TopTop
Begin typing your search above and press return to search.

മോദി താഴ്ന്ന ജാതിക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല: മായാവതി

മോദി താഴ്ന്ന ജാതിക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല: മായാവതി

ഉത്തർപ്രദേശിലെ ബിഎസ്‌പി-എസ്‌പി സഖ്യം ജാതീയ സഖ്യമാണെന്ന നരേന്ദ്രമോദിയുടെ ആരോപണം അപക്വവും പരിഹാസ്യവുമാണെന്ന് മായവതി. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായതിന്റെ ഇച്ഛാഭംഗത്തിലാണ് മോദി. ഇക്കാരണത്താലാണ് അടിസ്ഥാനമില്ലാത്തതും യുക്തിരഹതമായതുമായ പ്രസ്താവനകൾ ഇറക്കുന്നതെന്ന് അവർ പറഞ്ഞു.

വീണ്ടുമൊരിക്കൽക്കൂടി പ്രധാനമന്ത്രിയാകുക എന്ന മോദിയുടെ മോഹം നടക്കാൻ പോകുന്നില്ലെന്ന് മായാവതി പറഞ്ഞു. ജാതീയത എന്താണെന്ന് അറിയാത്തതു കൊണ്ടാണ് മോദി തങ്ങളുടെ സഖ്യത്തെ ജാതീയ സഖ്യമെന്ന് വിളിക്കുന്നത്. ജാതീയതയുടെ വേദന അദ്ദേഹം അനുഭവിച്ചിട്ടില്ല. ജന്മം കൊണ്ട് മോതി താഴ്ന്ന ജാതിക്കാരനല്ലെന്നും അവർ പറഞ്ഞു. നേരത്തെ, മോദി പിന്നാക്കക്കാരനല്ലെന്നും, അധികാരമുപയോഗിച്ച് തന്റെ ജാതിയെ പിന്നാക്ക ജാതിയിൽ ഉള്‍പ്പെടുത്തിയ ആളാണെന്നും മായാവതി ആരോപിച്ചിരുന്നു. താൻ 'നീചജാതി' ആണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മോദി ഇടക്കിടെ പ്രയോഗിക്കാറുള്ളതാണ്.

മോദി ജന്മം കൊണ്ട് താഴ്ന്ന ജാതിക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ലെന്ന് മായാവതി പറഞ്ഞു. കല്യാൺ സിങ്ങിനോട് ആർഎസ്എസ് എന്താണ് ചെയ്തതെന്ന് നമുക്കെല്ലാമറിയാം.

തങ്ങളുടെ സഖ്യത്തിനു നേരെ ആരോപണമുന്നയിക്കുന്നതിനു മുമ്പ് ഗുജറാത്തിലെ ദളിതർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിക്കാൻ അവർക്ക് സാധിക്കുന്നില്ല. ദളിതന് തന്റെ കല്യാണത്തിന് ഒരു കുതിരപ്പുറത്ത് കയറാൻ കഴിയില്ല. ദളിതർക്കു നേരെ ഗുജറാത്തിൽ അക്രമമാണ് നടക്കുന്നതെന്നും നാലുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നിട്ടുള്ള മായാവതി ആരോപിച്ചു.

Next Story

Related Stories