UPDATES

ട്രെന്‍ഡിങ്ങ്

നല്ല സുഹൃത്തുക്കൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടാകാമെന്ന് പോംപിയോ; ദേശീയ താൽപര്യങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജയ്ശങ്കർ

ഇറാനുമായുള്ള ഇന്ത്യയുടെ തുടരുന്ന ബന്ധത്തെക്കുറിച്ച് യുഎസ്സിനുള്ള പരാതിയും പോംപിയോ ഇന്ന് അവതരിപ്പിച്ചു. ഇറാന്റെ എണ്ണ ഇന്ത്യ വാങ്ങരുതെന്ന യുഎസ്സിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചതായാണ് അറിയുന്നത്.

നല്ല സുഹൃത്തുക്കൾ തമ്മിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും അവ പറഞ്ഞു തീർക്കേണ്ടതാണെന്നും യുഎസ് വിദേശകാര്യ സെക്രട്ടറിയുടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെയും കൂടിക്കാഴ്ചയിൽ അഭിപ്രായം ഉരുത്തിരിഞ്ഞു വന്നതായി റിപ്പോർട്ട്. റഷ്യയുമായുള്ള ആയുധക്കരാറും, എച്ച്1ബി വിസ പ്രശ്നവും, ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റാശേഖരം ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിബന്ധന സംബന്ധിച്ച പ്രശ്നവും, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രശ്നവുമെല്ലാം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ടെന്നാണ് അറിയുന്നത്.

അതെസമയം, കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ റഷ്യയുമായുള്ള ഇടപാട് സംബന്ധിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞത് ‘ദേശീയ താൽപര്യം എന്താണ് ആവശ്യപ്പെടുന്നത് അത് ഞങ്ങൾ ചെയ്യും’ എന്നായിരുന്നു. എസ്400 ട്രയംഫ് മിസ്സൈലുകൾ റഷ്യയില്‍ നിന്നും സ്വന്തമാക്കാൻ 5 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടത് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. മേഖലയിലെ നിലനില്‍പ്പിന് ആവശ്യമായ സൈനികശേഷി ഇന്ത്യക്കുണ്ടാകണമെന്ന കാര്യത്തിൽ അമേരിക്ക പ്രതിബദ്ധമാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ഇന്നുരാവിലെ പോംപിയോ നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. റഷ്യ, ചൈന, ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളുമായി സൈനിക കരാറുണ്ടാക്കുന്ന രാജ്യങ്ങളുമായുള്ള യുഎസ്സിന്റെ ബന്ധം സംബന്ധിച്ച് ഒരു പുതിയ നിയമം ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന് ഇതുവരെ പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും അതിലെ വ്യവസ്ഥകളെ ഊന്നിയുള്ള നയം നടപ്പാക്കൽ യുഎസ് തുടങ്ങിയിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് ഇളവ് ലഭിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

റഷ്യയുടെ എസ്400 ട്രയംഫ് മിസ്സൈലുകൾക്ക് ബദൽ ആയുധങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നും കണ്ടെത്തണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ ഭൂരിഭാഗം ആയുധങ്ങളും റഷ്യയിൽ നിന്നുള്ളതാണ് എന്നതിനാൽത്തന്നെ യുഎസ്സിന്റെ ആവശ്യത്തോട് ചേരാൻ ഇന്ത്യക്കാകില്ല.

യുഎസ്സിനെ സംബന്ധിച്ചിടത്തോളം അർഹമായ സാമ്പത്തിക ഇടം ഇന്ത്യയിൽ ലഭിക്കുകയെന്നതാണ് വിഷയമെന്ന് പോംപിയോ ഇന്ന് പ്രസ്താവിച്ചു. യുഎസ്സിന് ഇന്ത്യയിൽ വിശാലമായ വിപണിയിടം കിട്ടണം. അതെസമയം ഇന്ത്യ യുഎസ്സിനു മുമ്പിൽ പ്രായോഗികവും സൃഷ്ടിപരവുമായ നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ടെന്ന് ജയ്ശങ്കർ വ്യക്തമാക്കി.

ഇറാനുമായുള്ള ഇന്ത്യയുടെ തുടരുന്ന ബന്ധത്തെക്കുറിച്ച് യുഎസ്സിനുള്ള പരാതിയും പോംപിയോ ഇന്ന് അവതരിപ്പിച്ചു. ഇറാന്റെ എണ്ണ ഇന്ത്യ വാങ്ങരുതെന്ന യുഎസ്സിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചതായാണ് അറിയുന്നത്. ഇറാൻ ഭീകരതയുടെ ഏറ്റവും വലിയ സ്പോൺസറാണെന്ന ആരോപണം അദ്ദേഹം മാധ്യമങ്ങൾക്കു മുമ്പിൽ ആവർത്തിച്ചു. അതെസമയം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണസ്രോതസ്സ് ഇറാനാണ്. ഇത് പരമ്പരാഗതമായി തുടർന്നു വരുന്ന ബന്ധവുമാണ്. നിലവിൽ ഇറാനിൽ നിന്നും ഇന്ത്യൻ എണ്ണക്കമ്പനികൾ എണ്ണ വാങ്ങുന്നില്ല. യുഎസ് ഉപരോധത്തെ ഭയന്നാണിത്. നിലവിൽ 39.1 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയുടെ പക്കൽ സ്റ്റോക്കുള്ളത്. അടുത്ത പത്തുദിവസത്തേക്ക് മാത്രമേ ഇത് തികയൂ. ഇറാനിൽ യുഎസ് യുദ്ധസമാനമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും പ്രതിസന്ധിയിലാണ്.

ഈ മാസാവസാനം ജപ്പാനിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ ട്രംപും മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കും. ഇരുവരുടെയും ചർച്ചകൾക്കുള്ള നിലമൊരുക്കാനാണ് പോംപിയോ ഇന്ത്യയിലെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍