TopTop

ഹമീദ് അന്‍സാരി സംസാരിക്കുന്നതും സംഘപരിവാര്‍ കേള്‍ക്കുന്നതും

ഹമീദ് അന്‍സാരി സംസാരിക്കുന്നതും സംഘപരിവാര്‍ കേള്‍ക്കുന്നതും
ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ചപ്പോള്‍ അത് നിഷേധിക്കുകയും ഇതില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ആറ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത് രണ്ട് ആഴ്ച മുമ്പാണ്. ന്യൂനപക്ഷങ്ങളുടെ വിഷയത്തില്‍ സര്‍ക്കാരിനുള്ള നിലപാടെന്തെന്ന് വ്യക്തമാക്കുന്നതാണ് ഇത്. അല്ലെങ്കില്‍ ആര്‍എസ്എസിന്റെ ദലിത്-മുസ്ലിം വിരുദ്ധ നിലപാടുകള്‍ സര്‍ക്കാരിനെ ഉപയോഗിച്ച് ഇന്ത്യന്‍ ജനതയില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം എന്നും ഇതിനെ വ്യാഖ്യാനിക്കാം. ഇന്നലെ ഹമീദ് അന്‍സാരി തന്റെ ഉപരാഷ്ട്രപതി പദവി ഒഴിഞ്ഞ് രാജ്യസഭയില്‍ നിന്ന് ഇറങ്ങുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് അവര്‍ വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുന്നു.

അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയാണ് എത്തിയത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന അന്‍സാരിയുടെ നിലപാടിനോടുള്ള അനിഷ്ടത്തിന്റെ ഭാഗമാണെന്ന് തുടര്‍ന്നുള്ള മോദിയുടെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്. വൈകിയെത്തിയെതിനാല്‍ പ്രൊട്ടോക്കോള്‍ ലംഘിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ശേഷം സംസാരിച്ച മോദി അന്‍സാരിയെക്കുറിച്ച് നിരവധി നല്ല കാര്യങ്ങളും പറഞ്ഞു. എന്നാല്‍ അതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്ത ചില വാക്കുകളും ശ്രദ്ധിക്കേണ്ടതാണ്. അതുകൂടാതെ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ ഏറെ കാലവും വെസ്റ്റ്‌ ഏഷ്യയില്‍ ജീവിച്ച അന്‍സാരിയുടെ ചിന്തകളിലും അദ്ദേഹം ഒരു കരിയര്‍ ഡിപ്ലോമാറ്റ് ആയിരുന്നു. താങ്കളുടെ മനസില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇനി അത്തരമൊരു സാഹചര്യം ഉണ്ടാകില്ല. അങ്ങയ്ക്ക് സ്വാതന്ത്ര്യമുണ്ടാകും. അങ്ങയുടെ പ്രത്യയശാസ്ത്രമനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും സാധിക്കും എന്നു കൂടി പറഞ്ഞാണ് മോദി നിര്‍ത്തിയത്.

രാജ്യസഭ ടെലിവിഷന് അന്‍സാരി നല്‍കിയ അഭിമുഖമാണ് മോദി അടക്കമുള്ളവരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. 'രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ നിന്നും ഞാന്‍ പലതും കേള്‍ക്കാറുണ്ട്. കൂടുതല്‍ വടക്കേ ഇന്ത്യയെക്കുറിച്ചാണ്. ഇവിടെ സംഘര്‍ഷാവസ്ഥ തോന്നുന്നുണ്ട്. സുരക്ഷിതത്വമില്ലായ്മ എല്ലായിടത്തും പടര്‍ന്നുപിടിച്ചിരിക്കുന്നു'. എന്നാണ് അദ്ദേഹം പറഞ്ഞത്. സമീപകാലത്തെ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ മുസ്ലിങ്ങളും ദലിതരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതത്വമില്ലായ്മ ഏറെ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാകും. മോദിക്ക് കീഴിലുള്ള മൂന്ന് വര്‍ഷത്തെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന അന്‍സാരി ഇതിന് മുമ്പും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പലയിടത്തും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിയോട് പ്രധാനമന്ത്രി ഇത്തരത്തില്‍ പറയുമ്പോള്‍ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന ആശങ്കയും സംശയങ്ങളുമുള്ള സാധാരണക്കാരുടെ ജനക്കൂട്ടത്തോട് ഇതിലും കടുത്ത ഭാഷ തന്നെ ഉപയോഗിക്കുമെന്നതിന് സംശയം വേണ്ട. മോദി സര്‍ക്കാരിനെ സംബന്ധിച്ച് പൂര്‍ണ നിയന്ത്രണം ലഭ്യമാകാതിരുന്ന മൂന്ന് വര്‍ഷങ്ങളാണ് കടന്നു പോയിരിക്കുന്നത്. റബ്ബര്‍ സ്റ്റാമ്പ് പദവികളാണെങ്കില്‍ പോലും തങ്ങളുടേതായ അധികാരം ഉള്ളവരാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. അതിനാലാണ് ഭരണത്തില്‍ പൂര്‍ണ നിയന്ത്രണം അവകാശപ്പെടാന്‍ സാധിക്കാത്തത്. എന്നാല്‍ ഇന്നുമുതല്‍ കഥമാറിയിരിക്കുകയാണ്. തങ്ങളുടെ സ്വന്തം ആളുകള്‍ തന്നെ രാഷ്ട്രപതി ഭവനിലും രാജ്യസഭയുടെ തലപ്പത്തും ഇരിക്കുമ്പോള്‍ ആര്‍എസ്എസ് കല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു ചെറിയ തടസ്സം പോലുമുണ്ടാകില്ലെന്ന ഉറപ്പ്.

പുതിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇക്കാര്യത്തില്‍ താന്‍ സര്‍ക്കാരിനൊപ്പമാണെന്ന് വളരെ വ്യക്തമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്. അന്‍സാരിയുടെ പ്രസ്താവനയ്ക്ക് മറുപടിയെന്നതിനപ്പുറം ആ വിഷയത്തെ അദ്ദേഹം ലഘൂകരിച്ച് കാണുന്നത് ഈ നിലപാട് മൂലമാണ്. 'ചിലര്‍ പറയുന്നത് ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതത്വമില്ലായ്മയിലാണെന്നാണ്. എന്നാല്‍ അതൊരു രാഷ്ട്രീയ അജണ്ട മാത്രമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തില്‍ ശ്രദ്ധയൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ആര്‍എസ്എസിനും എബിവിപിയ്ക്കും പുറത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് എന്നുകൂടി ഇവിടെ കൂട്ടിവായിക്കണം.

സോഷ്യല്‍ മീഡിയകളില്‍ കുറച്ചു നാളായി അന്‍സാരിക്കെതിരെ നടക്കുന്ന ചില ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പിന് കാരണം അദ്ദേഹം ന്യൂനപക്ഷത്തില്‍ നിന്നുള്ള വ്യക്തിയായത് മാത്രമാണെന്ന് മനസിലാകും. 'ഹമിദ് അന്‍സാരി, അസം ഖാന്‍, ലാലുപ്രസാദ് എന്നിവര്‍ എങ്ങനെയാണ് നേതാക്കളാകുന്നതെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. കോണ്‍ഗ്രസിനെയും അതുപോലുള്ള സെക്കുലറുകളെയും ഓര്‍ത്ത് നാണം തോന്നുന്നു'. എന്നാണ് ഒരാള്‍ ചോദിക്കുന്നത്. അതേസമയം റിപ്പബ്ലിക് ചാനലിലെ അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നത് മുസ്ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് വൈസ്പ്രസിഡന്റ് പദവി നേരത്തെ ഉപേക്ഷിച്ച് സംസാരിച്ചില്ലെന്നാണ്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ നന്ദിയില്ലാത്തവരും വിലകുറഞ്ഞുവരുമാണെന്നിരിക്കെ താങ്കള്‍ എന്തുകൊണ്ട് വിരമിച്ച ശേഷം പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്നാണ് കനേഡിയന്‍ എഴുത്തുകാരനായ താരക് ഫത്ഹ ചോദിക്കുന്നത്. താങ്കള്‍ക്ക് രാജ്യത്തെ പരമോന്നത പദവി തന്നാല്‍ പോലും നന്ദിയുണ്ടാകില്ലെന്നാണ് മദ്രസയ്ക്കുള്ളില്‍ രൂപപ്പെട്ട ആ മനസിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദാമിനി കപാലിനി എന്ന ട്വിറ്ററാറ്റി ആരോപിക്കുന്നു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിനെതിരെ ഇല്ലാതിരുന്ന രൂക്ഷമായ സോഷ്യല്‍ മീഡിയ ആക്രമണമാണ് അന്‍സാരിക്കെതിരെയുള്ളത്. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ സംഘപരിവാറിനെ എത്രമാത്രം പ്രകോപിതരാക്കിയെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നിരുന്നാലും അധികാരമൊഴിയുന്നതിന് മുമ്പ് തന്നെ തനിക്ക് പറയാനുള്ളത് ജനങ്ങളോട് പറയാനായി എന്ന് അദ്ദേഹത്തിനെങ്കിലും ആശ്വസിക്കാം. പ്രതിപക്ഷ വിമര്‍ശനമില്ലെങ്കില്‍ ജനാധിപത്യം സ്വേച്ഛേധിപത്യമാകുമെന്ന ആദ്യ ഉപരാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ വാക്കുകളാണ് അദ്ദേഹം ഉദ്ദരിച്ചത്. ജനാധിപത്യത്തെ വേറിട്ടുനിര്‍ത്തുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണമാണെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ വ്യക്തമാണ്.
Next Story

Related Stories