Top

മായാവതി പാലം വലിക്കുന്നു? മഹാസഖ്യം കടപുഴകിയേക്കും; തന്ത്രമൊരുക്കി ബിജെപി

മായാവതി പാലം വലിക്കുന്നു? മഹാസഖ്യം കടപുഴകിയേക്കും; തന്ത്രമൊരുക്കി ബിജെപി
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ വിവിധ രാഷ്ട്രീയകക്ഷികളെ ഒരുമിച്ചു ചേർത്ത് മഹാസഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾക്ക് മായാവതി ശക്തിയേറ്റുന്നു. കോൺഗ്രസ്സിൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ച മുൻ മുഖ്യമന്ത്രി അജിത് ജോഗിക്കൊപ്പം ചേർന്ന്  ഛത്തിസ്ഗഢിലും ഒപ്പം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മധ്യപ്രദേശ്‌, രാജസ്ഥാന്‍ സംസ്ഥാങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ളസൂചനകൾ മായാവതി നൽകുന്നത്.

ഉത്തർപ്രദേശിൽ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് കോൺഗ്രസ്സുമായി മായാവതിക്കുള്ള വിയോജിപ്പുകൾ വളരെ ശക്തമാണ്. ഈ വിയോജിപ്പിനാൽ പ്രകോപിതയായെന്ന് തോന്നുംവിധത്തിലുള്ള പ്രസ്താവനയാണ് ഇന്ന് മായാവതി നടത്തിയിട്ടുള്ളത്. കോൺഗ്രസ്സ് ഇപ്പോഴും തങ്ങളുടെ കടുംപിടിത്തങ്ങളിൽ നിന്ന് പിൻവാങ്ങുന്നില്ലെന്ന് അവർ പറഞ്ഞു. ബിഎസ്പിയെയും അതിന്റെ നേത‍ൃത്വത്തെയും ഇല്ലാതാക്കാൻ കോൺഗ്രസ്സ് കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അസംബ്ലി തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സുമായി സഖ്യം ചേരാൻ ബിഎസ്പിക്ക് താൽപര്യമുണ്ട്. എന്നാൽ, മധ്യപ്രദേശിൽ കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ്, ബിഎസ്പിയുമായി സഖ്യം ചേരാൻ താൽപര്യപ്പെടുന്നില്ല. കേന്ദ്രത്തിൽ നിന്ന് തനിക്ക് വലിയ സമ്മർദ്ദമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് ദിഗ്‌വിജയ് സിങ് എന്നും മായാവതി പരാതിപ്പെട്ടു. ദിഗ്‌വിജയ് സിങ് ബിജെപി ഏജന്റാണെന്നുകൂടി മായാവതി ആരോപിച്ചു.

ഈ ഒടുവിലത്തെ പ്രസ്താവനയിലാണ് കാര്യങ്ങളുടെ കിടപ്പ് ഒളിഞ്ഞു കിടക്കുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോൺഗ്രസ്സുമായി സീറ്റ് പങ്കിടലില്‍ പ്രശ്നങ്ങളുണ്ടെന്നാണ് മായാവതിയുടെ തുടർച്ചയായ പ്രസ്താവകളിൽ നിന്നും വ്യക്തമാകുക. എന്നാൽ, പിന്നണിയിൽ വേറെയും ചില പ്രശ്നങ്ങളെ മായാവതി നേരിടുന്നുണ്ട് എന്നതാണ് സത്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നു. ദിഗ്‌വിജയ് സിങ്ങിനെ നേരിട്ടാക്രമിക്കുന്ന മായാവതി കോൺഗ്രസ്സിനെ അടച്ചാക്ഷേപിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് കോൺഗ്രസ് കേന്ദ്ര നേത‍ൃത്വത്തെ. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സത്യസന്ധമായ സമീപനമാണ് സഖ്യത്തിന്റെ കാര്യത്തിൽ എടുക്കുന്നതെന്നും മായാവതി പറയുന്നുണ്ട്.

സഹോദരൻ ആനന്ദ് കുമാർ ഉണ്ടാക്കിയ പുകിലുകൾ

സഹോദരൻ ആനന്ദ് കുമാറാണ് ഇപ്പോൾ മായാവതിയുടെ രാഷ്ട്രീയതീരുമാനങ്ങളുടെ കേന്ദ്രമെന്നതാണ് പുതിയ വിവരം. 2017 ജനുവരി മാസത്തിൽ ഇൻകം ടാക്സ് വകുപ്പ് ആനന്ദ് കുമാറിന്റെ സ്വത്തുക്കളെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. 2007 മുതൽ 2014 വരെയുള്ള കാലയളവിൽ 1300 കോടി രൂപയുടെ ആസ്തിവർധന ഇദ്ദേഹം ഉണ്ടാക്കിയെന്നും അത് സംശയാസ്പദമാണെന്നും ഇൻകംടാക്സ് വ്യക്തമാക്കിയിരുന്നു. ആനന്ദിന്റെ പേരിലുള്ള മൂന്ന് കടലാസ്സ് കമ്പനികൾ അന്വേഷണത്തിനു കീഴിൽ വന്നു. രജിസ്ട്രേഷൻ രേഖകളിലെ വിലാസമനുസരിച്ച് കൊൽക്കത്തയിലെ മഹേഷ്തലയിലാണ് ഈ മൂന്നു കമ്പനികളുടെയും ഓഫീസ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ വിലാസത്തിൽ അങ്ങനെയൊരു ഓഫീസ് നിലവിലില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2007ൽ ആനന്ദിന്റെ ആസ്തി വെറും 7.5 കോടി രൂപയായിരുന്നു. ഇവിടെ നിന്നാണ് 2014-ൽ എത്തിയപ്പോഴേക്ക് ആസ്തി 1300 കടന്നത്.

പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

സഹോദരനെ ലക്ഷ്യമാക്കിയുള്ള സിബിഐയുടെയും ഒപ്പം കേന്ദ്രത്തിന്റെയും നീക്കം തന്നെയാണ് മായാവതിയുടെ ഇപ്പോഴത്തെ ഈ പരിഭ്രാന്തിക്ക് പിന്നിലെന്നാണ് വിവരം. ആനന്ദ് കുമാറിനെ സിബിഐയും ഇൻകംടാക്സ് ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്തതായി വിവരമുണ്ട്. പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് നടന്നതെന്ന് അഴിമുഖത്തിന് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. കാര്യങ്ങൾ ഈ വഴിക്കാണെങ്കിൽ ദിഗ്‌വിജയ് സിങ് പറഞ്ഞതിൽ കാര്യമുണ്ടെന്നു തന്നെ അനുമാനിക്കണം; മായാവതി കേന്ദ്ര സർക്കാരിൽ നിന്നും വൻ സമ്മർദ്ദം നേരിടുന്നുണ്ട്.

എന്നാല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചാല്‍ മായാവതിയുടെ അടിത്തറയിളകും. ഈ സാഹചര്യത്തില്‍ അത്തരമൊരു നീക്കത്തിലേക്ക് മായാവതി പോകില്ല എന്നതിനാല്‍ ഏറ്റവും കുറഞ്ഞത് അവരെ ഒറ്റയ്ക്ക് മത്സരിപ്പിക്കുകയെങ്കിലും ചെയ്യുക എന്നതാണ് ബിജെപിയുടെ ലാക്ക്. സാധ്യമാണെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷമെങ്കിലും ബിജെപിക്കൊപ്പം ചേരുന്ന വിധത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കണം. നേരത്തെയും ബിജെപിക്കൊപ്പം ചേർന്ന ചരിത്രം ബിഎസ്പിക്കുള്ളതിനാൽ ഇതിൽ മറ്റ് ആശങ്കകൾക്കൊന്നും വഴിയില്ല. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബിഎസ്പി മത്സരിച്ചത് ബിജെപിയെ ഞെട്ടിച്ചിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വന്തം സാമ്രാജ്യമായ ഗോരഖ്പൂരിലും ഏറ്റവും ഒടുവില്‍, 2013-ല്‍ വര്‍ഗീയ കലാപം നടന്ന കൈരാനയിലും ഈ സഖ്യം ബിജെപിയെ തറ പറ്റിച്ചതോടെ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഇത് നീണ്ടാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിനൊപ്പമാണ് ദളിത്‌ നേതാവും മായാവതിയുടെ എതിരാളിയുമായ ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ നാടകീയമായി മോചിപ്പിച്ച യോഗി സര്‍ക്കാരിന്റെ നടപടിയും. ആസാദിന്റെ അമ്മയുടെ അപേക്ഷയെ തുടര്‍ന്നാണ്‌ മോചനമെന്ന് പറയുന്നുവെങ്കിലും ഇതിനു പിന്നില്‍ ദളിത്‌ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ ഉള്ളത് എന്നാണ് സൂചനകള്‍. ജയില്‍ മോചിതനായതിനു ശേഷവും ആസാദിനെ മായാവതി വിമര്‍ശിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ നിലയിൽ മഹാസഖ്യത്തിനൊപ്പം ചേരാൻ മായാവതിക്ക് സാധിക്കുന്ന നിലയല്ല പൊതുവെ ഉരുത്തിരിയുന്നത് എന്നതാണ് പൊതുവേയുള്ള സൂചനകള്‍. ഛത്തിസ്ഗഢ് അസംബ്ലിയിൽ ഒരു സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ഉള്ളതെങ്കിലും 4.27 ശതമാനം വോട്ട് വിഹിതമുണ്ട്. ഇതോടൊപ്പം അജിത് ജോഗിയുടെ പുതിയ പാർട്ടി കോൺഗ്രസ്സിന്റെ വോട്ടുകളിൽ വലിക്കുക കൂടി ചെയ്താൽ ബിജെപിക്ക് അത് നേട്ടമായിത്തീരും. ചുരുക്കത്തിൽ‌ ഛത്തിസ്ഗഢിലും ഉത്തർപ്രദേശിലും കോൺഗ്രസ്സിന്റെ സാധ്യതകളെ ദുർബലപ്പെടുത്താൻ ആനന്ദ് കുമാറിനെതിരായ ഈ ഒരൊറ്റ നീക്കം കൊണ്ട് ബിജെപിക്ക് സാധിച്ചിരിക്കുകയാണ്.

മധ്യപ്രദേശിലും നിർണായകമായ ശക്തിയാണ് മായാവതിയുടെ ബിഎസ്പി. ഇവിടെയും അജിത് ജോഗിയുമായി ചേർന്നുള്ള സഖ്യം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ആർഎസ്എസ് നേതാക്കൾ മായാവതിയെ നിരന്തരമായി കണ്ട് ചർച്ച നടത്തിയിരുന്നതായും വിവരമുണ്ട്. ഇതിനു പിന്നിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഗൗരവമേറിയ ചില നിലപാട് മാറ്റങ്ങൾ വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

https://www.azhimukham.com/opinion-differences-in-opposition-unity-may-help-bjp-in-2019-elections-writes-kay-benedict/

https://www.azhimukham.com/edit-opposition-unity-wins-kairana-in-up/

https://www.azhimukham.com/india-what-lies-ahead-for-up-bjp-prospect-for-2019-election-edit/

https://www.azhimukham.com/india-in-up-new-dalit-leader-chandrashekhar-and-his-bhim-army-become-threat-to-sanghparivar/

https://www.azhimukham.com/bhim-army-is-a-bjp-product-accused-bsp-chief-mayawati/

https://www.azhimukham.com/india-chandrasekhar-azad-new-ambedkarite-dalit-movement/

https://www.azhimukham.com/india-trending-palgarh-loksabha-byelection/

https://www.azhimukham.com/india-bypolls-results-a-key-indicator-of-the-voters-mood/

https://www.azhimukham.com/india-kairana-byelection-opposition-unity-defeat-bjp/

Next Story

Related Stories