TopTop
Begin typing your search above and press return to search.

ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയത് ദുബൈ രാജകുമാരിയെ പിടിച്ചു കൊടുത്തതിന്റെ പ്രത്യുപകാരമോ?

ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയത് ദുബൈ രാജകുമാരിയെ പിടിച്ചു കൊടുത്തതിന്റെ പ്രത്യുപകാരമോ?
അഗസ്റ്റവെസ്റ്റ്‌ലാൻഡ് കുംഭകോണത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സിബിഐ ആരോപിക്കുന്ന ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇ തയ്യാറായതിനു പിന്നിൽ ഇന്ത്യ നേരത്തെ ചെയ്തു നൽകിയ ഒരു 'ഉപകാര'മെന്ന് റിപ്പോർട്ട്. ഈ ഇടപാടിൽ ഒരു 'കൊള്ളക്കൊടുക്ക' നടന്നിട്ടുള്ളതായി ദി പ്രിന്റ് പോർട്ടൽ ഉന്നത സർക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർ‌ട്ട് ചെയ്യുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോവൽ തന്നെയായിരുന്നു ദുബൈ രാജകുമാരിയെ പിടികൂടി യുഎഇ അധികൃതരെ ഏൽപ്പിച്ചതിനു പിന്നിലെന്ന് ആരോപണം നിലവിലുണ്ട്. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള പ്രവർത്തനങ്ങളിൽ അജിത് ഡോവലിന്റെ നിർദ്ദേശങ്ങളുണ്ടെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നു.

ദുബായ് ഭരണാധികാരിയുടെ 32 കാരിയായ മകള്‍ ഷെയ്ഖ ലത്തീഫ ബിന്‍റ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനെ ഗോവൻ തീരത്തു നിന്നും 50 കിലോമീറ്റർ അകലെവെച്ച് ഇന്ത്യ പിടികൂടുകയായിരുന്നെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ഷെയ്ഖ ലത്തീഫയുടെ അമേരിക്കന്‍ നൗകയായ ‘നൊസ്‌ട്രോമോ’ ഗോവന്‍ തീരത്ത് വെച്ച് ആക്രമിച്ചാണ് രാജകുമാരിയെ തിരിച്ചയച്ചതെന്ന് രാജകുമാരിയോട് അവസാനം സംസാരിച്ച അന്താരാഷ്ട്ര സമിതിയായ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായിയുടെ യുഎഇ വിഭാഗം സിഇഒ രാധാ സ്റ്റിര്‍ലിംഗ് അഴിമുഖത്തോട് വെളിപ്പെടുത്തിയിരുന്നു.
(വാർത്ത ഇവിടെ വായിക്കാം.)


ക്രിസ്റ്റ്യൻ മിഷേലിനെ യുഎഇ വിട്ടുനൽകിയ സംഭവത്തിൽ അഹിതമായ ചില നീക്കങ്ങൾ നടന്നുവെന്നത് തെളിയിക്കാൻ ആരോപണങ്ങൾ വേറെയും ഉയരുന്നുണ്ട്. അർജന്റീനയിൽ ജി20 ഉച്ചകോടി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ വധവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളെല്ലാം സൽമാൻ‍ രാജകുമാരനെ ഒറ്റപ്പെടുത്തിയ സന്ദർഭത്തിലായിരുന്നു അതൊന്നും വകവെക്കാതെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. സൗദിയും യുഎഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ മോദി ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുകിട്ടുന്നതിനായി ഉപയോഗിച്ചിരിക്കാമെന്നാണ് ആരോപണമുയരുന്നത്.

ലത്തീഫയെ പിടികൂടി കൈമാറിയതിനു ശേഷം യുഎഇ ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾക്ക് തുടക്കമിടുകയുണ്ടായി. വരുംവർഷങ്ങളിൽ തങ്ങൾ ഇന്ത്യയിൽ 75 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

മിഷേലിനെ കൈമാറിക്കിട്ടിയതിനെ തന്റെ നേട്ടമായി മോദി ഇതിനകം തന്നെ ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ ഒരു റാലിയിൽ വെച്ചാണ് മോദിയുടെ ആദ്യത്തെ പ്രസ്താവന വന്നത്. ഗാന്ധി കുടുംബത്തിന്റെ കേസിലുള്ള ബന്ധവും മോദി ചർച്ചകളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

ലത്തീഫയെ പിടികൂടി യുഎഇക്ക് ഇന്ത്യ കൈമാറിയത് മനുഷ്യാവകാശ ലംഘനമെന്ന നിലയിൽ ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു.

https://www.azhimukham.com/foreign-india-captured-dubai-princess-latifa-exclusive-disclosure/

Next Story

Related Stories