TopTop

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ 'ലൈംഗിക അതിക്രമി'

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍
ഹോളിവുഡ് അഴിച്ചുവിട്ട മീ ടൂ കൊടുങ്കാറ്റ് ഇന്ത്യയില്‍ ബോളിവുഡിന് പിന്നാലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉലച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ഗായകര്‍, എഴുത്തുകാര്‍ എല്ലാം ലൈംഗിക ചൂഷണ, അതിക്രമ ആരോപണങ്ങളുടെ നിഴലിലാണ്. നിരവധി പത്രങ്ങളുടെ എഡിറ്ററായിരുന്ന, നിലവില്‍ വിദേശകാര്യ സഹമന്ത്രിയായ എംജെ അക്ബറിനെതിരെ ഏഴ് വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങള്‍ മോദി സര്‍ക്കാരിന് തലവേദനയായിരിക്കുന്നു. എംജെ അക്ബര്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ രാജിയുണ്ടാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. എംജെ അക്ബറിനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്ര മന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയെ സംബന്ധിച്ച് ടെഹല്‍ക വലിയ തലവേദനയായിരുന്നു. പാര്‍ട്ടി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ ആയുധ ഇടപാടിന് കൈക്കൂലി വാങ്ങുന്നത്, ഗുജറാത്തില്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ആസൂത്രിത കൂട്ടക്കൊലകള്‍ ഇതെല്ലാം സംബന്ധിച്ച ടെഹല്‍കയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ സ്‌റ്റോറികള്‍ ബിജെപിയെ അലോസപ്പെടുത്തുന്നതായിരുന്നു. തങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കൂട്ടക്കൊലകള്‍ നടപ്പാക്കിയത് എന്ന് ടെഹല്‍കയുടെ ഒളിക്യാമറയ്ക്ക് മുന്നില്‍ വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത് വലിയ പൊട്ടിത്തെറിയുണ്ടാക്കി. ടെഹല്‍കയും എഡിറ്റര്‍ തരുണ്‍ തേജ് പാലും ബിജെപിയുടെ കണ്ണിലെ കരടായി മാറി. തരുണ്‍ തേജ്പാലിന്റെ അറസ്റ്റിലേയ്ക്കും ജയില്‍വാസത്തിലേയ്ക്കും മാധ്യമ രംഗത്തെ പതനത്തിലേയ്ക്കും നയിച്ച ലൈംഗിക പീഡന ആരോപണത്തിനും പിന്നില്‍ ബിജെപിയുടെ താല്‍പര്യവും നീക്കങ്ങളും കൂടിയുണ്ട് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഏതായാലും ഇപ്പോള്‍ ബിജെപി നേതാവായ കേന്ദ്ര മന്ത്രി എംജെ അക്ബറിന് നേരെ ലൈംഗികപീഡന പരാതികള്‍ വന്നിരിക്കുന്നു.

പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് എംജെ അക്ബറിനെതിരെ ആദ്യം രംഗത്തുവന്നത്. പിന്നീട് ഗസാല വഹാബ് അടക്കമുള്ളവര്‍ രംഗത്ത് വന്നു. 1994-97 കാലത്ത് ഏഷ്യന്‍ ഏജില്‍ ഗസാല വഹാബ് ജോലി ചെയ്തിരുന്നു. അവസാന കാലത്ത് ആറ് മാസം എംജെ അക്ബറിന്റെ പീഡനത്തെ തുടര്‍ന്നാണ് തനിക്ക് ജോലി ചെയ്തിരുന്ന സ്ഥാപനവും നഗരവും വിട്ടുപോകേണ്ടി വന്നതെന്ന് ദ വയറില്‍ ഗസാല പറയുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഗസാല പറഞ്ഞു. ഓഫീസ് മുറിയിലേയ്ക്ക് ഇടയ്ക്കിടെ വിളിക്കുക, കടന്നുപിടിച്ച് ബലമായി ചുംബിക്കുക തുടങ്ങിയ കാര്യങ്ങള്‍ അക്ബര്‍ ഗസാലയാട് സ്ഥിരമായി ചെയ്തിരുന്നു. ഏഷ്യന്‍ ഏജിന്റെ ഡല്‍ഹി ഓഫീസിനെ അക്ബറിന്റെ വിനോദ കേന്ദ്രം എന്നാണ് പലരും വിളിക്കുന്നത് കേട്ടിട്ടുള്ളത്. കിംഗ് കോംഗ് ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന വിളിപ്പേര് അക്ബറിന് മാധ്യമ മേഖലയിലുണ്ടായിരുന്നു. അക്ബറിന്റെ ഇത്തരം അതിക്രമങ്ങള്‍ അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ മികവ് പോലെ തന്നെ പരക്കെ അറിയപ്പെടുന്നതായിരുന്നു എന്ന് സ്ക്രോള്‍ (scroll.in) പറയുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ അക്ബര്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്തു. 25-26 വയസില്‍ രണ്ട് മാഗസിനുകളുടെ എഡിറ്ററായി. 1976ല്‍ അടിയന്തരാവസ്ഥ കാലത്താണ് എംജെ അക്ബര്‍ സണ്‍ഡേ എന്ന മാഗസിന്റെ എഡിറ്ററാകുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് പുതിയ ഭാവുകത്വം കൊണ്ടുവരാന്‍ എംജെ അക്ബബറിന് കഴിഞ്ഞു. 1982ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ദ ടെലഗ്രാഫ് പ്രസിദ്ധീകരണം തുടങ്ങി. ഇത് കിഴക്കേ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രങ്ങളിലൊന്നായയി മാറി. 1980കളുടെ അവസാനമാണ് സബ നഖ്വി കൊല്‍ക്കത്തയില്‍ ടെലഗ്രാഫില്‍ ചേരുന്നത്. എംജെ അക്ബര്‍ മാധ്യമ മേഖലയ്ക്കുള്ള ദൈവത്തിന്റെ വരദാനമാണ് എന്നാണ് സീനിയേഴ്‌സ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുള്ളത് - ഡെയ്‌ലി ഒ യിലെ ലേഖനത്തില്‍ സബ നഖ്വി പറയുന്നു.

ടെലഗ്രാഫിലെ വിജയഗാഥയ്ക്കിടെ അക്ബര്‍ ആദ്യമായി രാഷ്ട്രീയത്തില്‍ കൈ വച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തില്‍ ഉപദേഷ്ടാവായി. 1994ല്‍ വീണ്ടും മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമായി. ഏഷ്യന്‍ ഏജ് സ്ഥാപിച്ചു. ഇക്കാലയളവില്‍ നിരവധി ശ്രദ്ധേയമായ പുസ്തകങ്ങള്‍ എംജെ അക്ബര്‍ രചിച്ചിരുന്നു. ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ എത്രമാത്രം ആരാധനയോടെയാണ് തങ്ങള്‍ അക്ബറിനെ അക്കാലത്ത് കണ്ടിരുന്നത് എന്ന് പറയുന്നു. അക്ബറിന്റെ പുസ്തകങ്ങളാണ് മാധ്യമപ്രവര്‍ത്തകയാകാനുള്ള പാഷന്‍ തന്നെ ഉണ്ടാക്കിയത് എന്ന് ഗസാല വഹാബ് പറയുന്നു.

READ ALSO: #MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ഒരു എഡിറ്ററില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് പ്രിയ രമണി കഴിഞ്ഞ വര്‍ഷം വോഗിലെ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അക്ബര്‍ ആണ് അത് എന്ന് പുറത്തുവിട്ടത് ഇപ്പോളാണ്. നിങ്ങളുടെ ബൗദ്ധികമായ ഔന്നത്യത്തില്‍ ആകൃഷ്ടയായാണ് ഞാന്‍ ഈ രംഗത്തേയ്ക്ക് പ്രചോദിതയാകുന്നത്. നിങ്ങള്‍ എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു - എംജെ അക്ബറിനെതിരായ പ്രിയ രമണിയുടെ ട്വീറ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. അക്ബറിന്റെ ഇരപിടിത്തം യുവ വനിത മാധ്യമപ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തുടങ്ങുമായിരുന്നു എന്ന് ഇവരില്‍ പലരും പറയുന്നു. ജോലിക്ക് വേണ്ടി ഏതെങ്കിലുമൊരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ തുടങ്ങുന്നു ഇത്.

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷുമ റാഹ 1995ല്‍ ഏഷ്യന്‍ ഏജിന്റെ ഇന്റര്‍വ്യൂവിന്റെ ഭാഗമായി എംജെ അക്ബറിന് മുന്നിലെത്തി. കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലിലേയ്ക്കാണ് ഇന്റര്‍വ്യൂവിനായി വിളിപ്പിച്ചത്. എന്നാല്‍ അക്ബറിന്‌റെ മുറിയിലായിരിക്കും ഇന്റര്‍വ്യൂ എന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഷുമ പറയുന്നു. വൈകുന്നേരം ഡ്രിങ്ക്‌സ് കഴിക്കാന്‍ അക്ബര്‍ ക്ഷണിച്ചു. തന്നെ ജോലിക്ക് തിരഞ്ഞെടുത്തെങ്കിലും അക്ബര്‍ എഡിറ്ററായ സ്ഥാപനത്തില്‍ ജോലി ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചതായി ഷുമ പറഞ്ഞു. 2010ല്‍ എംജെ അക്ബര്‍ എഡിറ്ററായിരിക്കെ ഇന്ത്യ ടുഡേയില്‍ ചേര്‍ന്ന ശുതാപ പോളിനും സമാനമായ അനുഭവമാണ് ഉണ്ടായത്.

റിപ്പോര്‍ട്ടര്‍മാര്‍ക്ക് പുറമെ അക്ബറുമായി കൂടുതല്‍ അടുത്ത് ജോലി ചെയ്യേണ്ടി വരുന്ന ഡെസ്‌കിലെ വനിത സബ് എഡിറ്റര്‍മാരും വലിയ തോതില്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായി. താഴെ ഇരിക്കുന്ന ഡിക്ഷണറി എടുത്ത് അര്‍ത്ഥം നോക്കാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അക്ബര്‍ തന്നെ കടന്നുപിടിച്ചതായി ഗസാല പറയുന്നു. പലയിടത്തും അക്ബറിനെ ന്യായീകരിച്ച് സിറ്റിസണില്‍ സീമ മുസ്തഫ എഴുതിയ ലേഖനത്തിന്‍ പോലും ഇത്തരം ചൂഷണങ്ങളുടെ സൂചനയുണ്ട്. എല്ലാ യുവ വനിത മാധ്യമപ്രവര്‍ത്തകരേയും പേജ് വണ്ണില്‍ അക്ബര്‍ നിയോഗിച്ചിരുന്നു. എഡിറ്ററുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിന് വേണ്ടിയായിരുന്നു ഇത്. ജോലിക്കിടെ തന്നെ കടന്നു പിടിച്ച് തന്റെ ബ്രേസിയറിന്റെ സ്്ട്രാപ് അഴിക്കാന്‍ അക്ബര്‍ ശ്രമിച്ചതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക സുപര്‍ണ ശര്‍മ ഓര്‍ക്കുന്നു.

അക്ബറിനെ സംരക്ഷിക്കാനാണ് സുഹൃത്തുക്കള്‍ ശ്രമിച്ചത്. അക്ബറിനേക്കാള്‍ സീനിയറായവര്‍ അത് കണ്ടില്ലെന്ന് നടിക്കാനും. തന്റെ അനുഭവം അന്നത്തെ ബ്യൂറോ ചീഫ് സീമ മുസ്തഫയോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു വളരെ ലാഘവത്തോടെ അവരുടെ മറുപടി എന്ന് ഗസാല വഹാബ് ഓര്‍ക്കുന്നു. സംഭവം കൃത്യമായി ഓര്‍മ്മയില്ലെന്നും ഇക്കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കേണ്ടത് എന്ന് താന്‍ പറഞ്ഞിട്ടുണ്ടാകാമെങ്കിലും അവര്‍ക്കൊപ്പം തന്നെയായിരുന്നു താനെന്നും സീമ മുസ്തഫ പറയുന്നു. അവര്‍ പരാതി കൊടുത്താല്‍ താന്‍ പിന്തുണയ്ക്കുമായിരുന്നു. പരാതി പറയേണ്ട ഇടം സോഷ്യല്‍ മീഡിയ അല്ലെന്നും അതിന് വേറെ സ്ഥലങ്ങളുണ്ടെന്നും സീമ മുസ്തഫ പറയുന്നു.

https://www.azhimukham.com/news-update-mj-akbars-resignation-bjp-continue-their-silent/

Next Story

Related Stories