TopTop
Begin typing your search above and press return to search.

'ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍': നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍: നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

നോട്ട് നിരോധനവും ജി എസ് ടി നടപ്പിലാക്കലിലെ പിഴവുകളും ഉള്‍പ്പെടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തികവിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ ഏഴിന് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

'ഇന്ത്യയുടെ എക്കാലത്തേയും അനന്യസാധാരണ പുത്രന്മാരായ മഹാത്മ ഗാന്ധിയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും സംഭാവന ചെയ്ത ഗുജറാത്തിലേക്ക് മടങ്ങിയെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. വാണിജ്യത്തിന്റെയും സംരഭകത്വത്തിന്റെയും പേരില്‍ ലോകത്തെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച നിങ്ങളോടൊപ്പം ഉണ്ടാവുന്നതിലും എനിക്ക് സന്തോഷമുണ്ട്. എന്റെ മക്കളില്‍ ഒരാള്‍ക്ക് ആനന്ദിലെ ഐആര്‍എംഎയില്‍ നിന്നും ബിരുദം ലഭിച്ച സംസ്ഥാനത്ത് എത്തിയതിലും എനിക്ക് സന്തോഷമുണ്ട്.

പക്ഷെ ഹൃദയഭാരത്തോടെയാണ് എനിക്ക് സംസാരിക്കേണ്ടി വരുന്നതെന്നും ഞാന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. നോട്ട് നിരോധനം മൂലം കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ട നൂറിലേറെ പേരുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടാണ് എന്റെ അഭിസംബോധന ആരംഭിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മേല്‍ നോട്ട് നിരോധനം എന്ന വിനാശകരമായ നയം അടിച്ചേല്‍പ്പിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. നവംബര്‍ എട്ട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേയും തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിലേയും ഒരു 'കറുത്ത ദിനമായിരുന്നു,' എന്ന് അങ്ങേയറ്റം വേദനയോടെയും ആഴത്തിലുള്ള ഉത്തരവാദിത്വബോധത്തോടെയും ഞാന്‍ പറയാന്‍ നിര്‍ബന്ധിതനാവുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നില്‍ ഉളവാക്കിയ ഞെട്ടലും ഇത്തരത്തില്‍ വീണ്ടുവിചാരമില്ലാത്ത ഒരു നടപടി നമ്മുടെ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആരാണ് അദ്ദേഹത്തിന് ഉപദേശം നല്‍കിയതെന്നും ഈ നടപടിയില്‍ എന്തെങ്കിലും തരത്തിലുള്ള പരിഗണനാര്‍ഹമായ ആലോചന അടങ്ങിയിട്ടോ എന്നും ഞാന്‍ അത്ഭുതപ്പെട്ടതും ഇപ്പോഴും ഓര്‍ക്കുന്നു.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, സഹപൗരന്മാരെ, രാജ്യം നിയന്ത്രിക്കേണ്ട ഭീഷണികളാണ് കള്ളപ്പണവും നികുതിവെട്ടിപ്പും. പക്ഷെ, അവ നിയന്ത്രിക്കുന്നതിന് നോട്ട് നിരോധനം ഒരു പരിഹാരമല്ല തന്നെ. കള്ളപ്പണം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി അത് മുമ്പും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ എന്ന നിലയില്‍, ഞങ്ങളുടെ കാര്യകാരണ സഹിതമുള്ള അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ അത്തരത്തില്‍ വിനാശകരമായ ഒരു നടപടി സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. നോട്ട് നിരോധനത്തിന് ഉണ്ടാകുന്ന ചിലവ് അതുണ്ടാക്കുന്ന നേട്ടങ്ങളെക്കാള്‍ പതിന്മടങ്ങാണ്. ഒരു ഒറ്റ ആക്രമണത്തിലൂടെ നിയമപരമായി വിനിമയം നടത്തിയിരുന്ന 86 ശതമാനം നോട്ടുകള്‍ പിന്‍വലിക്കുന്ന തരത്തില്‍ ബലാല്‍ക്കാരമായ ഒരു നീക്കം ലോകത്ത് ഒരു ജനാധിപത്യ സംവിധാനത്തിലും നടപ്പാക്കിയിട്ടില്ല എന്നതും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം അതിലും മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ഇറക്കാന്‍ ആരും ഉപദേശിക്കുമെന്നും തോന്നുന്നില്ല.

കള്ളപ്പണം, ഭീകരവാദികള്‍ക്കുള്ള ധനസഹായം, കള്ളനോട്ടുകള്‍ എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇതിനകം തന്നെ നമുക്ക് വ്യക്തമായിട്ടുണ്ട്. പണരഹിത സമ്പദ് വ്യവസ്ഥ നടപ്പിലാക്കുന്നതില്‍ നോട്ട് നിരോധനം പോലെയുള്ള വിനാശകരമായ നടപടികള്‍ നിഷ്ഫലമാണ്. നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ മടങ്ങിയെത്തി എന്നത് തന്നെ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. സമ്പന്നര്‍ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുമ്പോള്‍, ദരിദ്രര്‍ കഷ്ടപ്പെടുകയാണ് എന്ന റിപ്പോര്‍ട്ടുകളും വ്യാപകമായി വരുന്നുണ്ട്. രാഷ്ട്രീയ ലാഭങ്ങള്‍ നേടിയെടുക്കുന്നതിനുള്ള വീമ്പിളക്കല്‍ മാത്രമായിരുന്നു നോട്ട് നിരോധനം. ഇതിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തു. ഇതൊരു സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

പുതിയ കണക്കുകള്‍ പ്രകാരം മൊത്ത ആഭ്യന്തര ഉല്‍പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതില്‍ നിന്ന് തന്നെ നോട്ട് നിരോധനം സാമ്പത്തികരംഗത്തുണ്ടാക്കിയ ആഘാതം വ്യക്തമാണ്. സംഘടിതമേഖലയിലെ വേദനകളെ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ ജിഡിപി കണക്കുകള്‍ക്ക് സാധിക്കില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത് മൊത്തം വേദനകളെ ഇകഴ്ത്തി കാണുകയുമാണ്. ജിഡിപിയില്‍ പ്രതിവര്‍ഷം ഉണ്ടാവുന്ന ഒരു ശതമാനം കുറവ് പോലും രാജ്യത്തിന് 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കും. ഈ വളര്‍ച്ചാ നഷ്ടം മനുഷ്യന് സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. നഷ്ടപ്പെട്ട തൊഴിലുകള്‍, അവസരങ്ങള്‍ ആവിയായിപ്പോയ യുവാക്കള്‍, അടച്ചുപൂട്ടിയ വ്യവസായങ്ങള്‍, വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന സംരഭകത്വങ്ങള്‍ നിരുത്സാഹകരമായ നിരാശയിലേക്ക് കൂപ്പുകുത്തുന്നു.

ബൃഹത്തായ ഈ മണ്ടത്തരത്തില്‍ നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ല എന്നതാണ് കൂടുതല്‍ പരിതാപകരം. ഞാന്‍ പാലമെന്റില്‍ ആവശ്യപ്പെട്ടതുപോലെ നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മൂലം ഏറ്റവും കൂടുതല്‍ ക്ലേശിച്ച ദരിദ്രരും പ്രാന്തവത്കൃതരും, കര്‍ഷകര്‍, വ്യാപാരികള്‍, ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം പകരുന്നതിന് പകരം, മോശമായി രൂപകല്‍പന ചെയ്യുകയും തിരക്കിട്ട് നടപ്പിലാക്കുകയും ചെയ്ത ചരക്ക്-സേവന നികുതി അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നമ്മുടെ സാമ്പത്തികരംഗത്തിന് പൂര്‍ണമായും വിനാശകരമായിരുന്നു ഈ ഇരട്ടപ്രഹരം. ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യാപാരസ്ഥാപനങ്ങളുടെ നട്ടെല്ല് തന്നെ അത് തകര്‍ത്തുകളഞ്ഞു.

തുണിവ്യവസായത്തിന്റെ ആസ്ഥാനമായ സൂറത്തില്‍ മാത്രം, ജൂലൈയ്ക്ക് ശേഷം 60,000 തറികളാണ് പൂട്ടിപ്പോയത്. 100 തറികള്‍ പൂട്ടുമ്പോള്‍ 35 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് നിരക്കില്‍ കണക്കുകൂട്ടിയാല്‍ സൂറത്തിലെ ഒരു വ്യവസായത്തില്‍ മാത്രം 21,000 തൊഴിലുകള്‍ നഷ്ടപ്പെട്ടതായി കാണാന്‍ സാധിക്കും. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ അവസ്ഥ ഇതുപോലെയോ അല്ലെങ്കില്‍ ഇതിലും മോശമോ ആണ്. നമ്മുടെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരഭകമേഖലകളിലെയും വ്യവസായി സമൂഹങ്ങളുടെയും വിതരണ, വായ്പ ശൃംഖലകളെ തകര്‍ത്തുകൊണ്ട് അവയുടെ ഉല്‍പ്പാദനം മുരടിപ്പിക്കുന്ന തരത്തിലുള്ള ആഘാതമാണ് തീരുമാനം ഏല്‍പ്പിച്ചത്. മോര്‍ബിയിലെ സെറാമിക്‌സ് മേഖലയിലും വാപിയിലെയും രാജ്‌കോട്ടിലെയും വ്യവസായമേഖലയിലും ഉണ്ടാക്കിയ കോട്ടങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടല്ലോ. മൊത്തത്തില്‍ നോക്കുമ്പോള്‍, വര്‍ദ്ധിത ചോദനത്തിനനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ നമ്മുടെ ആഭ്യന്തര മേഖലയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തില്‍ നിന്നും നേട്ടം കൊയ്തത് ചൈനയാണ്.

http://www.azhimukham.com/newsupdate-manmohansingh-slams-demonetisation-in-interview/

2016-17 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 1.96 ലക്ഷം കോടി രൂപയുടേതായിരുന്നു. 2017-18 സാമ്പത്തികവര്‍ഷത്തിലെ ഇതേ കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 2.41 ലക്ഷം കോടി രൂപയ്ക്കുള്ളതായിരുന്നു. മുമ്പില്ലാത്ത വിധത്തില്‍ ഇറക്കുമതിയില്‍ 45,000 കോടി രൂപയ്ക്ക് മുകളില്‍ ഉണ്ടായിട്ടുള്ള ഈ വര്‍ദ്ധന കൂടുതലായും നോട്ട് നിരോധനത്തിന്റെയും ചരക്ക് സേവന നികുതിയുടെയും സംഭാവനയാണ്. ഈ ഇരട്ട പ്രഹരം സൂക്ഷമ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ നടുവൊടിക്കുകയും ഇന്ത്യന്‍ തൊഴില്‍നഷ്ടങ്ങളുടെ ചിലവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലേക്ക് ഇന്ത്യന്‍ വാണിജ്യം കൂടുമാറുകയും ചെയ്തു.

ചെറുകിട, വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരുപോലെ വാണിജ്യം ലളിതവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 18 ശതമാനം എന്ന പരിധിയിലേക്ക് രാജ്യത്താകമാനം ഒറ്റ നികുതി നടപ്പിലാക്കുകാനാണ് യുപിഎ സര്‍ക്കാര്‍ വിഭാവന ചെയ്ത ചരക്ക്-സേവന നികുതി (ജി എസ് ടി) കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ആ കാഴ്ചപ്പാടില്‍ നിന്നുള്ള വലിയ വ്യതിയാനമാണ് ഇപ്പോഴത്തെ ചരക്ക്-സേവന നികുതി. നികുതി പല തട്ടുകളായി തിരിക്കുകയും അധിക സെസിനോടൊപ്പം 28 ശതമാനം വരെ നികുതി വര്‍ദ്ധിക്കുന്നതരത്തിലുള്ള സങ്കീര്‍ണ അവ്യവസ്ഥയായി അത് മാറിയിരിക്കുന്നു. പാര്‍ലമെന്റിലും സ്വകാര്യ ചര്‍ച്ചകളിലും നമ്മള്‍ ഉന്നയിച്ച ആശങ്കകളും ഉപദേശങ്ങളും പരിഗണിക്കാതെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയായിരുന്നു ഇത്. ചെറുകിട വ്യാപാരസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം നികുതി നടപടികള്‍ പാലിക്കുക എന്നത് ഒരു ദുഃസ്വപനമായി മാറിയിരിക്കുന്നു. നോട്ട് നിരോധനം സമ്മാനിച്ച അവ്യവസ്ഥ ആവര്‍ത്തിക്കുന്ന തരത്തില്‍ അവസാനിക്കാത്ത വിജ്ഞാപനങ്ങളും മാറ്റങ്ങളും അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

വ്യവസായ സമൂഹത്തിന് നികുതി ഭീകരതയെ സംബന്ധിച്ച ആഴത്തിലുള്ള ഭീതിയാണ് നോട്ട് നിരോധനത്തോടൊപ്പം ജി എസ് ടിയും വിതച്ചിരിക്കുന്നത്. ആഗോള സ്ഥൂലസാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായി നില്‍ക്കുമ്പോഴും സാമ്പത്തികരംഗത്ത് മാന്ദ്യം നിലനില്‍ക്കുമ്പോഴാണ്, നികുതി ഭീകരത മൂലം നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഒലിച്ചുപോകുന്നത്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ സ്വകാര്യമേഖലയിലെ നിക്ഷേപങ്ങള്‍ കഴിഞ്ഞ 25 വര്‍ഷത്തില്‍ ഏറ്റവും താണ നിരക്കിലാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ സംബന്ധിച്ചിടത്തോളം ഇത് ദാരുണമായ അവസ്ഥയാണ്.

എന്റെ പ്രിയ സുഹൃത്തുക്കളെ, സദ്ഭരണത്തില്‍ തലച്ചോറിന്റെ ഹൃദയത്തിന്റെയും ഇടപെടല്‍ തുല്യമാണ്. ഈ രണ്ട് തലത്തിലും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് പറയേണ്ടി വരുന്നതില്‍ എനിക്ക് ഖേദമുണ്ട്. ലോകം കണ്ട മഹാന്മാരായ രണ്ട് ഗുജറാത്തികളുടെ ഉദാഹരണത്തിലൂടെ ഞാന്‍ ഇത് വിശദീകരിക്കാം. രാജ്യത്തിന്റെ മനസും ഹൃദയവും പ്രതിനിധീകരിക്കുന്ന മഹാത്മ നമുക്കൊരു രക്ഷാകവചം നല്‍കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാവുമ്പോള്‍ താഴെ പറയുന്ന പരീക്ഷണം ചെയ്യുക. നിങ്ങള്‍ കണ്ട് ഏറ്റവും ദരിദ്രനായ പുരുഷന്റെ (സ്ത്രീയുടെ) മുഖം ഓര്‍ക്കുകയും നിങ്ങള്‍ കൈക്കൊള്ളുന്ന നടപടി അദ്ദേഹത്തിന് (അവര്‍ക്ക്) എന്തെങ്കിലും തരത്തില്‍ പ്രയോജനം ചെയ്യുമോ എന്ന് ആലോചിക്കുകയും ചെയ്യുക. അയാള്‍ക്ക് (അവര്‍ക്ക്) അതില്‍ നിന്നും എന്തെങ്കിലും നേട്ടം ഉണ്ടാകുമോ? അയാളുടെ (അവരുടെ) ജീവിതവും വിധിയും നിയന്ത്രിക്കാന്‍ തക്കവണ്ണമുള്ള എന്തെങ്കിലും അയാള്‍ക്ക് (അവര്‍ക്ക്) അത് സംഭാവന ചെയ്യുന്നുണ്ടോ? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വിശപ്പിലും ആത്മീയ ദാരിദ്ര്യത്തിലും ഉഴലുന്ന ദശലക്ഷങ്ങളെ സ്വരാജിലേക്ക് (സ്വാതന്ത്ര്യം) നയിക്കാന്‍ അതിനാവുമോ?'

http://www.azhimukham.com/edit-will-modi-take-back-adanis-5000-crore-black-money-on-demonetisation-one-year/

അടിവരയിട്ട സ്ഥലത്ത് ഒപ്പിടാന്‍ ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ തിരക്കിട്ട് ജി എസ് ടി നടപ്പിലാക്കുമ്പോള്‍ മഹാത്മാവിന്റെ വിവേകം പരിഗണിക്കാന്‍ പ്രധാനമന്ത്രി ഒരു നിമിഷം തയ്യാറായോ? പണത്തിന്റെ ഞെരുക്കം മൂലം വരുമാനം വറ്റിവരണ്ട അസംഘടിതമേഖലയിലെ കഷ്ടപ്പെടുന്നവരില്‍ അതേല്‍പ്പിച്ച ആഘാതത്തെ കുറിച്ച് അദ്ദേഹം ചിന്തിച്ചോ? തൊഴില്‍ നഷ്ടപ്പെടുകയും നിരാശയോടെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടി വരികയും ചെയ്ത ദശലക്ഷക്കണക്കിന് മനുഷ്യരെ കുറിച്ച് അദ്ദേഹം ചിന്തിച്ചോ? മഹാത്മ ഗാന്ധിയുടെ രക്ഷാകവചത്തില്‍ അല്‍പ്പം ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നെങ്കില്‍, ഇപ്പോള്‍ അനുഭവിക്കുന്നത് പോലെ ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.

വിഭജനത്തിന് മുമ്പ് പഞ്ചാബിന്റെ മറുകരയില്‍ വളര്‍ന്നുവരുന്നതിനിടയില്‍ ദാരിദ്ര്യം ഇഴഞ്ഞുകയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ജീവിതകാലത്ത് രാജ്യം മുന്നോട്ട് കാല്‍നീട്ടിവെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പണ്ഡിറ്റ് നെഹ്രുവിന്റെയും പിന്നീട് ശാസ്ത്രിജി മുതല്‍ ഇന്ദിരജിയും രാജീവ്ജിയും നരസിംഹറാവുജിയും ഇട്ട അടിത്തറയില്‍ നിന്നുകൊണ്ടാണ് ആ നിര്‍മ്മാണങ്ങള്‍ നടന്നത്. ഞാന്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ 140 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ലോകത്തെ ഒരു ജനാധിപത്യസംവിധാനത്തിനും കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണിത്. എന്നിരിക്കിലും രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ ഭേദ്യാവസ്ഥയിലാണ് എന്ന് മാത്രമല്ല, ഒരു ഒറ്റപ്രഹരത്തിലൂടെ അവരെ വീണ്ടും ദാരിദ്രത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുകയും ചെയ്യും. ജനലക്ഷങ്ങളെ കഠിനമായ കഷ്ടതകളിലേക്ക് തിരികെ തള്ളിയിട്ട ഇരട്ട പ്രഹരമായിരുന്നു നോട്ട് നിരോധനവും ജി എസ് ടി നടപ്പിലാക്കലും. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുരക്ഷിത സാമൂഹിക ശൃംഘലയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു.

http://www.azhimukham.com/trending-four-lessons-to-the-other-nations-to-study-from-modi-governments-foolishness/

നമുക്ക് പ്രചോദനമായി തീര്‍ന്ന മറ്റൊരു മഹാനായ ഗുജറാത്തി സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലാണ്. നിരാശരായ 565 നാട്ടുരാജ്യങ്ങളില്‍ നിന്നും ഒരു മഹത്തായ രാജ്യമായി ഇന്ത്യയെ ഏകോപിപ്പിച്ചതിന് പിന്നിലെ ശക്തിയായിരുന്നു അദ്ദേഹം. 'ഒരു ദേശം, ഒരു നികുതി' എന്ന സംരംഭം ഏറ്റെടുത്തപ്പോള്‍, സര്‍ദാര്‍ പട്ടേലിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ശ്രദ്ധയുടെയും വിശദാംശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിരുന്നെങ്കില്‍ അതിന്റെ അനന്തരഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു. ദൃഢവിശ്വാസത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ധൈര്യത്തിനും കാര്യങ്ങള്‍ നന്നായി നടപ്പിലാക്കാനുള്ള കഴിവിനും പകരംനില്‍ക്കാന്‍ വീമ്പുപറച്ചിലിനും നാടകീയതയ്ക്കും സാധിക്കില്ല.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവ കരാര്‍ പാസാക്കുമ്പോള്‍, ഇന്ത്യയ്ക്ക് നേരെയുള്ള ആണവ വിവേചനം അവസാനിപ്പിക്കാനും എല്ലാ ഇന്ത്യക്കാര്‍ക്കും ഊര്‍ജ്ജ സുരക്ഷ പ്രദാനം ചെയ്യാനുമുള്ള ഞങ്ങളുടെ ഉദ്യമങ്ങള്‍ക്ക് പണ്ഡിറ്റ് നെഹ്രു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിര ഗാന്ധി എന്നിവരുടെ ബുദ്ധിയുടേയും ആദര്‍ശത്തിന്റെയും മാര്‍ഗദര്‍ശിത്വമുണ്ടായിരുന്നു. ഞങ്ങളുടെ തത്വങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനിന്നതിനാല്‍, ബിജെപി എതിര്‍ത്തതിനെ തുടര്‍ന്ന് ആ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് അപകടത്തിലാക്കേണ്ടി വന്നു. നമുക്കനുകൂലമായ രീതിയില്‍ ആണവ ഭരണക്രമത്തിലെ നിയമങ്ങള്‍ മാറ്റാന്‍ ലോകത്തെ ഞങ്ങള്‍ നിര്‍ബന്ധിതരാക്കി. അതുകൊണ്ടാണ് ആണവ കരാറിന്റെ വിഷയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ പൂര്‍ണമായും പിന്തുണച്ചത്. ഇന്ന് നോട്ട് നിരോധനം നടപ്പിലാക്കി ഒരു വര്‍ഷത്തിന് ശേഷം, സര്‍ക്കാര്‍ തങ്ങളെ ദുര്‍നടപ്പിന് കൂട്ടക്കൊണ്ടുപോയി എന്നാണ് രാജ്യത്തെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. അവരുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന്.

ഹൃദയത്തിന്റെയും തലച്ചോറിന്റെയും പരാജയത്തിന്റെ മറ്റൊരു ഉദാഹരണം ഇവിടെ അഹമ്മദാബാദില്‍ തന്നെയുണ്ട്. വലിയ ആരാധകവൃന്ദത്തിന്റെ അകമ്പടിയോടെ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരു ദുരഭിമാന വ്യായമമാണെന്ന് മാത്രമല്ല, 6.5 കോടി ഗുജറാത്തികള്‍ക്കോ രാജ്യത്തിനോ ഒരു നേട്ടവും അത് സംഭാവന ചെയ്യുകയുമില്ല. 88,000 കോടിയുടെ 'മൃദു വായ്പ' അദ്ധ്വാനിക്കാതെ ലഭിക്കുന്ന പണമാണെന്ന് തോന്നാമെങ്കിലും അത് ജപ്പാന്‍കാര്‍ക്ക് മടക്കിക്കൊടുക്കേണ്ടിയിരിക്കുന്നു. സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ഇടപാട്, ഇടപാടെ അല്ലെന്ന് ഗുജറാത്തി സംരംഭകര്‍ക്ക് വ്യക്തമായി അറിയാം.

നിലവിലുള്ള റയില്‍വേ ശൃംഖല ക്ഷീണമായിരിക്കുന്ന അവസ്ഥയില്‍, സുരക്ഷയും വേഗവും വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ധനനിക്ഷേപം അത്യന്താപേക്ഷിതമാണെന്നിരിക്കെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രത്യേക പശ്ചാത്തല സൗകര്യം നിര്‍മ്മിക്കേണ്ടി വരുന്നത്. പാളം തെറ്റല്‍ മൂലം ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഈ വര്‍ഷമായിട്ടുപോലും സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ അനുചിത മേഖലകളിലേക്ക് മാറുകയാണ്. നിലവിലുള്ള ബ്രോഡ്‌ഗേജ് സംവിധാനത്തിന്റെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് ഇന്ത്യയില്‍ അതിവേഗ റയില്‍വേ ആവിഷ്‌കരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് പ്രധാനമന്ത്രി ആലോചിച്ചിട്ടുണ്ട്? ബുള്ളറ്റ് ട്രെയിനിന് പകരം സമര്‍പ്പിത ചരക്ക് ഇടനാഴിക്കായി ധനസഹായം നല്‍കാനാണ് യുപിഎ ജപ്പാന്‍കാരോട് അഭ്യര്‍ത്ഥിച്ചത്. 2005ല്‍ ഇതിനുവേണ്ടിയുള്ള കരാറില്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഗതാഗത സാങ്കേതികവിദ്യ കാലാനുസൃതമാക്കിക്കൊണ്ടും, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടും ഗതാഗത ചിലവുകള്‍ കുറച്ചുകൊണ്ടും ഈ പദ്ധതി സാമ്പത്തികരംഗത്ത് ഗുണിതഫലങ്ങള്‍ സംഭാവന ചെയ്യുമായിരുന്നു.

http://www.azhimukham.com/india-demonetisation-one-year-by-modi/

പ്രിയ സുഹൃത്തുകളെ, സര്‍ക്കാരിലെ സുതാര്യതയുടെ അഭാവത്തെയും നയങ്ങളുടെ ഭദ്രതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കോടിക്കണക്കിന് പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം കറുപ്പിന്റെയും വെളുപ്പിന്റെയും ദ്വന്ദ്വങ്ങളിലേക്ക് ചുരുക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നു. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട്, ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തികേന്ദ്രമായി കോണ്‍ഗ്രസ് പാര്‍ട്ടി വളര്‍ത്തിയെടുത്തു. രാജ്യ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കപ്പെടുന്നുവെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നും ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്. ബുള്ളറ്റ് ട്രെയിനെ ചോദ്യം ചെയ്യുമ്പോള്‍ ഒരാള്‍ വികസന വിരുദ്ധനാകുമോ? നോട്ട് നിരോധനത്തിനെ അല്ലെങ്കില്‍ ജി എസ് ടിയെ ചോദ്യം ചെയ്യുന്ന എല്ലാവരും നികുതി വെട്ടിപ്പുകാരാവുമോ? മൊത്തം ആഭ്യന്തര ഉല്‍പ്പാദന നിരക്കിലെ കുറവിനെ ചോദ്യം ചെയ്യുന്നവര്‍ ദേശവിരുദ്ധരാവുമോ? എല്ലാരും കള്ളന്മാരാണ് അല്ലെങ്കില്‍ ദേശവിരുദ്ധരാണ് എന്ന് സംശയിക്കുന്ന ഈ മനോഭാവം, ഈ തരംതാണ വാചകമടി, ജനാധിപത്യ സംവാദങ്ങളെ ദുര്‍ബലപ്പെടത്തുന്നു എന്ന് മാത്രമല്ല, പൗരന്മാരെന്ന നിലയില്‍ നമ്മള്‍ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്ന വിഷയത്തില്‍ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു. ഉന്നതവീഥികളെയായിരിക്കണം രാഷ്ട്രീയ നേതാക്കള്‍ ആശ്ലേഷിക്കേണ്ടത്.

എല്ലാ സര്‍ക്കാരുകളും ഭൂതകാലത്തിന്റെ അടിത്തറയില്‍ നിര്‍മ്മിക്കപ്പെടുകയും കേന്ദ്രത്തിന്റെ പരിശ്രമങ്ങളില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. പണ്ഡിറ്റ് നെഹ്രുവാണ് സര്‍ദ്ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനം നടത്തിയത്. വിവധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. നമ്മുടെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായ വര്‍ഷം, നര്‍മ്മദയുടെ പ്രധാന കനാലിലേക്ക് ജലം കുതിച്ചൊഴുകി. പദ്ധതിക്ക് ധനസഹായം നല്‍കുന്നതില്‍ നിന്നും ലോകബാങ്ക് പിന്‍വലിഞ്ഞപ്പോള്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്നും ധനസഹായം ലഭ്യമാക്കാന്‍ ഞാന്‍ മുന്‍കൈ എടുത്ത കാര്യവും ഓര്‍ക്കുന്നു.

http://www.azhimukham.com/news-wrap-digital-villages-failed-cashless-india-sajukomban/

സര്‍ദ്ദാര്‍ സരോവര്‍ പദ്ധതിയില്‍ നിന്നും കര്‍ഷകര്‍ക്കുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളെയും നാം അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. കര്‍ഷകരോട് 123 വര്‍ഷമായി പുലര്‍ത്തിയിരുന്ന അസന്തുലിതവാസ്ഥയും അനീതിയും നീക്കിക്കൊണ്ട്, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനര്‍ആവാസം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ചട്ടം 2013 എന്ന നാഴികകല്ലായ നിയമം നടപ്പിലാക്കിക്കൊണ്ട് ചരിത്രപരമായ മാറ്റം ഉറപ്പാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഉടമകളെയും ബാധിത പൗരന്മാരെയും വികസനത്തില്‍ പങ്കാളികളാക്കിക്കൊണ്ട്, 'മാനുഷികവും പങ്കാളിത്തപരവും കൃത്യമായി വിവരങ്ങള്‍ നല്‍കുന്നതും സുതാര്യവുമായ ഒരു പ്രക്രിയ' ഉറപ്പാക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. ഹൃദയവും തലച്ചോറും ശരിയായ ഇടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന ഒരു വളര്‍ച്ചയായിരുന്നു ലക്ഷ്യം.

എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍, സാമൂഹിക ആഘാത അവലോകന പഠനം, അനുമതി നല്‍കാനുള്ള അവകാശം, പുനരധിവാസം/പുനര്‍ആവാസം തുടങ്ങി ബാധിതരായവരുടെ പരാതികള്‍ പൊതുവേദിയില്‍ കേള്‍ക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് സംരക്ഷണകവചങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. സോണിയ ഗാന്ധിജിയുടെയും രാഹുല്‍ജിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇത് സംഭവിക്കുന്നത് തടഞ്ഞെങ്കില്‍, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും മറ്റ് ബിജെപി സര്‍ക്കാരുകളും സംസ്ഥാന തലത്തില്‍ നിയം ഭേദഗതി ചെയ്തുകൊണ്ട് ദേശീയ നിയമത്തിന്റെ ജീവചൈതന്യം തകര്‍ത്തു. ഈ സംസ്ഥാനങ്ങളിലെ നമ്മുടെ കര്‍ഷക സഹോദരന്മാര്‍ നീതിക്ക് വേണ്ടി പ്രതിഷേധിക്കുന്നതില്‍ വല്ല അദ്ഭുതത്തിനും അവകാശമുണ്ടോ? നോട്ട് നിരോധനത്തിന് പുമെ ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറക്കുറക്കലിനും ഒപ്പം വ്യാപകമായ കാര്‍ഷിക വിപത്തുകള്‍ക്കും നമ്മുടെ കര്‍ഷകര്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ വേതനത്തില്‍ വന്നിട്ടുള്ള ഇടിവ് പ്രത്യക്ഷമാണ്. അതോടൊപ്പം കുറഞ്ഞ താങ്ങുവില എന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും വിസ്മരിക്കപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ഷീക കടമെഴുതി തള്ളല്‍, കര്‍ഷകരുടെ ആശങ്കകള്‍ക്ക് മേലുള്ള ഒരു മൃദുലേപനം മാത്രമേ ആകുന്നുള്ളു.

http://www.azhimukham.com/nationalwrap-drmanmohansingh-diagnosis-primeminister-modi/

അതുപോലെ തന്നെ നമ്മുടെ ആദിവാസി സഹോദരീ, സഹോദരന്മാര്‍ക്കും ക്ഷതമേല്‍ക്കുന്നു. 2008ല്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമ പ്രകാരമുള്ള അവകാശവാദങ്ങള്‍ പരിഹരിക്കുന്നതിലും ആദിവാസികള്‍ക്കും മറ്റ് വനവാസികള്‍ക്കും ഭൂമിയുടെ അവകാശം പതിച്ചു നല്‍കുന്നതിലും ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഗുജറാത്ത് സര്‍ക്കാരാണ്. ഇന്ത്യയില്‍ എമ്പാടുമായി 87 ശതമാനം പേര്‍ക്ക് വനാവകാശം പതിച്ച് നല്‍കിയപ്പോള്‍ ഗുജറാത്തില്‍ അത് വെറും 44 ശതമാനം മാത്രമാണ്. മാത്രമല്ല, വ്യവസായങ്ങള്‍ക്ക് വനഭൂമി വില്‍ക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്താനുള്ള വിവാദപരമായ ഒരു തീരുമാനവും ഗുജറാത്ത് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഗുജറാത്തിലെ മാനവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന നാല് ജില്ലകള്‍, ആദിവാസി ഭൂരിപക്ഷ ജില്ലകളായ ദഹോഡ്, ദാംഗ്‌സ്, പഞ്ച്മഹല്‍, ബനാസ്‌കാന്ദ എന്നിവയാണ്.

ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, സ്ത്രീ സാക്ഷരത തുടങ്ങി എല്ലാ സാമൂഹിക സൂചികകളിലും രാജ്യത്തെ മികച്ച പ്രകടനം നടത്തുന്ന ഹിമാചല്‍, കര്‍ണാടക, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വളരെ പിന്നോക്കമാണ് ഗുജറാത്തിന്റെ പ്രകടനം. പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും ഗുജറാത്ത് സംസ്ഥാനം പിന്മാറിയതോടെ, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവല്‍ക്കരണം ത്വരിതഗതിയിലാവുകയും നിലവാരം ഗണ്യമായി കുറയുകയും ചെയ്തു. തൊഴില്‍ കമ്പോളങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഗുജറാത്തി യുവജനങ്ങളുടെ മത്സരക്ഷമതയെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ സമീപകാലത്ത് നടത്തിയ പ്രക്ഷോഭം, തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരുകളില്‍ അവര്‍ക്കുള്ള ആഴത്തിലുള്ള അതൃപ്തി വെളിവാക്കുന്നു. ഗുജറാത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ജാതി, മത, ലിംഗ, വര്‍ഗ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി എല്ലാ ഗുജറാത്തികളുടെയും ശബ്ദം ശ്രവിക്കപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പാക്കും. സര്‍ദ്ദാര്‍ പട്ടേലിനെയും മഹാത്മ ഗാന്ധിയെയും പ്രചോദനങ്ങളായി കണ്ടുകൊണ്ട് ഹൃദയവും തലച്ചോറുമുപയോഗിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കും. 6.5 കോടി ഗുജറാത്തികളോടൊപ്പം ചേര്‍ന്ന് അവരര്‍ഹിക്കുന്ന ഉന്നതികളിലേക്കും ഭാവിയിലേക്കും സംസ്ഥാനത്തെ നയിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള സമയം, ദശാബ്ദങ്ങള്‍ക്ക് ശേഷം ബുദ്ധിയുള്ളവരും സംരഭകത്വരയുള്ളവരുമായ ഗുജറാത്തികള്‍ക്ക് മുന്നില്‍ സമാഗതമായിരിക്കുകയാണ്. ജയ് ഹിന്ദ്, ജയ് ഗുജറാത്ത്.

http://www.azhimukham.com/national-demonetization-shattered-indian-economy-teamazhimukham/


Next Story

Related Stories