TopTop

ഇങ്ങനെ മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല: ഇന്ത്യയിലെ മുസ്ലീങ്ങള്‍ പറയേണ്ടത്‌

ഇങ്ങനെ മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല: ഇന്ത്യയിലെ മുസ്ലീങ്ങള്‍ പറയേണ്ടത്‌
തങ്ങള്‍ കൊല്ലപ്പെടുന്നത് മുസ്ലീങ്ങള്‍ ഒഴിവാക്കണം. ഞാന്‍ പറയുന്നത് വിചിത്രമാണെന്ന് നിങ്ങള്‍ക്ക് തോന്നാമെന്ന് അറിയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതാണ് ചെയ്യേണ്ടത്. അവരുടെ കൊലകള്‍ തടയുന്നതില്‍ പോലീസും നിയമ ഭരണകൂടവും ഒരു താത്പര്യവും ഇപ്പോള്‍ കാണിക്കുന്നില്ലെന്ന് മാത്രമല്ല, മറിച്ച്, ഇത്തരം കൊലപാതകങ്ങള്‍ രണ്ട് കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള തിരക്കിലുമാണ്. പക്ഷെ അംഗച്ഛേദം സംഭവിച്ച ഒരു ശരീരം ഉണ്ടെന്ന വസ്തുത അവര്‍ക്ക് നിരാകരിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രാഥമിക വിവരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവാറുണ്ടെങ്കിലും ഉടനടി തന്നെ കൊല്ലപ്പെട്ടയാളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു എതിര്‍ എഫ്‌ഐആറും ഉടനടി രേഖപ്പെടുത്താറുണ്ട്.

കൊലപാതകം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളില്‍ അവര്‍ പകരക്കാരായി പ്രവര്‍ത്തിക്കും. ലക്ഷ്യമിട്ടിരുന്ന വ്യക്തി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാലും നിയന്ത്രണശക്തിയുള്ള അവരുടെ നിയമപരമായ ശക്തി ഉപയോഗിച്ച് ഇരയെ വേട്ടക്കാരുടെ അടുത്തേക്ക് അവര്‍ എത്തിക്കും. ഒരു ഹോട്ടല്‍ ജീവനക്കാരനെ ഹോട്ടലിലേക്ക് ബലംപ്രയോഗിച്ച് മടക്കിക്കൊണ്ടുവരികയും കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്ത ജയ്പൂരില്‍ കഴിഞ്ഞ ദിവസം നമ്മളിത് കണ്ടതാണ്.

ഇവരുടെ ഭാഗം കേള്‍ക്കാന്‍ പൊതുവില്‍ കീഴ്‌ക്കോടതികള്‍ താത്പര്യം കാണിക്കാറില്ല. മരിച്ചില്ലെങ്കില്‍, ഏതെങ്കിലും ഒരു പ്രത്യേക ഇറച്ചി കൈവശം വച്ചു എന്ന കുറ്റത്തിന് പോലീസിന്റെയോ ജൂഡീഷ്യറിയുടെ കസ്റ്റഡിയില്‍ അവര്‍ എത്തപ്പെടും. അങ്ങനെയൊരു നിയമം യഥാര്‍ത്ഥത്തില്‍ നിലവിലില്ലെങ്കില്‍ പോലും.

ഇപ്പോള്‍ സുപ്രീംകോടതിയുടെ വാതിലുകളില്‍ മുട്ടിവിളിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ മുസ്ലീങ്ങള്‍ നേരിടുന്ന ജീവന്മരണ സാഹചര്യങ്ങളുടെ അടിയന്തിരാവസ്ഥ അംഗീകരിക്കാന്‍ അവിടെയുള്ള ജഡ്ജിമാര്‍ തയ്യാറാവുമോ എന്നത് സംശയമാണ്.അതുകൊണ്ടാണ് തങ്ങളുടെ വിധി നിര്‍ണയിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് വിട്ടുനല്‍കാന്‍ മേലില്‍ തങ്ങള്‍ തയ്യാറല്ലെന്ന് മുസ്ലീങ്ങള്‍ എഴുന്നേറ്റ് നിന്ന് കൂട്ടായി പ്രഖ്യാപിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. രാജസ്ഥാനില്‍ പെഹ്ലു ഖാനെയും അബ്ദുള്‍ ഗഫാര്‍ ഖുറേഷിയെയും പോലെയും ജമ്മുവില്‍ ഷാഹിദ് അഹമ്മദിനെ പോലെയും ജാര്‍ഖണ്ഡില്‍ മജ്‌ലൂം അന്‍സാരിയെയും ഇംതിയാസ് ഖാനെയും പോലെയും ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഹ്ലാക്കിനെ പോലെയും ഹരിയാനയില്‍ മുസ്‌തെയിന്‍ അബ്ബാസിനെ പോലെയും മരിക്കാന്‍ തങ്ങള്‍ വിസമ്മതിക്കുന്നു എന്നവര്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

നിയമവാഴ്ചയിലൂടെ ഭരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നും ഒരാള്‍ പ്രതീക്ഷിക്കുന്ന, കൂട്ടായ സാമൂഹിക, രാഷ്ട്രീയ പ്രതികരണങ്ങളൊന്നും ഇളക്കിവിടാന്‍ അവര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാല്‍ തന്നെ മുസ്ലീങ്ങളുടെ മുന്നില്‍ മറ്റ് പോംവഴികളൊന്നുമില്ല. കൊലയാളികളെ അവരുടെ പേര് വിളിച്ച് എതിര്‍ക്കാന്‍, അവര്‍ മുസ്ലീങ്ങളായതിനാല്‍ മാത്രമാണ് കൊല്ലപ്പെടുന്നത് എന്ന് പറയാന്‍ മതേതരത്വത്തിന്റെ പേരില്‍ ആണയിടുന്നവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ധൈര്യം കാണിച്ചിട്ടില്ല.

രാഷ്ട്രീയക്കാരും, തങ്ങളുടെ രാത്രി ചര്‍ച്ചകളില്‍ ഒരു വിഭാഗം മാധ്യമങ്ങളും നിര്‍ഭാഗ്യകരമായ രീതിയില്‍ വിവിധ തരത്തിലുള്ള ബൗദ്ധിക പിന്മടക്കങ്ങള്‍ നടത്തുന്നു. ജനക്കൂട്ടം 'യാദൃശ്ചികമായി' മുസ്ലീങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് അല്ലെങ്കില്‍ 'തെട്ടിദ്ധരിക്കപ്പെട്ട സ്വത്വ'ത്തിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അല്ലെങ്കില്‍ 'യുക്തിസഹമായ ചരിത്രപരമായ രോഷം', 'ദൗര്‍ഭാഗ്യകരമായി' വ്യതിചലിക്കപ്പെട്ടതിന്റെ പ്രകാശനമാണ് ആക്രമണം എന്നൊക്കെ അവര്‍ പറയുന്നു. എന്നാല്‍ ദീര്‍ഘവും വ്യക്തവുമായി ആസൂത്രണം ചെയ്യപ്പെട്ട നിന്ദാകരമായ വിദ്വേഷ പ്രചാരണമാണ് ഇത്തരം കിരാത ജനക്കൂട്ടങ്ങളുടെ രൂപീകരണത്തിന് പിന്നിലെന്നും അല്ലാതെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല ഇത്തരം കൊലപാതകളും ആക്രമണങ്ങളുമെന്നും തുറന്ന് പറയാനുള്ള ആര്‍ജ്ജവമോ ധൈര്യമോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. എങ്ങനെയാണ് അത് ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിദ്ധ്യത്തെ കീറിമുറിക്കുന്നതെന്നും എല്ലായിടത്തും തിരിച്ചറിയപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് മുസ്ലീങ്ങളാവുന്നത് എന്തുകൊണ്ടാണെന്നും ആരും ചോദിക്കുന്നില്ല.

ഇന്ത്യയിലെ നിയമസഭ സാമാജികരും പാര്‍ലമെന്റ് അംഗങ്ങളും മുസ്ലീങ്ങളെ കൈവിട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ക്രൂരമായ യാഥാര്‍ത്ഥ്യം. മുസ്ലീങ്ങളെ കൊല്ലുന്നതും മൃതപ്രായരാക്കുന്നതും നമ്മുടെ നിയമനിര്‍മ്മാതാക്കളുടെ ദൈനംദിന പ്രവൃത്തിയെ തടസപ്പെടുത്തുന്നതേയില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയവരാണ് മുസ്ലീങ്ങള്‍. അവര്‍ മുസ്ലീങ്ങള്‍ എന്ന നിലയ്ക്കപ്പുറം ഇന്ത്യക്കാര്‍ എന്ന നിലയില്‍ സംസാരിക്കാന്‍ ശീലിച്ചവരാണ്. എന്നാല്‍ എപ്പോഴെങ്കിലും തങ്ങളുടെ മതത്തിന്റെ പേരില്‍ വിഭവങ്ങളോ സുരക്ഷയോ പ്രതിനിധാനമോ നീതിയോ നിഷേധിക്കപ്പെടുന്നുണ്ട് എന്ന് അവര്‍ പറഞ്ഞാല്‍, സാമുദായികവും വിഭാഗീയവുമായ ഭാഷയില്‍ സംസാരിക്കുന്നുവെന്ന് അവര്‍ക്കെതിരെ ആരോപണം ഉയരും.

തങ്ങള്‍ക്ക് പുതുതായി ജന്മം കൊള്ളുന്ന ഓരോ കുഞ്ഞും സംസ്‌കാരത്തിനും എന്തിന് രാജ്യത്തിന്റെ സുരക്ഷയ്ക്ക് പോലും സാധ്യമായ ഭീഷണിയാണ് എന്ന അപമാനം സഹിക്കേണ്ടി വരുന്ന ഇന്ത്യയിലെ ഒരേ ഒരു സമൂഹമാണ് മുസ്ലീങ്ങള്‍.

ഓരോ സെന്‍സസിനും ശേഷം, മുസ്ലീങ്ങള്‍ അവരെ കവച്ചുവെക്കുന്നില്ല എന്ന് ഹിന്ദുക്കള്‍ക്ക് ഉറപ്പ് നല്‍കാന്‍ പ്രധാനപ്പെട്ട വിശകലനവിദഗ്ധരും ജനസംഖ്യശാസ്ത്രജ്ഞരും രംഗത്തെത്തും. ഒരു മുസ്ലീം ജനനത്തെ ആഘോഷിക്കുന്നതിന് പകരം എപ്പോഴും സംശയത്തോടെ വീക്ഷിക്കുന്ന വിധത്തിലുള്ള, എന്തൊരു രാജ്യമാണിത്?

ഈ ദിവസങ്ങളില്‍ മുസ്ലീങ്ങള്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്ന ഒരു സ്വഭാവം വികസിച്ച് വന്നിരിക്കുന്ന സാഹചര്യത്തില്‍, ഒരേ തരത്തിലുള്ള മരണങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത് മടുപ്പ് ഉളവാക്കും എന്ന് പറഞ്ഞുകൊണ്ട്, മാധ്യമങ്ങള്‍ക്കും അതിന്റെ ഉടമകള്‍ക്കും ഇതിലുള്ള താത്പര്യം വളരെ വേഗം നഷ്ടപ്പെടും.

അതുകൊണ്ട് ആരുടെയും കാരുണ്യത്തിന്റെ പുറത്തല്ല ഇവിടെ ജീവിക്കുന്നതെന്നും ഇന്ത്യയിലെ ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ സിഖുകാരെയോ ബുദ്ധമതക്കാരെയോ ജൈനരെയോ അല്ലെങ്കില്‍ മറ്റുള്ളവരെയോ പോലെ ഈ മണ്ണ് തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും മുസ്ലീങ്ങള്‍ പറയേണ്ടിയിരിക്കുന്നു.തങ്ങള്‍ എന്ത് ഭക്ഷിക്കണമെന്നും എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും പറയാന്‍ ആര്‍ക്കും, ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും ആര്‍ക്കും തങ്ങളെ അപമാനിക്കാനോ അധിഷേപിക്കാനോ അധികാരമില്ലെന്നും അവര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. മനുഷ്യനായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഭരണഘടനയിലൂടെ പവിത്രമായി വാഗ്ദാനം ചെയ്യപ്പെട്ടതാണെന്നും അവര്‍ പറയണം. ഈ വാഗ്ദാനം ലംഘിക്കുന്നത് കുറ്റകരമാണെന്നും.

അതുകൊണ്ട്, ഒരു കാരണത്താല്‍ അല്ലെങ്കില്‍ മറ്റൊന്നിന്റെ പേരില്‍ തങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, പിന്തുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും കരങ്ങള്‍ നീളുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അല്ലാതെ മുഖം തിരിക്കുകയല്ല ചെയ്യേണ്ടതെന്നും, സാധാരണ വിശ്വാസികളും ന്യൂനപക്ഷങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന 'മുതിര്‍ന്ന സഹോദരന്മാരാണ്' ഹിന്ദുക്കള്‍ എന്ന് ഉദ്‌ഘോഷിക്കുന്ന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ള ഹിന്ദുക്കളോട് മുസ്ലീങ്ങള്‍ പറയണം.

തങ്ങള്‍ ഇവിടെയാണ് ജീവിക്കേണ്ടതെന്ന്, തങ്ങളോട് ഈ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന്, ഹിന്ദുക്കള്‍ തങ്ങളുടെ ഹൈന്ദവികതയോടെ ഇവിടെ ജീവിക്കുന്നത് പോലെ തങ്ങളുടെ ഇസ്ലാമികതയുമായി ഇവിടെ തന്നെ ജീവിക്കുമെന്ന്, അതാണ് ഒരേ ഒരു ഇന്ത്യന്‍ മാര്‍ഗ്ഗം എന്ന് കരുതുന്നതായി, തങ്ങളുടെ പുണ്യസ്ഥലം ഈ മണ്ണിലല്ല എന്നത് ഒരു അപമാനമായി തോന്നുന്നില്ല എന്ന് മുസ്ലീങ്ങള്‍ ഉറക്കെ പറയേണ്ടിയിരിക്കുന്നു. ഇതെല്ലാമാണ് അവര്‍ ചെയ്യേണ്ടത്. പക്ഷെ കൊല ചെയ്യപ്പെടുന്നതിന് തങ്ങള്‍ വിസമ്മതിക്കുന്നു എന്ന് പറയുകയും ഈ പ്രതിജ്ഞ ശ്രദ്ധിക്കാന്‍ പാലമെന്റിനോടും കോടതിയോടും ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് വേണം ഇതൊക്കെ ആരംഭിക്കാന്‍.

(ഡെല്‍ഹി സര്‍വ്വകലാശാല അധ്യാപകനായ അപൂര്‍വ്വാനന്ദ് thewire.in-ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories