TopTop
Begin typing your search above and press return to search.

എം.പിമാര്‍ക്ക് വന്നിരിക്കാനും ബഹളം വയ്ക്കാനും മാത്രമുള്ള സ്ഥലമല്ല ഇന്ത്യന്‍ പാര്‍ലമെന്റ്റ്

എം.പിമാര്‍ക്ക് വന്നിരിക്കാനും ബഹളം വയ്ക്കാനും മാത്രമുള്ള സ്ഥലമല്ല ഇന്ത്യന്‍ പാര്‍ലമെന്റ്റ്
സഭാ നടപടികള്‍ തടസപ്പെടുത്തിയതിനും സ്പീക്കര്‍ക്ക് നേരെ പേപ്പര്‍ കീറിയെറിഞ്ഞതിനും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആറ് കോണ്‍ഗ്രസ് എം.പിമാരെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് തിങ്കളാഴ്ചയാണ്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു സഭയുടെ നടുത്തളത്തില്‍ എം.പിമാര്‍.

വാസ്തവത്തില്‍ പാര്‍ലമെന്റിന്റെ അന്തസ് സംരക്ഷിക്കുന്നതിനും ചീത്തവിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പകരം ചര്‍ച്ചകളും ഫലവത്തായ അനുബന്ധ കാര്യങ്ങളും മടക്കിക്കൊണ്ടു വരുന്നതിനും സ്പീക്കറുടെ നടപടി ഒരു തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

തിങ്കളാഴ്ചയുണ്ടായത്

രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അനുവദിക്കാതിരുന്നതോടെ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു എം.പിമാര്‍.

കോണ്‍ഗ്രസ് എം.പിമാരുടെ നടപടി ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സ്പീക്കര്‍ പദവിയോടുള്ള അനാദരവാണെന്നും സുമിത്ര മഹാജന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, അധീര്‍ രഞ്ജന്‍ ചൗധരി, രഞ്ജീത് രഞ്ജന്‍, സുഷ്മിത ദേവ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വ്യക്തമാക്കി. "ഗൗരവ് ഗോഗോയി മേശപ്പുറത്ത് നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചെടുത്ത് അവ കീറിപ്പറത്തുകയും സ്പീക്കര്‍ക്കു നേരെ എറിയുകയുമായിരുന്നു. കൊടിക്കുന്നില്‍ സുരേഷും സമാനമായ വിധത്തിലാണ് പ്രവര്‍ത്തിച്ചത്. അധീര്‍ രഞ്ജന്‍ ചൗധരിയും സുഷ്മിത ദേവും എം.കെ രാഘവനും രഞ്ജീത് രഞ്ജനും സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ കീറിയെറിഞ്ഞു"- അവര്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് താനും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത കുമാറും വ്യക്തമാക്കിയതിനു ശേഷമായിരുന്നു എം.പിമാരുടെ പ്രകോപനപരമായ പെരുമാറ്റമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ ചട്ടങ്ങളിലെ 374-എ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍.

"എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് വിഷമവും ദു:ഖവുമുണ്ട്. ഒരു വിഷയവും ഉന്നയിക്കുന്നതില്‍ നിന്ന് ഞാന്‍ അവരെ തടയാറില്ല. ചോദ്യോത്തര വേള കഴിഞ്ഞ് ഏതു വിഷയവും ഉന്നയിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞതാണ്"- സ്പീക്കര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം നടക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, ജെ.ഡി-യു, എസ്.പി കക്ഷികളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്‍.സി.പി ഈ പ്രതിഷേധത്തില്‍ ചേരാന്‍ തയാറായില്ല.എന്താണ് പാര്‍ലമെന്റ്?

ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍. അവര്‍ക്ക് വേണ്ടി ബില്ലുകളും മറ്റും ശ്രദ്ധാപൂര്‍വം പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഏറ്റവും മെച്ചപ്പെട്ട നിര്‍ദേശങ്ങള്‍ തന്നെ അതില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പാക്കുകയും അതുവഴി ജനങ്ങള്‍ക്കും രാജ്യത്തിനും ആവശ്യമായ നിയമങ്ങളാണ് ഉണ്ടാകുന്നത് എന്ന് ഉറപ്പാക്കുകയുമാണ് അവിടെ ചെയ്യുന്നത്.

അതിനൊപ്പം മറ്റൊന്നു കൂടിയുണ്ട്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ, അവരുടെ നയങ്ങളെ, നടപടികളെ ചോദ്യം ചെയ്യുക എന്നതിനു കൂടിയുള്ളതാണ് പാര്‍ലമെന്റ്. ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന് സര്‍ക്കാരിനെ കൊണ്ട് മറുപടി പറയിക്കുകയും അത് പൊതുജനസമക്ഷം ലഭ്യമാക്കുകയും പാര്‍ലമെന്റ് രേഖകളില്‍ ഇടംപിടിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണ്.

നിയമനിര്‍മാണം നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കാനും അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നതിനൊപ്പം, അതിനേക്കാള്‍ മെച്ചപ്പെട്ട ആശയങ്ങളാണ് മറ്റുള്ളവരുടേതെങ്കില്‍ അതില്‍ മെച്ചപ്പെട്ടത് തെരഞ്ഞെടുക്കുകയും അതുവഴി ശക്തമായ നിയമമാണ് ഉണ്ടാക്കുന്നത് എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന പ്രക്രിയയും അവിടെ നടക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടക്കുന്നത് ഇതൊന്നുമല്ല, അവരെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തില്‍ മിക്കതും നടപ്പാകുന്നുമില്ല.

കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യവും അതിന്റെ അന്തസും വളരെയധികം മോശപ്പട്ട അവസ്ഥയിലെത്തിയിട്ടുണ്ട്. വളരെ സെന്‍സിബിളായി കൈകാര്യം ചെയ്യുമെന്ന് ജനം വിശ്വസിക്കുന്ന ഒരിടത്താണ് ഇത് സംഭവിക്കുന്നത്.

പാര്‍ലമെന്റ് ഇത്തരത്തില്‍ ഗൗരവമായ ഒരു ശൂന്യതയാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അവശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.ചര്‍ച്ചകളല്ല, കൂട്ടപ്പൊരിച്ചിലുകള്‍

പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനം തന്നെ നോക്കുക. നോട്ട് നിരോധന വിഷയത്തില്‍ ഉണ്ടായ ബഹളങ്ങള്‍ മൂലം 80 ശതമാനം സമയവും നഷ്ടപ്പെടുകയായിരുന്നു. 16-ാം ലോക്‌സഭയുടെ ഏറ്റവും കുറഞ്ഞ സമയം കാര്യപരിപാടികള്‍ നടന്ന സമ്മേളനമായിരുന്നു 2016-ലെ ശീതകാല സമ്മേളനം. ലോക്‌സഭ ചേര്‍ന്നത് അനുവദിക്കപ്പെട്ട സമയത്തിന്റെ 15 ശതമാനവും രാജ്യസഭ ചേര്‍ന്നത് 18 ശതമാനവും മാത്രമായിരുന്നു.

കോണ്‍ഗ്രസിനെ മാത്രമായി ഇതില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. യു.പി.എ ഭരണകാലത്ത് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണ പാര്‍ട്ടി ബി.ജെ.പി തന്നെയാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷ പ്രവര്‍ത്തനം എന്ന ശീലം കൊണ്ടുവരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കിട്ടാന്‍ വേണ്ടി മിക്കപ്പോഴും അവര്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി, ചിലതെല്ലാം വിജയം കണ്ടു.

എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിന്റെ പ്രാധാന്യം മടക്കിക്കൊണ്ടു വരേണ്ടത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇപ്പോള്‍ ചെയ്ത നടപടികള്‍ മറ്റുള്ളവരുടെ കാര്യത്തിലും ബാധകമാക്കേണ്ടതുണ്ട്. തലസ്ഥാനത്തുള്ളപ്പോള്‍ പ്രധാനമന്ത്രി സഭയില്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ ഉറപ്പാക്കേണ്ടതുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ അത്ര പ്രാധാന്യമില്ലാത്ത വിദേശ യാത്രകളാണെങ്കില്‍ അദ്ദേഹം അത് ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ സഭയില്‍ ഹാജരുണ്ടെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്.

പാര്‍ലമെന്റിനോട് അക്കൗണ്ടബിള്‍ ആണ് തങ്ങളെന്ന കാര്യത്തില്‍ വേണ്ട പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഇനിയും വൈകിക്കൂടാ. പാര്‍ലമെന്ററി കമ്മിറ്റികളുടെ കാര്യമെടുത്താല്‍ പരിഹസനീയമാണ് നമ്മുടെ അവസ്ഥ. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികളുമൊക്കെ വലിയ യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും ഭരണപ്രക്രിയയില്‍ ഇവര്‍ക്ക് യാതൊരു റോളും സ്വാധീനവും ഇല്ല എന്നതാണ് വസ്തുത.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പാണ് പാര്‍ലമെന്റ് എന്നും അത് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമയാസമയം വന്നിരിക്കാനുള്ള കേവലമൊരു കെട്ടിടം മാത്രമല്ലെന്നുമുള്ളത് ഓരോ സമയവും ഓര്‍മിക്കേണ്ടതുണ്ട്.

Next Story

Related Stories