TopTop
Begin typing your search above and press return to search.

ഖനന വ്യവസായി ജനാർ‌ദ്ദൻ റെഡ്ഢിയും കൂട്ടാളിയും അറസ്റ്റിൽ

ഖനന വ്യവസായി ജനാർ‌ദ്ദൻ റെഡ്ഢിയും കൂട്ടാളിയും അറസ്റ്റിൽ

കൈക്കൂലിക്കേസിൽ ബെല്ലാരിയിലെ ഖനന വ്യവസായി ജനാർദ്ദൻ റെഡ്ഢി അറസ്റ്റിൽ. കൂട്ടാളിയായ അലി ഖാനും അറസ്റ്റിലായിട്ടുണ്ട്. കർണാടകയിൽ ബിജെപി മന്ത്രിസഭയിൽ മന്ത്രിയായിരുന്നിട്ടുള്ളയാളാണ് ഇദ്ദേഹം. കഴിഞ്ഞദിവസം വൈകീട്ടു മുതൽ ബെംഗളൂരുവിൽ പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് നടന്നതായി പൊലീസ് അറിയിച്ചു.

നിരവധി അഴിമതിക്കേസുകൾ ജനാർദ്ദൻ റെഡ്ഢിക്കെതിരായുണ്ട്. ഇവയിലൊന്നിൽ മൂന്നു വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്.

വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ജനാർദ്ദൻ റെഡ്ഢിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. റെഡ്ഢിയെ മജിസ്ട്രേറ്റിനു മുൻപിലെത്തിക്കും. ശനിയാഴ്ച വൈകീട്ടാണ് റെഡ്ഢി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

ആംബിഡന്റ് ഗ്രൂപ്പ് എന്ന സാമ്പത്തിക സ്ഥാപനം പൊളിഞ്ഞപ്പോൾ അതിന്റെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം വരാനുള്ള സാധ്യത മുന്നിൽക്കണ്ട് ഉടമയായ സയ്യിദ് അഹ്മദ് ഫരീദ് റെഡ്ഢിയെ സമീപിച്ചു. അന്ന് യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്നു ജനാർദ്ദൻ റെഡ്ഢി. ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ 18 കോടി രൂപ നൽകിയാൽ അന്വേഷണം ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തതായാണ് ആരോപണം. ഈ പണം പിന്നീട് താൻ നൽകിയെന്നും ഫരീദ് പറയുന്നു.

ബെല്ലാരിയിലെ ഉപതെരഞ്ഞെടുപ്പിൽ റെഡ്ഢി നിറുത്തിയ സ്ഥാനാർത്ഥി വൻ പരാജയമേറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്.


Next Story

Related Stories