TopTop

മോദിയുടെ 2019 മന്ത്രം: അച്ഛേ ദിൻ മറക്കൂ; ഭീകരതയെ, പാകിസ്താനെ, മുസ്ലിങ്ങളെ പേടിക്കൂ: ശേഖര്‍ ഗുപ്ത

മോദിയുടെ 2019 മന്ത്രം: അച്ഛേ ദിൻ മറക്കൂ; ഭീകരതയെ, പാകിസ്താനെ, മുസ്ലിങ്ങളെ പേടിക്കൂ: ശേഖര്‍ ഗുപ്ത
വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അധികാരത്തിലുള്ളയാൾ വോട്ടർമാരോട് ചോദിക്കേണ്ടത് എന്തായിരിക്കണം. അത് തീർച്ചയായും തന്റെ ഭരണകാലയളവിനെക്കുറിച്ചുള്ള ചോദ്യമായിരിക്കണമെന്നുറപ്പ്. എന്നെ തെരഞ്ഞെടുത്ത കാലത്തെക്കാളും മികച്ച നിലയിലാണോ നിങ്ങളിപ്പോഴുള്ളത് എന്ന ചോദ്യം. എന്നാൽ മോദിയുടെ ചോദ്യം ഇതാണ്: എന്നെ തെരഞ്ഞെടുത്തപ്പോഴേക്കാൾ സുരക്ഷിതത്വം തോന്നുന്നുണ്ടോ ഇപ്പോൾ? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ദി പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നത് ഇതാണ്.

അതെ എന്നാണുത്തരമെങ്കിൽ വീണ്ടും അരക്ഷിതാവസ്ഥകളുടെ കഥകൾക്ക് പ്രസക്തിയില്ല. പിന്നെന്ത് കാര്യത്തിനാണ് അതേ ജനങ്ങൾ വീണ്ടു നിങ്ങളെ തെരഞ്ഞെടുക്കേണ്ടത്? മോദിയുടെ ലോകത്ത് ഇതിന് മറ്റൊരു പരിഹാരം ഉയർന്നു വരുന്നു. 2008ലെ 26/11 ഭീകരാക്രമണത്തെക്കാൾ സുരക്ഷിതത്വം തോന്നുന്നുണ്ടോ ഇപ്പോൾ എന്നാകും ചോദ്യം. സാധാരണ രാഷ്ട്രീയക്കാർ തങ്ങളുടെ സ്വന്തം പൂർവ്വ പ്രവർത്തനങ്ങളെ പ്രതി വോട്ടർമാരെ കാണുന്നു. കുടിലബുദ്ധിയായ രാഷ്ട്രീയക്കാരൻ തന്റെ എതിരാളികളുടെ മുൻകാല പ്രവൃത്തികളെ പ്രതി വോട്ടർമാരെ കാണുന്നു. കുടിലതയില്ലെങ്കിൽ മോദി എന്ന രാഷ്ട്രീയക്കാരനില്ല.

വിശദാംശങ്ങളുദ്ധരിച്ച് പ്രതിരോധിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം. എന്നാൽ നിങ്ങളെക്കാൾ വിദഗ്ധമായി മോദി കഴിഞ്ഞ അഞ്ചു കൊല്ലമായി അത് ചെയ്തു കൊണ്ടിരിക്കുന്നു. കശ്മീരിനു പുറത്ത് വലിയൊരു ഭീകരാക്രമണമുണ്ടായിട്ടില്ലെന്നാണ് മോദി വാദിക്കുക. അതിനു മുമ്പുള്ള യുപിഎ കാലത്തും സമാനമായ ശാന്തത നിലനിന്നിരുന്നു എന്നത് കോൺഗ്രസ്സ് പോലും മറന്നുപോകുന്ന വിധത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്.

മോദി തന്റെ നേട്ടങ്ങളെക്കുറിച്ചല്ല പ്രചാരണം നടത്തുന്നത്. ദേശീയ സുരക്ഷിതത്വം വർധിച്ചതിനെക്കുറിച്ചല്ല സംസാരിക്കുന്നത്. പകരം കൂടുതൽ അരക്ഷിതത്വം രാജ്യത്ത് വളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. 2014ൽ പ്രതീക്ഷകളുടെ ഭാരം കയറ്റിവെച്ചാണ് മോദി ജയിച്ചത്. ഇത്തവണ വീണ്ടുമൊരു അവസരം ചോദിക്കുന്നത് പാകിസ്താനിൽ നിന്നുള്ള ഭീകരവാദ ഭീഷണിയെ ചൂണ്ടിക്കാട്ടിയാണ്. തന്നെ എതിർക്കുന്നവരെല്ലാം ഭീകരരെ സഹായിക്കുന്നവരും പാകിസ്താനോട് അനുഭാവമുള്ളവരുമാണെന്ന് പറഞ്ഞുണ്ടാക്കുന്നു. സൈന്യം പാകിസ്താനെതിരെ നടത്തിയ തിരിച്ചടിയുടെ വിശദാംശങ്ങൾ ചോദിക്കുന്നവരെ സായുധസേനയെ അപമാനിക്കുന്നവരായി ചിത്രീകരിക്കുന്നു.

എന്താണ് 2014ലെ ശുഭാപ്തിചിന്തയിൽ നിന്നും 2019ലെ ഭീതിയിലേക്കുള്ള മോദിയുടെ പരിണാമത്തിന്റെ അർത്ഥം?

മോദിയും ഷായും വിശ്വസിക്കുന്നത് 'ടോട്ടൽ പൊളിറ്റിക്സി'ലാണ്. രാഷ്ട്രീയം എല്ലാത്തിനും എല്ലാമായിത്തീരുന്ന അവസ്ഥയാണത്. അധികാരം കൈയാളുക എന്നതിൽക്കുറഞ്ഞ് യാതൊന്നിനും അവിടെ സാധുതയില്ല. ഏതു മാർഗമുപയോഗിച്ചും അധികാരം നേടാം.

ഭീകരത എന്ന് പറയുമ്പോൾ അത് പാകിസ്താനുമായി മാത്രമല്ല, മുസ്ലിങ്ങളുമായിക്കൂടി മോദി ബന്ധിപ്പിക്കുന്നതായി കാണാം. മുസ്ലിങ്ങളെ അന്യവൽക്കരിച്ചു നിർത്തുന്ന പ്രചാരണങ്ങളിലൂടെയാണ് മോദി-ഷാ കൂട്ടുകെട്ട് 2014ൽ വിജയം കണ്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് അവർ വിജയിച്ചത് വെറും 7 മുസ്ലിം സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയാണ്. രാജ്യത്ത് 14 ശതമാനം മുസ്ലിങ്ങളുള്ളതിൽ വെറും ഏഴുപേർ! ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അവർ‌ തൂത്തുവാരി. ഇപ്പോൾ കോൺഗ്രസ്സിനെ 'മുസ്ലിം പാർട്ടി' എന്നു വിളിച്ചാണ് വൻ ഭീതിയുടെ അന്തരീക്ഷം അവർ സൃഷ്ടിക്കുന്നത്. മുസ്ലിങ്ങളുടെ വോട്ട് കിട്ടിയില്ലെങ്കിലും സാരമില്ല, തനിക്ക് ഹിന്ദുക്കളുടെ പൂർണ പിന്തുണ കിട്ടുമെന്നുള്ള സന്ദേശവും മോദി പകർന്നു കൊണ്ടിരിക്കുന്നു....

കൂടുതൽ വായിക്കുക

Next Story

Related Stories