Top

അടുത്ത 20 വര്‍ഷം ഞാന്‍ തന്നെ ബി എസ് പി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനെ വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് നേരിടും: മായാവതി

അടുത്ത 20 വര്‍ഷം ഞാന്‍ തന്നെ ബി എസ് പി പ്രസിഡന്റ്; തിരഞ്ഞെടുപ്പിനെ വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് നേരിടും: മായാവതി
തനിക്ക് വയസാകുന്നത് വരെ പ്രായത്തിന്റെ അവശത ബാധിച്ച് തുടങ്ങും വരെ, അതായത് അടുത്ത 20-22 വര്‍ഷത്തേയ്ക്ക് താന്‍ തന്നെയായിരിക്കും ബി എസ് പി പ്രസിഡന്റെന്ന് മായാവതി. സഹോദരനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കാത്ത വിധവും തനിക്ക് ദീര്‍ഘകാലം പാര്‍ട്ടി അധ്യക്ഷയായി തുടരുന്നതിനുമായി പാര്‍ട്ടി ഭരണഘടന മായാവതി ഭേദഗതി ചെയ്തു. ഇന്നലെ ലക്‌നൗവില്‍ ചേര്‍ന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പ്രസിഡന്റ് പദവി കണ്ട് ആരും കൊതിക്കേണ്ട എന്ന സന്ദേശമാണ് മായാവതി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളുമായി സീറ്റ് ധാരണയിലെത്താനായില്ലെങ്കില്‍ ബി എസ് പി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി സൂചിപ്പിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ സജീവ സാന്നിധ്യമായി മായാവതി നില്‍ക്കുകയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരെ ബി എസ് പി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സമയത്ത് തന്നെയാണ് മായാവതിയുടെ പുതിയ തീരുമാനങ്ങള്‍.

ബി എസ് പിയില്‍ കോണ്‍ഗ്രസ് മാതൃകയില്‍ താന്‍ കുടുംബ വാഴ്ച കൊണ്ടുവന്നിരിക്കുന്നു എന്ന തരത്തിലുള്ള മാധ്യമ പ്രചാരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മായാവതി പ്രതികരിച്ചു. സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്ന് തന്റെ ഇളയ സഹോദരന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഏത് സാഹചര്യം നേരിടാനും പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണം. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് പോരാടാനും തയ്യാറാകണം. മായാവതി പറഞ്ഞു. മായാവതിയുടെ ബിജെപിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദനയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജി വച്ചൊഴിഞ്ഞ രണ്ട് ലോക്‌സഭ സീറ്റുകളിലും - ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ - ഈ സഖ്യം തങ്ങളെ പരാജയപ്പെടുത്തിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

ആര്‍എസ് കുശ്വാഹയെ ബി എസ് പി യുപി സംസ്ഥാന പ്രസിഡന്റായും വീര്‍ സിംഗ്, ജയപ്രകാശ് സിംഗ് എന്നീ മുതിര്‍ന്ന നേതാക്കളെ നാഷണല്‍ കോ-ഓഡിനേറ്റര്‍മാരായും മായാവതി നിയമിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതാക്കള്‍ക്ക് മായാവതിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയുടെ വോട്ട് ദലിത്, ആദിവാസി, പിന്നോക്ക, മുസ്ലീം, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്ന് പറഞ്ഞ് വിഘടിച്ച് പോകരുതെന്നും മായാവതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

http://www.azhimukham.com/india-trending-bsp-likely-project-mayawati-pm-candidate/

Next Story

Related Stories