ മൂന്ന് ജന്മം കൊണ്ട് പോലും എനിക്ക് ഉണ്ടാക്കാന്‍ കഴിയാത്ത അത്ര പ്രചാരവും പ്രശസ്തിയുമാണ് അദ്ദേഹം ഉണ്ടാക്കിത്തന്നിരിക്കുന്നത്. നന്ദി, പ്രധാനമന്ത്രി.

ബിജെപി വക്താക്കളും നേതാക്കളും ടിവി ചര്‍ച്ചകളിലും പൊതുസമ്മേളനങ്ങളിലും പറയുന്നത് പാകിസ്ഥാനി സുഹൃത്തിനെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതിന് മുമ്പ് ഞാന്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങണമായിരുന്നു എന്നാണ്. അത്താഴവിരുന്ന് നടത്താനും സുഹൃത്തിനെ ക്ഷണിക്കാനും ഞാനെന്തിനാണ് സര്‍ക്കാരിന്റേയും നാട്ടുകാരുടേയും സമ്മതം വാങ്ങുന്നത്. എന്റെ സുഹൃത്ത് പാകിസ്ഥാന്‍ കാരനാണ് എന്നതിന് എന്താണ് പ്രത്യേകത – മോദി സര്‍ക്കാരിനോട് ചോദിക്കുന്നത് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാണ്. എന്‍ഡിടിവി വെബ്‌സൈറ്റിലെ ഒപ്പീനിയന്‍ കോളത്തില്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അട്ടമറി നടത്തി അധികാരം പിടിക്കാനും ഒരു ഗുജറാത്തി മുസ്ലീമിനെ (അഹമ്മദ് പട്ടേല്‍) മുഖ്യമന്ത്രിയാക്കാനുമുള്ള ഗൂഢാലോചനയാണ് അത്താഴവിരുന്നില്‍ നടന്നത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയിലെ മുസ്ലീങ്ങളെ പാകിസ്ഥാന്‍കാരായി ചിത്രീകരിച്ചും സമൂഹത്തില്‍ വെറുപ്പും ധ്രുവീകരണവും ശക്തമാക്കിയും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കളികളാണ് നടത്തുന്നത്.

ഖുര്‍ഷിദ് കസൂരിയുമായി എനിക്കുള്ള പരിചയവും സൗഹൃദവും എന്റെ 24-ാം വയസില്‍ ഞങ്ങള്‍ കേംബ്രിഡ്ജില്‍ വിദ്യാര്‍ത്ഥികളായിരിക്കെ തുടങ്ങുന്നതാണ് – 56 വര്‍ഷം മുമ്പ്. ഈ പരിചയം ഞങ്ങള്‍ പുതുക്കുന്നത് 1978ലാണ്. അന്നത്തെ ജനത സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയും പിന്നീട് ബിജെപിയുടെ സ്ഥാപക പ്രസിഡന്റുമായ അടല്‍ ബിഹാരി വാജ്‌പേയി ആണ് എന്നെ പാകിസ്ഥാനിലെ ആദ്യ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി കറാച്ചിയില്‍ നിയമിക്കുന്നത്. അദ്ദേഹം എന്നെ പാകിസ്ഥാനിലേയ്ക്ക് അയച്ചത് പാകിസ്ഥാന്‍കാര്‍ക്ക് നേരെ ഛര്‍ദ്ദിക്കാനായിരുന്നോ. പ്രധാനമന്ത്രി പദവിക്ക് യോഗ്യനായിരുന്ന വാജ്‌പേയി പാര്‍ലമെന്റില്‍ ഞാന്‍ പാകിസ്ഥാനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എല്ലാം അത് കേള്‍ക്കാന്‍ വാജ്‌പേയി സീറ്റിലുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രിയെ പോലെ പാകിസ്ഥാനെക്കുറിച്ച് അദ്ദേഹത്തിന് വിഭ്രാന്തികളൊന്നും ഉണ്ടായിരുന്നില്ല. ജനാധിപത്യവാദിയായ വാജ്‌പേയിയ്ക്ക് പല തലങ്ങളിലും പാകിസ്ഥാന്റെ കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു.

അബു ദാബിയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന ഹമീദ് അന്‍സാരിയുടെ വീട്ടില്‍ നിന്നാണ് 1978ല്‍ ഞാന്‍ ഇസ്ലാമബാദിലേയ്ക്ക് പോയത്. ബുദ്ധിമാനായ നയതന്ത്രജ്ഞനായിരുന്ന ഹമീദ് അന്‍സാരിയുമായി നേരത്തെ ബ്രസല്‍സില്‍ കുറച്ചുകാലം ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ടായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ (ഐഎഫ്എസ്) എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. ഞാന്‍ പെട്രോളിയം മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ ഞാന്‍ ഓയില്‍ ഡിപ്ലോമസി കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. 2007 മുതല്‍ 2017 വരെ അദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. പാകിസ്ഥാനെക്കുറിച്ചും അതിന്റെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചും മനസിലാക്കുന്നതിന് അദ്ദേഹം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കല്‍ കറാച്ചിയിലുണ്ട്. ഒരു യുവ മാധ്യമപ്രവര്‍ത്തകനെ അന്ന് ഞാന്‍ കറാച്ചിയിലെ ആ വീട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. അദ്ദേഹം ഇന്ന് മോദി സര്‍ക്കാരിലെ മന്ത്രിയാണ്.

മണി ശങ്കര്‍ അയ്യര്‍ എന്ന മിടുക്കന്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ സമയമായി

ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച്, ഞാന്‍ ഖുര്‍ഷിദ് കസൂരിയുമായി ഫോണില്‍ സംസാരിച്ചു. പഴയ കേംബ്രിഡ്ജ് കാലം ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. എന്നെ പാകിസ്ഥാനിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ഖുര്‍ഷിദിന്റെ വാക്കുകളില്‍ സന്തോഷം നിറഞ്ഞിരുന്നു. ലാഹോറില്‍ വന്ന് തന്നെ കണ്ട ശേഷമേ കറാച്ചിയിലേയ്ക്ക് പോകാവൂ എന്ന് ഖുര്‍ഷിദ് സ്‌നേഹപൂര്‍വം ക്ഷണിച്ചു. ലാഹോര്‍ ഞാന്‍ ജനിച്ച നഗരമാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ഖുര്‍ഷിദ് എന്നെ നേരെ കൊണ്ടുപോയത് ലക്ഷ്്മി മാന്‍ഷന്‍സിലെ 44ാം നമ്പറുള്ള എന്റെ പഴയ വീട്ടിലേയ്ക്കാണ്. ബീഡന്‍ റോഡും ഹാള്‍ റഡും മാളും ചേരുന്നയിടം.

അന്നത്തെ ഹൈക്കമ്മീഷണര്‍ കത്യായനി ശങ്കര്‍ ബാജ്‌പേയി എന്നെപ്പോലെ പാകിസ്ഥാനോട് മൃദു സമീപനമുണ്ടായിരുന്ന വ്യക്തിയല്ല. കാല്‍പ്പനികതയോ വൈകാരികതയോ പാകിസ്ഥാന്റെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതേസമയം ബാരിസ്റ്റര്‍ ഖുര്‍ഷിദ് കസൂരിയുമായി അദ്ദേഹം ദിവസേന ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കാരണം അക്കാലത്ത് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വിചാരണ ലാഹോര്‍ ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കേസിന്റേയും വിചാരണയുടേയും വിവരങ്ങള്‍ അറിയനാണ് ഖുര്‍ഷിദുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഖുര്‍ഷിദിനെ അത്ര വിശ്വാസമായിരുന്നു ഹൈക്കമ്മീഷണര്‍ കെഎസ് ബാജ്‌പേയിക്ക്. ഇപ്പോള്‍ 90 വയസിനടുത്ത് പ്രായമുള്ള കെഎസ് ബാജ്‌പേയിയും എന്റെ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. 2003ല്‍ ഖുര്‍ഷിദ് കസൂരിയെ, മുഷറഫ് മന്ത്രിയാക്കി. കാശ്മീര്‍ പ്രശ്‌നത്തിലെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാക്കുന്നതില്‍ കസൂരി വഹിച്ച പങ്കിനെ അവഗണിക്കാനാവില്ല. മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ് ഈ ചര്‍ച്ചകളില്‍ വലിയ പങ്ക് വഹിച്ചയാളാണ്. അദ്ദേഹം ഇസ്ലാമബാദില്‍ എന്റെ മേലുദ്യോഗസ്ഥനായിരുന്നു. അത് മാത്രമല്ല മൊറാദാബാദിലെ കലാപ സമയത്ത് (ഈദ് ദിവസം) പാക് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് എനിക്ക് മറക്കാനാകില്ല – ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അപമാനിതനാവുകയും ഒരു മനുഷ്യനെന്ന നിലയില്‍ വളരെ ചെറുതാവുകയും ചെയ്തിരിക്കുന്നു എന്ന് നട്‌വര്‍ സിംഗ് പറഞ്ഞു.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

അപ്പോള്‍ പറഞ്ഞുവന്നത് ഖുര്‍ഷിദ് എന്നെ ലക്ഷ്മി മാന്‍ഷന്‍സിലേയ്ക്ക് കൊണ്ടുപോയി. വിഭജനത്തിന് മുമ്പ് എന്റെ കുടുംബം താമസിച്ചിരുന്ന വീടാണിത്. ഇപ്പോള്‍ ഇവിടെ താമസിക്കുന്നത് ഡോ.മാലികാണ്. അദ്ദേഹം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പലപ്പോഴും ഞാന്‍ ഈ വീട്ടില്‍ പിന്നീട് വന്നിട്ടുണ്ട്. എന്റെ ഭാര്യയോടും മക്കളോടുമൊപ്പം. മോദിക്കറിയാമോ ആ വീടിന്റെ പേര് ഇപ്പോളും ലക്ഷ്മി മാന്‍ഷന്‍സ് എന്ന് തന്നെയാണ്. ഇറാന്‍ – പാകിസ്ഥാന്‍ – ഇന്ത്യ വാതക പൈപ്പ്്് ലൈന്‍ പദ്ധതിയുടെ ചര്‍ച്ചക്കായി ഞാന്‍ പാകിസ്ഥാനിലെത്തിയപ്പോള്‍ ലക്ഷ്മി മാന്‍ഷന്‍സിലെ താമസക്കാര്‍ എനിക്ക് സ്വീകരണം തന്നു. വിഖ്യാത എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്റോയുടെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. എന്റെ അച്ഛന്റേയും അമ്മയുടേയും ഫോട്ടോ വീട്ടില്‍ തൂക്കിയിടാന്‍ ഡോ.മാലിക് ചോദിച്ചു. ഇദ്ദേഹമാണോ എന്റെ ശത്രു.

എന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത മറ്റൊരാള്‍ പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സതീന്ദര്‍ ലംബയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തെ പോലെ പാകിസ്ഥാനെ അറിഞ്ഞ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുണ്ടാകില്ല. മുന്‍ പാക് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനേയും വിദേശകാര്യ സെക്രട്ടറിയായിരുന്ന സല്‍മാന്‍ ഹൈദറിനേയു ഞാന്‍ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ഇരുവരും ഇന്ത്യ – പാക് സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ്. പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരായ ശരത് സബര്‍വാള്‍, ടിസിഎ രാഘവന്‍ എന്നിവരേയും ഞാന്‍ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. മുന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ എംകെ ഭദ്രകുമാര്‍. മധ്യേഷ്യ, പശ്ചിമേഷ്യ, ചൈന തുടങ്ങിയവയുമായി ബന്ധപ്പെട്ട നയതന്ത്ര പ്രശ്‌നങ്ങളില്‍ വിദഗ്ധനാണ് അദ്ദേഹം. ഫോറിന്‍ സര്‍വീസില്‍ നിന്ന വിരമിച്ച ശേഷം ഇന്ത്യയുടെ വിദേശ നയം സംബന്ധിച്ച് ഏറ്റവും ആധികാരികമായി മാധ്യമങ്ങളില്‍ എഴുതുകയും പറയുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. മോദിയുടെ ഭൂത ഗണങ്ങള്‍ക്ക് അദ്ദേഹത്തെ എല്ലാ ദിവസവും നിരീക്ഷിക്കാം.

ഇന്ദിര ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഫോറിന്‍ പോളിസി അഡൈ്വസറായിരുന്ന, പാകിസ്ഥാന്‍ ഡിവിഷന്റെ തലപ്പത്തിരുന്നിട്ടുള്ള, ഐക്യരാഷ്ട്ര സംഘടനയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ പ്രതിനിധീകരിച്ച, മന്‍മോഹന്‍ സിംഗിന്റെ കാലത്ത് പശ്ചിമേഷ്യയില്‍ പ്രത്യേക പ്രതിനിധിയായി നിയോഗിക്കപ്പെട്ട ചിന്മയ ഘേര്‍ഖാന്‍ വിരുന്നിനെത്തിയിരുന്നു. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് അപഹരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്ന കാലത്തോളം നിങ്ങളുമായി ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ചിന്മയ ഘേര്‍ഖാന്‍ പറഞ്ഞു. അദ്ദേഹമാണോ നിങ്ങള്‍ പറയുന്ന ഗൂഢാലോചനക്കാരന്‍. അദ്ദേഹവും ഒരു ഗുജറാത്തിയാണ് മോദിജീ. കരസേന മുന്‍ മേധാവി ജനറല്‍ ദീപക് കപൂര്‍ എന്റെ അത്താഴവിരുന്നിനെത്തിയിരുന്നു. നരേന്ദ്ര ഭായ് മോദിയെ അട്ടിമറിക്കാനുള്ള രഹസ്യ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരിക്കും അദ്ദേഹം വന്നത് അല്ലേ. ഇത്തരം വൃത്തികെട്ട ആരോപണങ്ങളെ എന്ത് വാക്ക് ഉപയോഗിച്ച് നേരിടണം എന്ന് എനിക്ക് അറിയില്ല.

ഞങ്ങള്‍ സുഹൃത്തുക്കളും ഇന്ത്യ – പാക് ബന്ധങ്ങളെ ദീര്‍ഘകാലമായി വിശകലനം ചെയ്യുകയും മനസിലാക്കുകയും ചെയ്തവരുമാണ്. ഞങ്ങള്‍ രഹസ്യങ്ങളില്ല. മറച്ചുവയ്ക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല അവിടെ. മോദിയുടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് പ്രാപ്യമായ സ്ഥലവുമായിരുന്നു അത്. ഇന്ത്യയുടെ ഏറ്റവും നല്ല പാക് സുഹൃത്തുക്കളില്‍ ഒരാളാണ് ഖുര്‍ഷിദ് കസൂരി. അദ്ദേഹത്തിന് ഇനിയൊരിക്കലും പാകിസ്ഥാന്റെ ഔദ്യോഗികവൃത്തങ്ങളിലെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാംപൂര്‍ കുടുംബവുമായി ഖുര്‍ഷിദ് കസൂരിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ആ കുടുംബത്തിലെ വിവാഹ ചടങ്ങിന്റെ തീയതി ഗുജറാത്ത് തിരഞ്ഞെടുപ്പൊന്നും കാര്യമാക്കാതെ നിശ്ചയിച്ചുപോയി.

മോദിയെ തിരുത്തി മുന്‍ കരസേന മേധാവി ദീപക് കപൂര്‍; മണിശങ്കര്‍ അയ്യരുടെ വസതിയിലെ അത്താഴവിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിട്ടില്ല

ഞാന്‍ ഒരു മാസം മുമ്പ് പാക് സുഹൃത്തുക്കള്‍ക്ക് ഇ മെയില്‍ വഴിയും മൊബൈല്‍ വഴിയും ക്ഷണക്കത്ത് അയച്ചു. ഇതെല്ലാം ടാപ്പ് ചെയ്യപ്പെട്ടു എന്ന കാര്യത്തില്‍ സംശയമില്ല. ഭക്ഷണം കഴിച്ചും സംസാരിച്ചും ഞങ്ങള്‍ മൂന്ന് മണിക്കൂര്‍ ഒരുമിച്ച് ചിലവഴിച്ചു. പാകിസ്ഥാനിലെ ബിരിയാണിയും നിഹാരിയും പോലെ തന്നെ രുചിയുള്ളതാണ് ഇന്ത്യയിലേതെന്ന് എന്റെ ഭാര്യ തെളിയിച്ചു. ചില ബിജെപി വക്താക്കള്‍ മൂന്ന് മണിക്കൂര്‍ എന്നത് പുലര്‍ച്ചെ മൂന്ന് മണി വരെ എന്നൊക്കെയാണ് വിചാരിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെ ഇരുന്ന് ഞ്ങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ഞങ്ങള്‍ ഗുജറാത്തിനെക്കുറിച്ച് സംസാരിച്ചില്ല. പാകിസ്ഥാനെക്കുറിച്ചാണ് സംസാരിച്ചത്.

പൊതുവേദികളില്‍ പ്രധാനമന്ത്രി ഇത്തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. മുന്‍ പ്രധാനമന്ത്രി (മന്‍മോഹന്‍ സിംഗ്), മുന്‍ ഉപരാഷ്ട്രപതി, മുന്‍ വിദേശകാര്യ മന്ത്രി, മുന്‍ വിദേശകാര്യ സെക്രട്ടറി, മുന്‍ കരസേന മേധാവി തുടങ്ങിയവരും മുന്‍ നയതന്ത്ര പ്രതിനിധികളും ഒക്കെയാണ് വിരുന്നില്‍ പങ്കെടുത്തത്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ പൗരാവകാശങ്ങളും എതിരഭിപ്രായം പറയാനുള്ള അവകാശവും വ്യക്തികളുടെ സ്വകാര്യതയുമെല്ലാം എവിടെയാണ്. ഈ രാജ്യം ഒരു പൊലീസ് സ്‌റ്റേറ്റ് ആയി മാറുകയാണോ.

മോദി എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്റെ പാര്‍ട്ടിയും എന്നെ അവിശ്വസിക്കുന്നു. 25 വര്‍ഷത്തിലധികം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ള നേതാക്കളില്‍ എന്നെ മാത്രമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയയ്ക്കാതിരുന്നത്. എന്റെ രാജ്യസഭാ കാലത്തിന്റെ അവസാന സമയത്ത് ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അദ്ദേഹം അതിന് മറുപടി പറയാതെ ഞാന്‍ ആര്‍ക്കും വേണ്ടാത്തവനായി, ഓര്‍മ്മിക്കപ്പെടാതെ അവഗണിക്കപ്പെട്ടവനായി മാറുമെന്ന് പറയുകയാണ് ചെയ്തത്. എന്റെ വിധിയും അത് തന്നെ ആയിരുന്നിരിക്കണം. എന്നാല്‍ നരേന്ദ്ര ഭായ് മോദി അത് മാറ്റിത്തന്നു. ഞാന്‍ സ്വയം വിചാരിച്ചാല്‍ മൂന്ന് ജന്മം കൊണ്ട് പോലും എനിക്ക് ഉണ്ടാക്കാന്‍ കഴിയാത്ത അത്ര പ്രചാരവും പ്രശസ്തിയുമാണ് അദ്ദേഹം ഉണ്ടാക്കിത്തന്നിരിക്കുന്നത്.

നന്ദി, പ്രധാനമന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍