TopTop

അവര്‍ കുറ്റവാളികളെ രക്ഷിച്ചെടുക്കും, പ്രതിഫലവും കൈനീട്ടി വാങ്ങും

അവര്‍ കുറ്റവാളികളെ രക്ഷിച്ചെടുക്കും, പ്രതിഫലവും കൈനീട്ടി വാങ്ങും
നരേന്ദ്ര മോദി-അമിത് ഷാ ക്രിമിനല്‍ ദ്വന്ദം എങ്ങനെയാണ് തങ്ങളുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും മുസ്ലീം വംശഹത്യയിലുമുള്ള പങ്കിനെ നിയമത്തിന്റെ പിടിയില്‍ നിന്നും ഊരിയെടുത്തുപോന്നത് എന്ന് ആരും ചോദിച്ചില്ലെങ്കിലും അവര്‍ തന്നെ വ്യക്തമാക്കുകയാണ്. ഗുജറാത്ത് കലാപത്തില്‍ മോദിയെ സംശുദ്ധനാക്കി അന്വേഷണ റിപ്പോര്‍ട് നല്കിയ SIT തലവന്‍, മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍.കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയായി നിയമിച്ചിരിക്കുന്നു. അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നി
ന്നും കുറ്റവിമുക്തനാക്കിയ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സദാശിവം വിരമിച്ചപ്പോള്‍ നേരെ ചെന്നിറങ്ങിയത് കേരളത്തിന്റെ ഗവര്‍ണര്‍ കസേരയിലേക്കാണ്.മോദി-ഷാ ദ്വന്ദത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമായി, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട ഇശ്രത് ജഹാന്‍ (മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു) ലഷ്കര്‍ ഇ തൊയ്ബ ഭീകരവാദിയായിരുന്നില്ല എന്ന് കാണിച്ച് 2009-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരം നല്കിയ രണ്ടാം സത്യവാങ്മൂലത്തെ തള്ളിപ്പറഞ്ഞ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, വിരമിച്ചതിന് ശേഷം നേരെ പോയത് മോദിയുടെ പ്രായോജകനായ ഗൌതം അദാനിയുടെ, Adani Ports non-executive director ആയായിരുന്നു. പിള്ള ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ് എല്ലാവിധ പാരിസ്ഥിതിക ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അദാനി സ്ഥാപിച്ച മുന്ദ്ര തുറമുഖത്തിനുള്ള അനുമതികളെല്ലാം നല്കിയത്. പിള്ളയുടെ വിരമിക്കലിന് ശേഷമുള്ള ഈ 'സന്തോഷം സ്വീകരിക്കല്‍' മോദി-ഷാ- അദാനി സംയുക്ത താത്പര്യങ്ങളെ സംരക്ഷിച്ചതിന്‍റെ പ്രതിഫലമായിരുന്നു

ഉദ്യോഗക്കാലത്ത് നടത്തുന്ന ഇത്തരം അഴിമതികള്‍ക്ക് ഉന്നതോദ്യഗസ്ഥര്‍ക്ക് ഈ വക ഉപഹാരങ്ങള്‍ ഇതാദ്യമല്ല. 1984-ലെ സിഖ് വിരുദ്ധ കലാപത്തിനെക്കുറിച്ച് അന്വേഷിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥ് മിശ്ര, കലാപത്തില്‍ പരസ്യമായി നേതൃത്വം നല്കിയ കോണ്‍ഗ്രസുകാരെയും അതിന് സകല ഒത്താശയും ചെയ്തുകൊടുത്ത സര്‍ക്കാരിനെയും രക്ഷിച്ചെടുക്കുന്ന റിപ്പോര്‍ട്ടാണ് നല്കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നന്ദികേട് കാണിച്ചില്ല. മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും പിന്നെ രാജ്യസഭ എം പിയുമായി.

വംശഹത്യയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കോര്‍പ്പറേറ്റ് അഴിമതിയും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ആദ്യാവസാന അജണ്ടയാക്കി മാറ്റിയ രണ്ടു പേരില്‍ ഒരാള്‍ ഇന്ന് ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും മറ്റൊരാള്‍ അയാളുടെ ദേശീയ കക്ഷിയുടെ അധ്യക്ഷനുമാണ്. ഹീനമായ കുറ്റകൃത്യങ്ങളുടെ നാള്‍വഴികളില്‍ ഓരോന്നിലും അവരെ വിശുദ്ധന്മാരാക്കി വായ്ക്കുരവയിടുന്നത് ഈ രാഷ്ട്രീയ കുറ്റവാളി - ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്.

വോട്ടുചെയ്യുകയാണ് ഏക ജനാധിപത്യ ആഡംബരം എന്ന് ജനത്തെ വിശ്വസിപ്പിച്ച സ്ഥിതിക്ക് ഇതൊക്കെ കുറെക്കാലം നടന്നുപോയ്ക്കൊള്ളും. എല്ലാക്കാലവും നടക്കില്ല എന്നതിന് ലോകത്തെങ്ങുമുള്ള തകര്‍ന്ന സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങളും ഏകാധിപതികളുടെ കുഴിമാടങ്ങളുമാണ് സാക്ഷ്യം പറയുക.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories