UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രബാബു നായിഡു ഭാര്യാപിതാവിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് മോദി, നിങ്ങള്‍ നല്ലൊരു ഭര്‍ത്താവാണോ എന്ന് നായിഡു

തന്നെ നര ലോകേഷിന്റെ അച്ഛന്‍ എന്ന് വിളിച്ച മോദിയെ ജസോദ ബെന്നിന്റെ ഭര്‍ത്താവ് എന്ന് വിളിച്ചാണ് നായിഡു തിരിച്ചടിച്ചത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ എന്‍ടി രാമ റാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ചന്ദ്രബാബു നായിഡു എന്നോട് ഇടയ്ക്കിടെ പറയുന്നു, അദ്ദേഹം രാഷ്ട്രീയത്തില്‍ എന്നേക്കാള്‍ സീനിയറാണ് എന്ന്. ഇതെന്തിനാണ് ഇങ്ങനെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ അദ്ദേഹം കൂറ് മാറുന്നതിലും കുതികാല്‍ വെട്ടുന്നതിലും സീനിയേഴ്‌സിനെ പിന്നില്‍ നിന്ന് കുത്തുന്നതിലും മുമ്പനാണ്, സമ്മതിച്ചു. അദ്ദേഹത്തിന്റെ ഭാര്യപിതാവിനെ പിന്നില്‍ നിന്ന് കുത്തിയത് പോലെ – മോദി പറഞ്ഞു. ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം ആദ്യമായി ആന്ധ്രപ്രദേശിലെത്തിയ മോദി, ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവായി മാറിയ ചന്ദ്രബാബു നായിഡുവിനെതിരെ കടന്നാക്രമണമാണ് നടത്തിയത്.

ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനം പ്രകാരം സംസ്ഥാന വ്യാപകമായി മോദിക്കെതിരെ ശക്തമായ പ്രതിഷേധ പ്രചാരണങ്ങളാണ് ടിഡിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. വിവിധയിടങ്ങളില്‍ മോദിയെ ടിഡിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. നോ മോര്‍ മോദി, മോദി നോ എന്‍ട്രി, മോദി നെവര്‍ എഗെയ്ന്‍ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ടിഡിപി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ വലിയ ഫ്‌ളക്‌സുകളായടക്കം ഉയര്‍ത്തിയിരുന്നു. പലയിടങ്ങളിലും മോദിയുടെ കോലം കത്തിച്ചു. ആന്ധ്രപ്രദേശിന് പ്രത്യക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മോദി മന്ത്രിസഭയും എന്‍ഡിഎയും വിട്ട് പുറത്തുവരുകയും പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാവുകയും ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായ പ്രതിഷേധമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സംസ്ഥാനത്തെത്തിയ മോദിക്കെതിരെ രണ്ട് ദിവസമായി ആന്ധ്രയില്‍ നടക്കുന്നത്. നര ലോകേഷിന്റെ അച്ഛന്‍ എന്നാണ് നായിഡുവിനെ മോദി വിശേഷിപ്പിച്ചത്. നായിഡുവും മകനും അഴിമതിക്കാരാണെന്ന് മോദി ആരോപിച്ചു.

അതേസമയം മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. തന്നെ നര ലോകേഷിന്റെ അച്ഛന്‍ എന്ന് വിളിച്ച മോദിയെ യശോദ ബെന്നിന്റെ ഭര്‍ത്താവ് എന്ന് വിളിച്ചാണ് നായിഡു തിരിച്ചടിച്ചത്. നര ലോകേഷിന്റെ അച്ഛനാണെന്നും ഭുവനേശ്വരിയുടെ ഭര്‍ത്താവാണെന്നും പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഇത് പറയുന്നതില്‍ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. പക്ഷെ നിങ്ങളാരാണ് മോദി. നിങ്ങളൊരു നല്ല ഭര്‍ത്താവ് പോലുമല്ല. നിങ്ങള്‍ യശോദ ബെന്നിനെ വിവാഹം കഴിച്ചു. ഒരു വിവാഹമോചനം പോലുമില്ലാതെ നിങ്ങള്‍ അവരെ ഉപേക്ഷിച്ചു. ഞാന്‍ ഇത്തരത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ നിങ്ങള്‍ എന്നെ അത്രയ്ക്ക വേദനിപ്പിച്ചു. ഇത് നിങ്ങള്‍ പറയിപ്പിച്ചതാണ് – ചന്ദ്രബാബു നായിഡു പറഞ്ഞു.

പ്രധാനമന്ത്രി ഇവിടെ എന്നെ ചീത്ത വിളിക്കാനും കുറ്റം പറയാനും വന്നിരിക്കുകയാണ്. എന്നെ ചീത്ത വിളിച്ച് ഓടിപ്പോകാന്‍ എളുപ്പമാണ്. മോദി നമ്മളോട് നീതി കാട്ടിയില്ല. നമ്മള്‍ അത് പൊറുക്കും. അവര്‍ സംസ്ഥാനത്തെ വിഭജിച്ചു. വിഭജനത്തിന്റെ ആ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല. ഇപ്പോള്‍ ആ മുറിവില്‍ അവര്‍ വീണ്ടും കുത്തുകയാണ്. വൈ എസ് ആര്‍ കോണ്‍ഗ്രസ് ആളെക്കൂട്ടി മോദിയുടെ പരിപാടിക്ക് പങ്കാളിത്തമുണ്ടാക്കാന്‍ സഹായിക്കുകയാണ്. ആന്ധ്രപ്രദേശിനെ വഞ്ചിച്ചതില്‍ മോദിക്കെതിരെ ജഗന്‍ മോഹന്‍ റെഡ്ഡി ഒരക്ഷരം പറയുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അഭിസംബോധന ചെയ്ത് നായിഡു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍