ട്രെന്‍ഡിങ്ങ്

#MeToo: കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി ആറ് സ്ത്രീകൾ; പ്രതികരിക്കാതെ ബിജെപി

ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ എംജെ അക്ബർ രാജി വെക്കണമെന്ന ആവശ്യം കോൺഗ്രസ്സ് മുമ്പോട്ടു വെച്ചിട്ടുണ്ട്.

#MeToo പ്രചാരണം ഇന്ത്യയിലെത്തിയപ്പോൾ, ഒക്ടോബർ 6ന് ഞാൻ ഇങ്ങനെയൊന്ന് ട്വീറ്റ് ചെയ്തു: “എംജെ അക്ബറിനു നേർക്ക് എന്നാണ് അണക്കെട്ടുകൾ തുറക്കുക?” ഇതിനു തൊട്ടുപിന്നാലെ എംജെ അക്ബർ എഡിറ്ററായിരുന്ന ഏഷ്യൻ ഏജിൽ കൂടെ ജോലി ചെയ്തിരുന്നവർ എന്നെ വിളിച്ചു. 1994ൽ ഏഷ്യൻ ഏജിൽ ഇന്റേൺ ആയി ജോയിൽ ചെയ്ത കാലത്തെ സുഹൃത്തുക്കളാണവർ. എന്തുകൊണ്ട് നിന്റെ ‘അക്ബർ കഥ’ എഴുതിക്കൂടാ? അവർ ചോദിച്ചു. രണ്ടു ദശകങ്ങളായി സംഭവം നടന്നിട്ട്. അതിപ്പോൾ പങ്കുവെക്കുന്നത് എത്രത്തോളം അന്തസ്സുള്ള പരിപാടിയായിരിക്കുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു.”

ഫോഴ്സ് ന്യൂസ് മാഗസിനിലെ എഡിറ്ററായ ഘസാല വഹാബിനെപ്പോലെ, ഇപ്പോൾ പുറത്തുവന്നിട്ടുള്ള സ്ത്രീകൾ മിക്കവർക്കും ഇത്തരം സംശയങ്ങള്‍ പൊതുവിൽ ഉണ്ടായിരുന്നു. എന്നാൽ പുറത്തുവന്ന് എല്ലാ വിളിച്ചുപറയണമെന്നതിന് ശരിയായ ന്യായങ്ങളിൽ അവർ പിന്നീട് എത്തിച്ചേരുകയായിരുന്നു. ഇത്രയും കാലം ഇരയായി ജീവിക്കേണ്ടി വന്ന സാഹചര്യം അവർ ഓർത്തു. എന്തുകൊണ്ടാണത് സംഭവിച്ചതെന്ന് അവർ വിശകലനം ചെയ്തു. അത്യന്തം ഹീനമായ ഒരു വ്യവസ്ഥിതി തങ്ങളെ ചൂഴ്ന്നു നിൽക്കുകയായിരുന്നു. തുറന്നു പറയുന്നതിന് വിഘാതമായ നിന്ന ഒരു കരാളമായ കാലത്തിലൂടെയാണ് കടന്നുപോന്നത്. വൈകിയതിന് ന്യായങ്ങളുണ്ടായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു.

ഇനിയുള്ള കാലം ഒരു ഇരയായി ജീവിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അവരെത്തിച്ചേർന്നു. ഇനി ആരും തങ്ങളെ ഇരയെന്ന് വിശേഷിപ്പിക്കില്ലെന്ന് അവർക്ക് ബോധ്യം വന്നു. ആ അവസരമാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. ഒരു വ്യവസ്ഥിതി അപ്പാടെ മാറുകയാണ്.

#MeToo കൊടുങ്കാറ്റ്: ‘കടുത്ത വശീകരണശേഷിയുള്ള’ മന്ത്രിയും തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും ഗ്ലാമര്‍ താരങ്ങളും

എംജെ അക്ബറിനെതിരെ ആറ് സ്ത്രീകളാണ് തുറന്നുപറച്ചിലുമായി രംഗത്തു വന്നിട്ടുള്ളത്. ഇപ്പോൾ വിദേശകാര്യ സഹമന്ത്രിയായ അക്ബർ വാർത്താമാധ്യമങ്ങളിൽ ജോലി ചെയതിരുന്നപ്പോൾ ലൈംഗികോപദ്രവമേൽക്കേണ്ടി വന്നവരിൽ ചിലരാണ് ഇവര്‍. ഇനിയുമേറെപ്പേർ തുറന്നു പറയാൻ തയ്യാറാകാതെ നിൽക്കുന്നുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അക്ബർ അദ്ദേഹത്തിന്റെ മുൻകൈയിലാണ് മന്ത്രിസ്ഥാനത്തെത്തിയത്. എംജെ അക്ബർ ബിജെപി മന്ത്രിസഭയിൽ ചേർന്നപ്പോൾ മുഖം ചുളിച്ച നിരവധി പേരുണ്ടായിരുന്നു. എന്നാൽ അധികാരം മാത്രമാണ് തന്റെ നിലപാടുകളുടെ അടിസ്ഥാനമെന്ന് എംജെ അക്ബർ എല്ലാക്കാലത്തും തെളിയിച്ചിട്ടുണ്ടെന്ന് ഇതിലൊന്നും അത്ഭുതം തോന്നാത്ത മറ്റൊരു കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ നൈജീരിയയിൽ ഒരു വ്യവസായി സംഘത്തിനൊപ്പം ടൂറിലുള്ള മന്ത്രി എംജെ അക്ബർ തനിക്കെതിരായ ആരോപണങ്ങളിൽ‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സുഷ്മ സ്വരാജും ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് എംജെ അക്ബറിനെതിരെ തുറന്നുപറച്ചിലുകളുമായി ആദ്യം രംഗത്തെത്തിയത്. ഇവർ ഇന്ത്യാ ടുഡേയിലും ഇന്ത്യൻ എക്സ്പ്രസ്സിലുമെല്ലാം ജോലി ചെയ്തിട്ടുണ്ട്. പിന്നാലെ കനിക ഗഹ്‌ലോട്ട് എന്ന മാധ്യമപ്രവർത്തകയും രംഗത്തെത്തി. ഇവർ ഏഷ്യൻ ഏജിൽ 1995-97 കാലത്ത് ജോലി ചെയ്തിരുന്നയാളാണ്.

വിദേശകാര്യ സഹമന്ത്രിയും മുൻ എഡിറ്ററുമായ എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

നിലവിൽ ഏഷ്യൻ ഏജിന്റെ റസിഡന്റ് എഡിറ്ററായ സുപർണ ശർമയാണ് എംജെ അക്ബറിനെ തുറന്നുകാട്ടി രംഗത്തെത്തിയ മറ്റൊരാൾ. താൻ ഓഫീസിലിരുന്ന് പേജ് ഡിസൈൻ ചെയ്യുന്നതിനിടെ അക്ബർ തന്റെ പിന്നിൽ വന്നു നിൽക്കുകയും ബ്രായുടെ സ്ട്രിപ്പ് പിടിച്ചു വലിക്കുകയും ചെയ്തെന്നാണ് സുപർണ പറഞ്ഞത്.

ശുമ റാഹയാണ് അക്ബറിന്റെ ജോലിസ്ഥലത്തെ പീഡനങ്ങൾക്ക് ഇരയായ മറ്റൊരു സ്ത്രീ. പ്രിയ രമണിക്കുണ്ടായ അതേ അനുഭവമാണ് ഇവർക്കുമുണ്ടായത്. ജോലിക്കായുള്ള ഇന്റർവ്യൂവിന് അക്ബർ വിളിച്ചത് ഹോട്ടൽ മുറിയിലേക്കാണ്. ബെഡ്ഡിൽ ഇരുന്നുകൊണ്ടാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. താനുമൊത്ത് മദ്യപിക്കാനുള്ള ക്ഷണവും അക്ബറിന്റെ ഭാഗത്തു നിന്നുണ്ടായി. ജോലി വേണ്ടെന്നു വെക്കുകയാണ് താൻ ചെയ്തതെന്നും റാഹ പറയുന്നു.

പാരണ സിങ് ബിന്ദ്ര എന്ന മാധ്യമപ്രവർത്തകയ്ക്കും ഇതേ അനുഭവമാണുണ്ടായത്. ഓഫീസിൽ വെച്ച് തുടർച്ചയായ ലൈംഗിക പരാമർശങ്ങൾക്ക് താൻ വിധേയയായെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിപരമായ പ്രശ്നങ്ങൾക്കിടയിൽ നട്ടംതിരിയുന്ന കാലമായിരുന്നു അത്. മിണ്ടാതെ സഹിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല.

ശുതാപ പോൾ എന്ന മാധ്യമപ്രവർത്തകയും അക്ബറിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവമുണ്ടായെന്ന് പറഞ്ഞു. എന്നാൽ എന്താണ് ആ സംഭവമെന്ന് വിവരിക്കാൻ അവർ തയ്യാറായില്ല.

അതെസമയം ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ എംജെ അക്ബർ രാജി വെക്കണമെന്ന ആവശ്യം കോൺഗ്രസ്സ് മുമ്പോട്ടു വെച്ചിട്ടുണ്ട്. ഒന്നുകിൽ ആരോപണങ്ങൾക്ക് ത‍ൃപ്തികരമായ മറുപടി നല്‍കാൻ അക്ബർ തയ്യാറാകണം. ഇല്ലെങ്കിൽ രാജി വെക്കണം: കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

കൂടുതൽ #MeToo വാർത്തകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍