സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും പരാജയം എണ്ണിപ്പറഞ്ഞ് മൻമോഹന്‍ സിങ്: നോട്ടുനിരോധനം വൻ പരാജയം; മേക്ക് ഇൻ ഇന്ത്യ അർത്ഥവത്തായില്ല

മേക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്നീ പദ്ധതികൾ വ്യാവസായിക ഉൽപാദനത്തിൽ വളർച്ചയുണ്ടാക്കാൻ പാകത്തിൽ അർത്ഥവത്തായി മാറുകയുണ്ടായില്ല.

മോദി സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും പരാജയം എണ്ണിപ്പറഞ്ഞ് മുൻ‍ പ്രധാനമന്ത്രിയും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ രൂക്ഷ വിമർശനം. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ബിജെപി സര്‍ക്കാരിനെതിരെയുള്ള ശക്തമായ കുറ്റപത്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തൊഴിൽ സൃഷ്ടിക്കപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ടു വെക്കുന്ന കണക്കുകൾ വ്യാജമാണെന്ന സൂചനയും മൻമോഹൻ സിങ് നൽകി. മോദിയുടെ സര്‍ക്കാർ നൽകുന്ന കണക്കുകൾ ചോദ്യം ചെയ്യത്തക്കതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തൊഴിലവസരങ്ങളുടെ കാര്യത്തിലുള്ള കണക്കുകൾ പൊതുജനത്തെ തൃപ്തിപ്പെടുത്താൻ പോന്നവയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബില്യൺകണക്കിന് ഡോളറിന്റെ കള്ളപ്പണം വിദേശത്തു നിന്നും തിരിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത മോദി സർക്കാർ അതിനു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന് സിങ് പറഞ്ഞു.

ജിഎസ്‌ടി ഏറ്റവും മോശമായാണ് സർക്കാർ നടപ്പിലാക്കിയതെന്നും മൻമോഹൻസിങ് ചൂണ്ടിക്കാട്ടി. മേക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്നീ പദ്ധതികൾ വ്യാവസായിക ഉൽപാദനത്തിൽ വളർച്ചയുണ്ടാക്കാൻ പാകത്തിൽ അർത്ഥവത്തായി മാറുകയുണ്ടായില്ല. ചെറുതും ഇടത്തരവുമായ വ്യാപാരങ്ങൾക്ക് ഇപ്പോഴും ബിസിനസ് നടത്താൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു.

അയൽപ്പക്ക ബന്ധങ്ങൾ 2014നു ശേഷം വളരെ മോശമായ കാര്യവും മൻമോഹൻ സിങ് തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പരിവർത്തിപ്പിക്കുന്നതിനായി ശാസ്ത്രത്തെയും സാങ്കേതികതയെയും ക്രിയാത്മകമായി ഉപയോഗിക്കുന്നതിൽ മോദി സർക്കാർ അമ്പെ പരാജയപ്പെട്ടു. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാക്കി. നമ്മുടെ സർവ്വകലാശാലകളുടെ പഠനാന്തരീക്ഷം നശിപ്പിക്കപ്പെട്ടു. ഇതെല്ലാം മോദി സർക്കാരിനെതിരെയുള്ള ശക്തമായ കുറ്റപത്രമാണെന്നും ഈ വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍