TopTop
Begin typing your search above and press return to search.

'കമാലുദ്ദീ'നെ ദേശസ്നേഹം പഠിപ്പിച്ചു കഴിഞ്ഞെങ്കില്‍ ഭക്തരുടെ സഹായം ആവശ്യമുള്ള ചില കാര്യങ്ങള്‍

സിനിമാ തീയേറ്ററില്‍ ഓരോ സിനിമയ്ക്കു മുമ്പും ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലവിലുള്ള സാഹചര്യത്തില്‍ ജനത്തിന് അത് അനുസരിച്ചേ പറ്റൂ. അത് ദേശഭക്തിയുടെ പേരിലാണോ അല്ലെയോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. ദേശഭക്തി എന്നത് സിനിമ കാണാന്‍ പോയിരിക്കുമ്പോള്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ച് ഉണ്ടാക്കിയെടുക്കേണ്ടതാണോ തുടങ്ങിയ മിനിമം ലോജിക്കുകള്‍ക്കു പോലും ഇടമില്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്.

നിയമം ഉണ്ടാക്കാനും അത് ശരിയായ വിധത്തിലാണോ രൂപം കൊടുത്തിരിക്കുന്നതെന്ന് പരിശോധിക്കാനും അത് നടപ്പാക്കുന്നതിനും അത് നടപ്പിലാകുന്നുണ്ടോ എന്നു പരിശോധിക്കാനുമൊക്കെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ ഇപ്പോള്‍ ദേശീയഗാനത്തിന്റെ പേരില്‍ ഭിന്നാഭിപ്രായമുള്ളവരെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ദേശഭക്തിയുടെ കരാര്‍ എടുത്തിട്ടുള്ള ചിലരാണ്. അവരാണ് മലയാള സിനിമയില്‍ മൂന്നു ദശകങ്ങളായി നിറഞ്ഞു നില്‍ക്കുകയും 50-ഓളം ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയും ഒക്കെ ചെയ്ത ഒരു സംവിധായകനെ മതത്തിന്റെ നിറം നോക്കി ദേശസ്‌നേഹം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അദ്ദേഹം ചെയ്ത കുറ്റമെന്താണ്? സുപ്രീം കോടതി വിധി ഉള്ളതിനാല്‍ എല്ലാ സിനിമകള്‍ക്കു മുമ്പും ദേശീയഗാനമുണ്ടായിരിക്കുമെന്നും അതിനോടുള്ള ആദരവെന്ന നിലയില്‍ ഡെലിഗേറ്റുകള്‍ എഴുന്നേറ്റു നില്‍ക്കണമെന്നും സംസ്ഥാന ഡി.ജി.പി അറിയിച്ചത് തീയറ്ററില്‍ അറിയിക്കാന്‍ സംവിധാനമുണ്ടാക്കി. എന്നാല്‍ ആ നിര്‍ദേശത്തോട് ഭിന്നാഭിപ്രായമുള്ളവര്‍ എഴുന്നേല്‍ക്കാന്‍ തയാറായില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും എന്നാല്‍ സിനിമ നടക്കുമ്പോള്‍ പോലീസ് തീയേറ്ററില്‍ കയറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിക്കുന്നത് വഴി പ്രദര്‍ശനം അലങ്കോലപ്പെടുമെന്നും അതിനാല്‍ തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ പോലീസ് തീയേറ്ററില്‍ കയറാവൂ എന്നും വ്യക്തമാക്കിയതാണോ അദ്ദേഹം ചെയ്ത കുറ്റം?

film-2

ഒരു ജനാധിപത്യ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളും നടപ്പുരീതികളുമുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജോലി തീയേറ്ററില്‍ ഒരാള്‍ എഴുന്നേല്‍ക്കുന്നുണ്ടോ ഇരിക്കുകയാണോ എന്നു നോക്കി അവരെ പോലീസിനു കൈമാറുകയല്ല, അത് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളുടെ സെന്‍സര്‍മാരുടെ രൂപത്തിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഒക്കെ നിലനിന്നിരുന്ന അവസ്ഥയാണ്. ചില മുസ്ലീം ഏകാധിപത്യ രാജ്യങ്ങളില്‍ ജനം മതനിയമങ്ങള്‍ പാലിക്കുന്നേുണ്ടോയെന്ന് പരിശോധിക്കാന്‍ മത പോലീസ് നടക്കുന്നതു പോലെ. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജോലി ഇപ്പോള്‍ നടക്കുന്ന ഫെസ്റ്റിവല്‍ മികച്ച രീതിയില്‍ നടത്തുക എന്നതാണ്. അവിടെ നടക്കുന്ന കാര്യങ്ങളുടെ അവസാന വാക്ക് ആ പദവി വഹിക്കുന്നയാളാണ്. അത് കൃത്യമായി പ്രകടിപ്പിക്കുകയും അത് തുറന്നു പറയുകയും ചെയ്തു എന്നതാണോ കമല്‍ ചെയ്ത തെറ്റ്? അപ്പോള്‍ അദ്ദേഹം പൊടുന്നനെ കമാലുദ്ദീനാകുന്നത് എങ്ങനെയാണ്? പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ അന്ന്‍ ദേശീയഗാന ഉത്തരവ് നിലവില്‍ ഉണ്ടായിരുന്നു എങ്കില്‍ തീയേറ്ററില്‍ നിന്ന് അദ്ദേഹം ജനത്തെ പിടിച്ച് പോലീസിന് കൊടുക്കുമായിരുന്നോ? അത് ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ ദേശഭക്തിക്കായി പോലീസ് വേഷമണിഞ്ഞിരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ പ്രിയദര്‍ശനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമായിരുന്നോ?

അപ്പോള്‍ പറഞ്ഞു വന്നത്, ഭണഘടനയെക്കുറിച്ചാണ്. തീയേറ്ററില്‍ പാടേണ്ടതല്ല ദേശീയഗാനം എന്നു പറയുന്നവരെ നിശബ്ദരാക്കാനും അതിനോട് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യിപ്പിക്കാനുമൊക്കെ നടക്കുന്നവര്‍ പറയുന്ന ന്യായം നിയമം ലംഘിക്കാന്‍ പാടില്ല എന്നാണെല്ലോ. അതുകൊണ്ട് ചോദിക്കട്ടെ, ഭരണഘടനയെ ലംഘിക്കുന്നത് ശരിയാണോ? ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റും നിയമസഭകളും പാസാക്കിയിട്ടുള്ള നിയമങ്ങള്‍ ലംഘിക്കുന്നത് ശരിയാണോ?

അപ്പോള്‍ "കമാലുദ്ദീ"നെ ദേശസ്‌നേഹം പഠിപ്പിച്ചു കഴിഞ്ഞെങ്കില്‍ ദേശസ്‌നേഹികളായ ഭക്തരോട് ചില ചോദ്യങ്ങള്‍. ഇത് ഞങ്ങള്‍ കുറച്ചേറെയായി ഇവിടെ ഉന്നയിക്കുന്ന കാര്യങ്ങളാണ്. തീര്‍ച്ചയായും ഈ മഹത്തായ രാജ്യത്തിന്റെ യശസ്സ് നിലനിര്‍ത്താന്‍ അഹോരാത്രം പണിപ്പെടുന്ന നിങ്ങള്‍ക്ക് അതു വേഗം മനസിലാകും എന്നതില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ മുകളില്‍ നിന്നു തന്നെ തുടങ്ങാം.

bhakth-2

ഇന്ന് രാജ്യത്ത് ടെലികോം മേഖലയില്‍ ഏറ്റവും വലിയ നിക്ഷേപവും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സ്‌പേസും ഉള്ള റിലയന്‍സ് ജിയോ എങ്ങനെയാണ് ടെലികോം ലൈസന്‍സ് നേടിയത് എന്നതു സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതായത്, ഒരു ചെറുകിട കമ്പനി, ഇവരെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും വഴിവിട്ടു സഹായിച്ചിരുന്നു, വ്യാജമായി ചമച്ച ബാങ്ക് ഗ്യാരണ്ടി 4ജി ലേലത്തിനായി സമര്‍പ്പിക്കുകയും എങ്ങനെയൊക്കെയോ അതുപയോഗിച്ചു തന്നെ മറ്റുള്ളവരെ കടത്തി വെട്ടി ലൈസന്‍സ് സ്വന്തമാക്കുകയും അന്നു തന്നെ റിലയന്‍സ് ആ കമ്പനിയെ സ്വന്തമാക്കുകയുമാണ് ചെയ്തത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അന്നത്തെ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും പ്രഖ്യാപിക്കാന്‍ തയാറായില്ല. യാദൃശ്ചികമല്ലാത്ത ഒരു കാര്യം കൂടിയുണ്ട് ഇവിടെ, രവിശങ്കര്‍ പ്രസാദും മകനും ഒരു സമയത്ത് റിലയന്‍സിന്റെ പേ റോളിലുണ്ടായിരുന്നവരാണ്, നിയമസഹായം നല്‍കി എന്നതിന്റെ പേരില്‍. രവിശങ്കര്‍ പ്രസാദിന്റെ തലപ്പത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്തും ഒപ്പം ജിയോ പരസ്യത്തില്‍ സന്തോഷവാനായി പുഞ്ചിരിച്ചിരിക്കുകയും ചെയ്ത വ്യക്തിയും. മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് പറഞ്ഞ ഒരു വാചകമുണ്ട്. "കക്കുകയുമില്ല, ഒരാളെയും അതിന് അനുവദിക്കുകയുമില്ല" എന്നായിരുന്നു അത്. ഈ വാക്കുകള്‍ അദ്ദേഹം പാലിക്കുമെന്നായിരുന്നു ഈ നാട്ടിലെ ജനത്തിന്റെ പ്രതീക്ഷ. ഇക്കാര്യത്തില്‍ ഭക്തരേ, നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ?

ഇനി മറ്റൊന്ന്, ഗൗതം അദാനി, അദ്ദേഹത്തിന്റെ വിമാനത്തിലാണ് മോദി തന്റെ തെരഞ്ഞെടുപ്പു പ്രചരണക്കാലത്ത് ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയത്. ഇന്ത്യയില്‍ നിന്ന് 5000 കോടി രൂപയിലേറെ വിദേശത്തേക്ക് കടത്തിയതില്‍ കുറ്റാരോപിതനായ ഒരാളാണ് അദാനി. എന്നാല്‍ ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ നാടുകടത്തിയെന്ന് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലും ഇപ്പോള്‍ നിലവിലുണ്ടോ എന്നു സംശയമുണ്ട്. ഈ കേസിലും ശരിയായ വിധത്തിലൊരു പരിഹാരം ഉണ്ടാക്കാന്‍ രാജ്യത്തെ മറ്റുളളവരിലുമധികം സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് കഴിയില്ലേ? ഇന്ത്യയെ ശരിയാക്കും എന്ന മോദിയുടെ പ്രഖ്യാപനം നടപ്പാക്കാത്തതില്‍ ഞങ്ങള്‍ക്കും നിരാശയുണ്ട്. നിങ്ങളിലാണ് ഇനി പ്രതീക്ഷ. എന്തു ചെയ്യാന്‍ കഴിയും ഭക്തര്‍ക്ക് ഇക്കാര്യത്തില്‍?

bhakth-3

സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു മനുഷ്യന്‍ "രഹസ്യമായി" എടുത്ത ഒരു തീരുമാനത്തിലൂടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും വിശേഷാധികാരങ്ങളുമൊക്കെ നഗ്നമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. ലോകത്തിലെ മികച്ച സമ്പദ്ശാസ്ത്രജ്ഞരൊക്കെ നമ്മുടെ രാജ്യത്തെ നോക്കി പരിഹസിക്കുന്നു, നോട്ട് നിരോധനത്തിലുടെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുന്നു. നമുക്ക് നമ്മുടെ ജീവിതം സാധാരണഗതിയിലാക്കേണ്ടതുണ്ട്. ഭക്തര്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും?

ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു കഴിഞ്ഞെങ്കില്‍ ഇനി നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് നരേന്ദ്ര മോദിയെക്കുറിച്ചാകട്ടെ, സഹാറ ഗ്രൂപ്പിലും ബിര്‍ളാ ഗ്രൂപ്പിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ ആരോപിക്കുന്നത് മോദി അനധികൃതമായി നിരവധി കോടികള്‍ ഇവരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട് എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സഹാറ ഗ്രൂപ്പ് 52 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 25 കോടിയും മോദിക്കായി നല്‍കിയിട്ടുണ്ട് എന്നാണ് ആ രേഖകള്‍ പറയുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് ഈ രേഖകളില്‍ പറയുന്നുണ്ട്. ശരി, ഈ കള്ളപ്പണമൊക്കെ ഇല്ലാതാക്കാനും രാജ്യത്തെ ശക്തിപ്പെടുത്താനുമുള്ള ശ്രമമെന്ന നിലയില്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം. നിങ്ങള്‍, ഭക്തര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും ഇക്കാര്യത്തില്‍?

bhakth-4

തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എടിഎം ക്യൂവില്‍ കുഴഞ്ഞു വീണ വൃദ്ധരും പിതാവിന്റെ ചികിത്സക്ക് സമയത്തിന് പണം ലഭിക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത യുവതിയും ചികിത്സക്കായി പണം ലഭിക്കാത്തതുകൊണ്ട് സ്വയം വെടിവച്ചു മരിച്ച സൈനികനും ഒക്കെ, നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്ക് തീര്‍ച്ചയായും അനുഗ്രഹിക്കും. ഒപ്പം, ഗുജറാത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളുമായ അനാഥക്കുട്ടികളും വിധവകളും.

ഒന്നു ശ്രമിച്ചു നോക്കിക്കൂടേ? നിങ്ങളുടെ വിലപ്പെട്ട സമയം ഇങ്ങനെ ദേശീയഗാനത്തിന്റെ പുറകെ മാത്രം പോകേണ്ടതല്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. രാഷ്ട്രപുനര്‍നിര്‍മാണത്തിനായി മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരുകൈ സഹായം ചെയ്യാന്‍ മുന്നോട്ടു വരൂ.


Next Story

Related Stories