TopTop
Begin typing your search above and press return to search.

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു 'വശീകരണശേഷിയുള്ള' മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു
ഇന്ത്യൻ മാധ്യമപഠന സിലബസ്സുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സജീവമായി പഠിപ്പിക്കപ്പെടുന്ന ഒരു പാഠമാണ് മാധ്യമസ്ഥാപനങ്ങളിലെ വിഗ്രഹങ്ങൾ. എംജെ അക്ബർ മുതൽ അർണാബ് ഗോസ്വാമി വരെയുള്ള താരങ്ങളാണ് മാധ്യമവിദ്യാർത്ഥികളുടെ പഠനവിഷയങ്ങൾ. ഈ ഭക്ത്യാദരങ്ങൾ പഠനകാലത്തിനു ശേഷം പുറത്തിറങ്ങുന്ന ഓരോ മാധ്യമപ്രവർത്തകന്റെയും/പ്രവർത്തകയുടെയും ആസ്തിയും ബാധ്യതയുമാണ്. ടെലഗ്രാഫ് എന്ന ആധുനിക ഇന്ത്യൻ പത്രത്തെ എല്ലാ തരത്തിലും ഡിസൈൻ ചെയ്തെടുത്ത എംജെ അക്ബറിനും ആരാധകരുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് സൺഡേ മാഗസിനിലൂടെ അദ്ദേഹമെടുത്ത ധീരമായ നിലപാടുകളും ആരെയും ആരാധകരാക്കി മാറ്റുന്ന ഒന്നാണ്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തക കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചതു പോലെ 'താൻ കടുത്ത വശീകരണശേഷിയുള്ള ഒരാളാണെന്ന്' സ്വയം കരുതിപ്പോയിട്ടുണ്ടെങ്കിൽ അതിൽ തെറ്റ് പറയാനാകില്ല. ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ ഉടവ് വരാതെ തുടരുന്ന ഫ്യൂഡൽ വ്യവസ്ഥയും സ്വയം തമ്പുരാക്കന്മാരായി വാഴിക്കുന്നതിന് ഇവരെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. രാഷ്ട്രീയമോ ജുഡീഷ്യറിയോ ബ്യൂറോക്രസിയോ അടക്കമുള്ള മറ്റൊരു സ്ഥാപനത്തിലും നടക്കാനിടയില്ലാത്ത ചിലത് മാധ്യമരംഗത്ത് അരങ്ങേറുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ്. മറ്റു സ്ഥാപനങ്ങളിലെ ഇത്തരം സംഭവങ്ങൾ പുറത്തുവരാന്‍ ഇത്രയധികം സമയമെടുക്കാറില്ല. സ്ത്രീകളെ അങ്ങേയറ്റത്തെ നിലയിൽ അടിച്ചമർത്താനുള്ള ഒരു ആഭ്യന്തരസംവിധാനം മാധ്യമങ്ങളിൽ വളർന്നു വന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ.

ആറ് സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുള്ളത്. ആറുപേരും മാധ്യമപ്രവർത്തകരാണെന്നത് ശ്രദ്ധേയം. ഇപ്പോൾ നടക്കുന്ന #MeToo പ്രസ്ഥാനം മാധ്യമമേഖലയിലെയും സാംസ്കാരികമേഖലയിലെയും ലൈംഗികാക്രമണ തൽപരരെയാണ് തുറന്നു കാട്ടുന്നത്.

ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് തനിക്ക് തുടക്കകാലത്ത് എംജെ അക്ബറിൽ നിന്നും നേരിടേണ്ടിവന്ന ലൈംഗികോപദ്രവം തുറന്നു പറഞ്ഞ് രംഗത്തു വന്നത്. വോഗ് ഇന്ത്യ മാഗസിനിൽ അൽപം വിശദമായിത്തന്നെ ഇവർ സംഭവം വിവരിച്ചു. സംഭവം നടക്കുമ്പോൾ തനിക്ക് 23 വയസ്സും അക്ബറിന് 43 വയസ്സുമായിരുന്നു പ്രായമെന്ന് അവർ പറയുന്നു.

പ്രിയ രമണിക്കു പിന്നാലെ ഹരിന്ദർ ബാവ്ജെ എന്ന മാധ്യമപ്രവർത്തകയും രംഗത്തെത്തി. 'ഒരു കുപ്പി റമ്മുമായി ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വന്നാലോ' എന്നായിരുന്നു എംജെ അക്ബര്‍ ഇവരോടു ചോദിച്ചത്. വേണ്ടെന്ന മറുപടിയും എക്ബറിനെ പിന്തിരിപ്പിക്കുകയുണ്ടായില്ലെന്ന് ഹരിന്ദർ പറയുന്നു.

എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രകാശ് ഝാ, ടൈംസ് ഓഫ് ഇന്‍ഡ്യ ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ കെ ആര്‍ ശ്രീനിവാസൻ, എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ആരോപണവിധേയരായത്. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകൻ കെആർ ശ്രീനിവാസനെതിരെ ഏഴ് സ്ത്രീകളാണ് നേരിട്ട് പരാതി നൽകിയത്.

ഹൈദരാബാദിൽ ടൈംസ് ഓഫ് ഇന്ത്യയുടെ റസിഡണ്ട് എഡിറ്ററായ കെആർ ശ്രീനിവാസിനെതിരെ നിരവധി സ്ത്രീകളാണ് പരാതിയുമായി എത്തിയത്. ബാംഗ്ലൂരിൽ ഫെമിനയിൽ ഇന്റേൺ ആയിരുന്ന കാലത്ത് കെആർ ശ്രീനിവാസിന്റെ അയൽവാസിയായിരുന്നപ്പോൾ തന്നോട് ലൈംഗികവാഞ്ഛയോടെ പെരുമാറിയെന്ന് പവിത്ര ജയറാം എന്ന മാധ്യമപ്രവർത്തക തുറന്നു പറഞ്ഞു. തന്റെ ഭാര്യ സ്ഥലത്തില്ലെന്നും വീട്ടിലേക്ക് വരണമെന്നും പവിത്രയോട് ശ്രീനിവാസ് ആവശ്യപ്പെട്ടെന്നാണ് ആരോപണമുയർന്നത്. എഴുത്തുകാരനായ കിരൺ നഗാർക്കറുടെ ലൈംഗികാക്രമണങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളെത്തി ഇതിനിടയിൽ. മുംബൈയിൽ കിരൺ നഗാർക്കറെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവമാണ് മാധ്യമപ്രവർത്തക രംഗത്തെത്തിയത്. തന്റെ അടുത്ത് വന്നിരിക്കുകയും കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്ത കഥയാണ് ഇവർ വെളിപ്പെടുത്തിയത്.

തന്റെ കഥയുമായി ഐശ്വര്യ റായ്

ബോളിവുഡിലെ നിരവധി താരങ്ങളാണ് MeToo പ്രസ്ഥാനത്തിൽ കുടുങ്ങിയിരിക്കുന്നത്. ഈ പ്രസ്ഥാനത്തിന് പിന്തുണ നൽകി രംഗത്തു വന്ന ഐശ്വര്യ റായ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: "ഞാൻ മുമ്പും സംസാരിച്ചിട്ടുണ്ട്; ഇന്നും സംസാരിക്കുന്നു; തുടർന്നും സംസാരിക്കും!"

സ്ത്രീകളുടെ ശബ്ദം കേൾക്കുന്ന വിധത്തിലേക്ക് ലോകം വളർന്നതിൽ ഐശ്വര്യ റായ് ആഹ്ലാദം പ്രകടിപ്പിച്ചു. 2002ൽ തന്നെ വഞ്ചിച്ച സൽമാൻ ഖാനെതിരെ ശക്തമായി രംഗത്തു വന്നയാളാണ് ഐശ്വര്യ റായ്. ഒരു ഘട്ടത്തിൽ സൽമാൻ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന നില വരെയെത്തി. ഭാഗ്യം കൊണ്ട് അവയില്‍ നിന്നും രക്ഷപ്പെട്ടു. 1999ലാണ് ഐശ്വര്യയും സൽമാനും അടുപ്പത്തിലാകുന്നത്. പിന്നീട് 2002ൽ ഇരുവരും പിരിയുകയായിരുന്നു.

ബോളിവുഡിൽ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് ബോളിവുഡിലെ മീടൂ വെളിപ്പെടുത്തലുകൾ സ്ഫോടകശേഷി കൈവരിച്ചത്. നാനാ പടേക്കർ തന്നെ 2008ൽ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ആരോപണം. പിന്നീട് വികാസ് ബാഹി, ഗുർസിമ്രാൻ ഖമ്പ, ഉത്സവ് ചക്രബർത്തി, ആലോക് നാഥ് തുടങ്ങിയവരും കുടുങ്ങി.

ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്തിനെതിരെ ആരോപണങ്ങൾ പരമ്പരയാകുന്ന ലക്ഷണമാണ് കാണുന്നത്. ചേതൻ തന്നോട് വാട്സാപ്പിലൂടെ വിവാഹാഭ്യാർത്ഥന നടത്തിയെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്തു വരികയായിരുന്നു. വാട്സാപ്പ് സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടാണ് ചേതനെ ഇവർ കുടുക്കിയത്. തന്നെ ലൈംഗികാവശ്യങ്ങൾക്കായി ആകർഷിക്കാൻ ചേതൻ ശ്രമിച്ചെന്നതിന്റെ ഈ തെളിവുകളെ ചേതൻ ഭഗത് അംഗീകരിച്ചു. താൻ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പ്രസ്തുത സ്ത്രീയോടും തന്റെ ഭാര്യയോടും മാപ്പ് ചോദിക്കുന്നെന്നും ചേതൻ പറഞ്ഞു.

ചേതൻ ഭഗത് എല്ലാ നീക്കങ്ങളും വാട്സാപ്പ് വഴിയാണ് നടത്തുന്നതെന്ന് സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. സഞ്ജന ചാഹാൻ എന്ന മാധ്യമപ്രവർത്തക തനിക്ക് ചേതൻ ഭഗത്തിൽ നിന്നുണ്ടായ മോശം അനുഭവം വിവരിച്ച് രംഗത്തെത്തുകയുണ്ടായി. മിറർനൗവിലെ ന്യൂസ് എഡിറ്ററായ ഇവർ ലൈംഗിക വിഷയങ്ങളിൽ ഫീച്ചറുകൾ എഴുതാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ കാര്യസാധ്യത്തിന് ശ്രമിക്കുന്നതാണ് സ്ക്രീൻഷോട്ടുകളില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. താൻ അതിരുകളെ ലംഘിച്ചുവെങ്കിൽ മാപ്പാക്കണമെന്നും ചേതൻ പറയുന്നുണ്ട്.

മാധ്യമപഠന സ്ഥാപനങ്ങളിലും ലൈംഗികോപദ്രവർക്ക് കുറവൊന്നുമില്ല മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിൽ അധ്യാപകനുമായ സദാന്ദ് മേനോനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഏഷ്യൻ കോളജ് ഓഫ് ജേണലിസം വിദ്യാർത്ഥികൾ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വരുന്ന അക്കാദമിക വർഷത്തിൽ മേനോൻ കോളജിൽ പഠിപ്പിക്കില്ലെന്ന് സ്ഥാപനം മാധ്യമങ്ങളെ അറിയിക്കുയും ചെയ്തിരുന്നു. ഇത്തവണത്തെ മീടൂ പ്രചാരണത്തിലും ഇദ്ദേഹം കുടുങ്ങി. ദിവ്യ കാർത്തികേയൻ എന്ന മാധ്യമപ്രവർത്തകയാണ് പുതിയ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. ഇദ്ദേഹത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും ഇദ്ദേഹത്തെ പാനലുകളിൽ അംഗമാക്കരുതെന്നും ദിവ്യ ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ പൂനെയിലെ സിംബയോസിസ് മീഡിയ കോളജിൽ #MeToo പ്രചാരണത്തിന് തുടക്കമായിരിക്കുകയാണ്. തങ്ങളെ സീനിയർ വിദ്യാർത്ഥികളും അധ്യാപകരും ലൈംഗികോപദ്രവമേൽപ്പിക്കുന്നതായാണ് ഇവർ പരാതിപ്പെട്ടിരിക്കുന്നത്. കോളജ് അധികൃതർ നടപടികളുമായി മുമ്പോട്ടു വന്നിട്ടുണ്ട്. മുമ്പോ കോളജിൽ പഠിച്ചു പോയ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും കോളജ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

എഡിറ്റേഴ്സ് ഗിൽഡിന് പറയാനുള്ളത്


വാർത്താ മുറികളിലെ ലൈംഗികാക്രമണത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകൾ വലിയൊരു പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. ആരെയെങ്കിലും കുറ്റം ചാർത്ത് ഉപദ്രവിക്കുകയോ നിയമനടപടികളിലേക്ക് പോകുകയോ ഒന്നും ഈ വെളിപ്പെടുത്തലുകളുടെ ലക്ഷ്യമല്ലെന്ന് ഉറപ്പിക്കാവുന്നതാണ്. വാർത്താമുറികളെ (പൊതുവിൽ തൊഴിലിടങ്ങളെ) കുറെക്കൂടി ജനാധിപത്യം പുലരുന്ന ഇടങ്ങളാക്കു മാറ്റുക എന്നതു മാത്രമാണ് ഈ മുന്നേറ്റം കൊണ്ട് സ്ത്രീകൾ ഉദ്ദേശിക്കുന്നത്.

മീടൂ പ്രചാരണം ശക്തി പ്രാപിച്ചതോടെ എഡിറ്റേഴ്സ് ഗിൽഡ് ഒരു പ്രസ്താവനയിറക്കി. ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചവരോട് ഐക്യപ്പെടുന്നതായി അവർ പറഞ്ഞു. തങ്ങളുടെ പ്രൊഫഷന്റെ ഏറ്റവും ഉയർന്ന നിലകളിലുള്ളവരാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വിശദീകരിച്ചു. വളരെ തുറന്നതും അനൗദ്യോഗികത പുലർ‌ത്തുന്നവയുമാണ് വാർ‌ത്താമുറികൾ. ആ അവസ്ഥ തുടരണമെന്നും അതിന്റെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എഡിറ്റേഴ്സ് ഗിൽ പറഞ്ഞു.

വാർത്താമുറികളിൽ നിന്ന് മാധ്യമ മാടമ്പികൾ പതുക്കെ ഇറങ്ങിപ്പോയ്ക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരം സാഹചര്യങ്ങൾ വാർത്താമുറികളിൽ സൃഷ്ടിക്കപ്പെടാതിരിക്കാനും, അഥവാ സൃഷ്ടിക്കപ്പെട്ടാലും തുറന്നു പറയാൻ ദശകങ്ങളെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിൽ വരണം. അത് വന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ് മീടൂ പ്രചാരണം നൽകുന്നത്.

Next Story

Related Stories