UPDATES

പക്കോട പൊളിറ്റിക്സ്; തൊഴില്‍ വളര്‍ച്ച കാണിക്കാന്‍ മോദി സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു

കാര്‍ഷികേതര, അനൌപചാരിക മേഖലയിലെ തൊഴിലുകളെക്കൂടി എണ്ണത്തില്‍പ്പെടുത്താനാണ് മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് പക്കോട വില്‍ക്കുന്നതും ഒരു തൊഴിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൊഴില്‍ ഇല്ലാത്തതിലും നല്ലത് പക്കോട ഉണ്ടാക്കി വില്‍ക്കുന്നതാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രസ്താവിച്ചത്. വര്‍ഷം രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവരുടെ നയപരിപാടികള്‍ മൂലം ഉള്ള തൊഴിലുകള്‍ കൂടി നഷ്ടപ്പെടുകയാണ് ചെയ്തത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തൊഴിലില്ലായ്മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് എന്നാണ് ദി മിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രശാന്ത് കെ. നന്ദ ചൂണ്ടിക്കാണിക്കുന്നത്.

ഇതനുസരിച്ച് 10 പേരില്‍ കുറവുള്ള സ്ഥാപനങ്ങളിലെ ജോലിയും സര്‍ക്കാര്‍ ഇനി തൊഴിലിന്റെ  എണ്ണത്തില്‍ക്കൂട്ടും. ഉടമയും ഒരു തൊഴിലാളിയും മാത്രമുള്ള കഥകളും ഇനി തൊഴില്‍ സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടും എന്നാണ് ഇതിനര്‍ത്ഥം.

കാര്‍ഷികേതര, അനൌപചാരിക മേഖലയിലെ തൊഴിലുകളെക്കൂടി എണ്ണത്തില്‍പ്പെടുത്താനാണ് മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

10 പേരില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെക്കൂടി തൊഴിലവസരങ്ങളുടെ എണ്ണത്തില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ ബ്യൂറോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒറ്റക്കൊരാള്‍ നടത്തുന്ന സ്ഥാപനവും ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ കൂട്ടത്തില്‍ വരും. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ 2019-ന്റെ ആദ്യത്തിലോ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. 2019-ല്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുക വഴി വിമര്‍ശകരുടെ നാവടപ്പിക്കാമെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

“10 പേരില്‍ കുറവുള്ള സ്ഥാപനങ്ങളെക്കൂടി തൊഴിലവസര കണക്കെടുപ്പില്‍ എണ്ണത്തില്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചു” എന്ന് തൊഴില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേശകന്‍ ബി. എന്‍ നന്ദ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉണ്ട്.

“രാജ്യത്തെ തൊഴില്‍സ്ഥിതിയെ കുറിച്ചുള്ള ഒരു സമഗ്രമായ ചിത്രം ഇത് നല്കും. രാജ്യത്തെ തൊഴില്‍ വളര്‍ച്ചയെക്കുറിച്ചുള്ള സംവാദത്തിനും തീര്‍പ്പാകും”, ഇതിനായുള്ള ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചതായി നന്ദ പറഞ്ഞു.

ജൂലായ് 2017-ല്‍, നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള ദൌത്യസംഘം ഔപചാരിക തൊഴിലാളികള്‍ എന്നതിന് കൂടുതല്‍ ‘പ്രായോഗികമായ നിര്‍വചനം’ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സ്വകാര്യ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ എന്നിവയുള്ള തൊഴിലാളികള്‍, വരുമാനത്തില്‍ നിന്നും നികുതി പിടിക്കപ്പെടുന്ന (TDS) ജോലി ചെയ്യുന്നവര്‍, ചരക്ക് സേവന നികുതിയില്‍ (GST) നിന്നും ഒഴിവാക്കപ്പെട്ട കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു ഒരു നിര്‍ദേശം.

“രേഖാമൂലമുള്ള കരാറുകള്‍ അത്ര സാധാരണമല്ലാത്ത, നാലില്‍ മൂന്നു സ്ഥാപനങ്ങളും 10-ല്‍ കുറവ് തൊഴിലാളികള്‍ മാത്രമുള്ള  ഇന്ത്യന്‍ ചുറ്റുപാടില്‍, പ്രോവിഡന്റ് ഫണ്ട്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒരു ഔപചാരിക തൊഴിലാളിയെ നിര്‍വചിക്കുന്നത് ഒരു യുക്തിസഹമായ ഒത്തുതീര്‍പ്പാണ്” എന്നും അധികൃതര്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇതര സംസ്ഥാന തൊഴില്‍ കുടിയേറ്റം കുറയുന്നു

അനൌപചാരിക തൊഴിലുകളുടെ പുതിയ കണക്കെടുപ്പിന്  2013-14-ലെ ആറാമത് സാമ്പത്തിക സെന്‍സസാകും തൊഴില്‍ മന്ത്രാലയം  അടിസ്ഥാനമാക്കുക എന്ന് നന്ദ പറയുന്നു. അതിന്റെ വിശംദാംശങ്ങള്‍ ഒരു സമിതി തയ്യാറാക്കി വരികയാണ്. “2019-ഓടെ ആദ്യ സര്‍വെ പ്രസിദ്ധീകരിക്കാം എന്നാണ് കരുതുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആറാം സാമ്പത്തിക സെന്‍സസ് പ്രകാരം, 41.97 ദശലക്ഷം സ്ഥാപനങ്ങള്‍ അഥവാ 71.74 ശതമാനം Own Account Establishments കളാണ്, അഥവാ മറ്റ് തൊഴിലാളികളെ ജോലിക്കു നിര്‍ത്താത്തവ. അവശേഷിക്കുന്ന 16.53 ദശലക്ഷം (28.26 ശതമാനം) കുറഞ്ഞത് ഒരു ജീവനക്കാരനെങ്കിലും ഉള്ള സ്ഥാപനങ്ങളാണ്.  2005-മുതല്‍ Own Account Establishments 56.02 ശതമാനം എന്ന നിരക്കിലാണ് വളര്‍ന്നതെങ്കില്‍ ജോലിക്കാരെ നിര്‍ത്തിയ സ്ഥാപനങ്ങള്‍ 15.11 ശതമാനം എന്ന നിരക്കിലാണ് വളര്‍ന്നത്.

“ഇന്ത്യയിലെ നിലവിലെ തൊഴില്‍ വളര്‍ച്ചയുടെ കൃത്യമായ സ്ഥിതി കാണിക്കാന്‍ ഇപ്പോഴുള്ള തൊഴില്‍ കണക്കുകള്‍ അപര്യാപ്തമാണ്. അത് വിശാലാടിസ്ഥാനത്തിലാക്കുകയും ഔപചാരിക തൊഴിലുകളുടെ നിര്‍വചനം പുതുക്കുകയും വേണം,” Teamlease  Services എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഋതുപര്‍ണ ചക്രബര്‍ത്തിയെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വാര്‍ഷിക കുടുംബ സര്‍വെ, 8 പ്രധാന മേഖലകളെയും 18 ഉപമേഖലകളെയും ഉള്‍പ്പെടുത്തിയുള്ള തൊഴില്‍ ബ്യൂറോയുടെ ത്രൈമാസ സ്ഥാപന സര്‍വെ, ഇപ്പോള്‍ 10 തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനങ്ങളുടെ പുതിയ സര്‍വെ എന്നിവയെല്ലാം ചേരുമ്പോള്‍ ഇന്ത്യയിലെ തൊഴിലുകളെക്കുറിച്ചുള്ള ഒരു സമഗ്രമായ ചിത്രം ലഭിക്കുമെന്നും നന്ദ പറയുന്നു.

അതേസമയം, സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2017 ജൂലായ്-സെപ്റ്റംബര്‍ കാലത്തെ തൊഴില്‍ കണക്കില്‍ പ്രധാനപ്പെട്ട 8 മേഖലകളില്‍ 7 എണ്ണത്തിലും, നിര്‍മ്മാണമേഖലയിലൊഴികെ തൊഴിലവസരങ്ങളില്‍ വര്‍ദ്ധനവുണ്ടായി. 2017 ഏപ്രില്‍-ജൂണില്‍ 64,000 തൊഴിലുകള്‍ ഉണ്ടായെങ്കില്‍ ജൂലായ്-സെപ്തംബറില്‍ 1,36,000 ആയി കൂടിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം വഴി ‘പക്കോട പൊളിറ്റിക്സ്’ എന്ന വിമര്‍ശനം മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുവാക്കളുടേതല്ല; കൂട്ട പിരിച്ചുവിടലിനൊപ്പം തൊഴിലവസരങ്ങളും ഇടിയുന്നു

ഓട്ടോമേഷന്‍: ചാവുമണി മുഴങ്ങുന്ന തൊഴിലിടങ്ങളും പുത്തന്‍ പ്രതിസന്ധികളും

ഇന്ത്യന്‍ ഐടി മേഖല ഈ വര്‍ഷം പിരിച്ചുവിട്ടത് 56,000 ജീവനക്കാരെ

തൊഴില്‍ വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കേന്ദ്രം ഒരു വഴി, സംസ്ഥാനം മറ്റൊരു വഴി: തൊഴിലും കൂലിയുമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍