പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചുവെന്ന് റിപ്പോര്‍ട്ട്. 23കാരനായ മുദസിര്‍ അഹമ്മദ് ഖാനെ ഏറ്റുമുട്ടലില്‍ വകവരുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ കശ്മീരിലെ ത്രാല്‍ മേഖലയില്‍ ഇന്നലെ രാത്രിയില്‍ നടന്ന് ഏറ്റുമുട്ടലില്് മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അടക്കം മൂന്നു പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഫെബ്രുവരി 14ന് നടന്ന ആക്രമണം ഏകോപിപ്പിച്ചത് ഇലക്ട്രീഷ്യന് കൂടിയായ മുദസിറാണെന്നും പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ധറുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഏജന്‍സി എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. ആദില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് മുദസിറാണ്. ഫെബ്രുവരി ആദ്യ വാരം ജയ്ഷെ മുഹമ്മദ് അംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ് വാഹനം വാങ്ങി കൈമാറിയത്.
Read: ആദില്‍ അഹമ്മദ് ധറിലൂടെ കാശ്മീര്‍ കടക്കുന്നത് ചാവേര്‍ ഭീകരവാദത്തിലേക്കോ?
പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയായ മുദസിര്‍ 2017 മുതല്‍ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളാണ്. 2018 ജനുവരിയില്‍ വീടുവിട്ട് പോയ മുദസിറിന് 2018 ജനുവരിയിലെ ലത്പൊറ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.