വാര്‍ത്തകള്‍

മോദിയെയും ഷായെയും തെരഞ്ഞെടുപ്പു കമ്മീഷൻ എല്ലാ നിയമങ്ങൾക്കും മീതെ പ്രതിഷ്ഠിച്ചിരിക്കുന്നു: സീതാറാം യെച്ചൂരി

നിശ്ശബ്ദ പ്രചാരണത്തിന്റെ സന്ദർഭത്തിൽ പട്ടാളദൗത്യം പോലുള്ള വിഷയങ്ങളിൽ പ്രസ്താവനകളിറക്കി വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഡ്ഢിയാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തെരഞ്ഞെടുപ്പു കമ്മീഷനാകട്ടെ, പ്രധാനമന്ത്രി എല്ലാ നിയമങ്ങൾക്കും അതീതനാണെന്ന തരത്തിലാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരസ്യപ്രസ്താവനയെ ചൂണ്ടിക്കാട്ടി യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുമുണ്ട്.

ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ബാലാകോട്ട് ആക്രമണത്തെക്കുറിച്ച് മോദി അവകാശവാദങ്ങള്‍ ഉന്നയിച്ചത്. കാലാവസ്ഥ പ്രതികൂലമായിട്ടും താൻ സൈനികരെ ബാലാകോട്ടിലേക്ക് പറഞ്ഞുവിട്ടെന്നും മേഘങ്ങൾ റഡാറുകളിൽ നിന്നും ഇന്ത്യൻ വിമാനങ്ങളെ മറച്ചു പിടിക്കുമെന്ന തന്റെ നിലപാടിന്റെ ഉറപ്പിലാണ് അത് നടന്നതെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. അതെസമയം, റഡാറുകൾക്ക് മേഘങ്ങളെ കടന്നുചെന്ന് വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കില്ലെന്ന പ്രസ്താവനയെ സോഷ്യൽ മീഡിയ കളിയാക്കുകയാണിപ്പോൾ.

ഇതിനു പിന്നാലെ ഇന്ന് കുഷിംനഗറിൽ വെച്ചും പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രസ്താവന മോദി നടത്തുകയുണ്ടായി. ‘എന്തുകൊണ്ടാണ് മോദി ഭീകരരെ കൊല്ലുമ്പോൾ ചിലർ ആശങ്കപ്പെടുന്നത്’ എന്നായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരരെ കൊല്ലാൻ സൈന്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

ഈ രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞാണ് യെച്ചൂരി കത്തെഴുതിയിരിക്കുന്നത്. നിരന്തരമായി പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ടിരിക്കുമ്പോഴും മോദിക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമ്മീഷൻ എടുത്തിരിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. കൂടുതൽ ചട്ടലംഘനങ്ങളുണ്ടാകാതിരിക്കാൻ ഇതിന്മേൽ നടപടിയുണ്ടാകണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

നിശ്ശബ്ദ പ്രചാരണത്തിന്റെ സന്ദർഭത്തിൽ പട്ടാളദൗത്യം പോലുള്ള വിഷയങ്ങളിൽ പ്രസ്താവനകളിറക്കി വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. സായുധസേന രാജ്യത്തിന്റെ മൊത്തം സ്വത്താണെന്നും ഏതെങ്കിലും പാർട്ടിക്ക് അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ നിയമങ്ങളും ലംഘിച്ച് മോദി തെരഞ്ഞെടുപ്പു കമ്മീഷനെ വിഡ്ഢിയാക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിക്കാൻ ശേഷിയുള്ള പ്രത്യാഘാതങ്ങളാണ് ഇതുകൊണ്ടുണ്ടാവുകയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

സിപിഎം നേരത്തെയും ഇത്തരം പരസ്യ ചട്ടലംഘനങ്ങൾ പുറത്തു കൊണ്ടുവന്നിട്ടും കമ്മീഷൻ മോദിയെയും അമിത് ഷായെയും എല്ലാ നിയമങ്ങൾക്കും അതീതമായി പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍