സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ നിര്‍മാതാക്കള്‍ക്ക് 'സ്വകാര്യ സ്ക്രീനിങ്ങുകള്‍' നടത്താന്‍ കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ സ്ക്രീനിങ്ങുകളെ പൊതുപരിപാടിയായാണ് കാണുന്നത്.
ഗോരക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി, 'ലിഞ്ച് നേഷന്‍' യൂടൂബിലെത്തുന്നത് തടയാന്‍ മോദി സര്‍ക്കാര്‍ വഴികളാരായുന്നതായി റിപ്പോര്‍ട്ട്. 'ദി പ്രിന്റ്' ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ നിലവില്‍ യൂടൂബിലുണ്ട്. ഈ ട്രെയിലര്‍ യൂടൂബിനെക്കൊണ്ട് നീക്കം ചെയ്യിക്കാനാണ് ഇപ്പോഴത്തെ പദ്ധതി.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ ട്രെയിലര്‍ യൂടൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമിയോ എന്ന വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിലാണ് നിലവില്‍ ഈ ഡോക്യുമെന്ററി ഉള്ളത്. ഇത് കാണണമെങ്കില്‍ പ്രത്യേകം പാസ്വേഡ് ആവശ്യമാണ്. ഡോക്യുമെന്ററി നിര്‍മാതാക്കളില്‍ നിന്നുള്ള ലിങ്ക് ലഭിച്ചാല്‍ മാത്രമേ ഇതില്‍ കയറി കാണാനൊക്കൂ.
അതെസമയം ഈ ഡോക്യുമെന്ററി കേരളത്തിലടക്കം രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ ഇതിനകം തന്നെ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഈ ഡോക്യുമെന്ററിക്ക് ഇനിയും കിട്ടിയിട്ടില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ നിര്‍മാതാക്കള്‍ക്ക് 'സ്വകാര്യ സ്ക്രീനിങ്ങുകള്‍' നടത്താന്‍ കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ സ്ക്രീനിങ്ങുകളെ പൊതുപരിപാടിയായാണ് കാണുന്നത്. രാജ്യത്തിന്റെ സിനിമാട്ടോഗ്രാഫ് നിയമത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും.
ഏതുതരം നടപടിയാണ് ഡോക്യുമെന്ററി നിര്‍മാതാക്കള്‍ക്കെതിരെ എടുക്കേണ്ടതെന്ന കാര്യത്തില്‍ വിവരവിനിമയ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. യൂടൂബിനെ സമീപിക്കുന്നത് അടക്കമുള്ളവയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഡോക്യുമെന്ററി ജനങ്ങള്‍ക്കിടയില്‍ എത്താതിരിക്കാനുള്ള വഴികള്‍ ആദ്യമാരായും. ഇതിനു ശേഷമായിരിക്കും നിര്‍മാതാക്കള്‍ക്കെതിരായ നീക്കം.
ഷഹീന് അഹമ്മദ്, അഫ്ഷാഖ്, ഫര്ഖാന് ഫരീദി, വിഷു സേജ്വാള് എന്നിവരാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. സ്വകാര്യ സ്ക്രീനിങ്ങുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്ബില്‍ മാത്രമേ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാറുള്ളൂ. ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സെന്‍സര്‍ ബോര്‍ഡ് സര്ട്ടിഫിക്കേഷന് ആവശ്യമില്ല നിലവില്‍. എന്നാല്‍ ഈ പ്ലാറ്റ്ഫോമുകള്‍ക്കെല്ലാം നിര്‍ദ്ദേശം നല്കാന് കേന്ദ്രത്തിന് കഴിയും. രാജ്യത്തിനകത്ത് ഇവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കാനുള്ള നീക്കമാണ് കേന്ദ്രം ഇനി നടത്തുക എന്നാണ് പ്രതീക്ഷിക്കേണ്ടത്. 2012ലെ ഡല്‍ഹി കൂട്ടബലാല്‍സംഗം സംബന്ധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് 2015ല്‍ മോദി സര്‍ക്കാര്‍ ബിബിസിയെ വിലക്കിയിരുന്നു.