UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷായെ കസ്റ്റഡിയില്‍ വിട്ട എഎ ഖുറേഷിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കുന്നത് മോദി സര്‍ക്കാര്‍ വീണ്ടും തടഞ്ഞു

ഭരണഘടനയുടെ 223ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി രവിശങ്കര്‍ ഝായെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കുന്നത് മോദി സര്‍ക്കാര്‍ തടഞ്ഞു. എട്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജസ്റ്റിസ് ഖുറേഷിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് മോദി സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. സപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. മേയ് 10ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം, ഗുജറാത്ത് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എഎ ഖുറേഷിയെ ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സേഥ് ജൂണ്‍ ഒമ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖുറേഷിയെ ചീഫ് ജസ്റ്റിസ് ആക്കാന്‍ തീരുമാനിച്ചത്.

അതേസമയം കൊളീജയത്തിന്റെ ശുപാര്‍ശ അവഗണിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ രവിശങ്കര്‍ ഝായെ നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഭരണഘടനയുടെ 223ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി രവിശങ്കര്‍ ഝായെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ജൂണ്‍ 10ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ആയി രവിശങ്കര്‍ ഝാ ചുമതലയേല്‍ക്കും എന്നാണ് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നത്.

ALSO READ: തിരുവനന്തപുരം വിമാനത്താവളം അടുത്തമാസം മുതല്‍ അദാനി നിയന്ത്രിക്കും; ജീവനക്കാര്‍ക്ക് വേണമെങ്കില്‍ അദാനി എന്റര്‍പ്രൈസസില്‍ ചേരാം

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിഎന്‍ പട്ടേലിനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഡിഎന്‍ പട്ടേലിന്റെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം രാമസുബ്രഹ്മണ്യന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

നേരത്തെ ചീഫ് ജസ്റ്റിസ് സുഭാഷ് റെഡ്ഡി വിരമിച്ചപ്പോള്‍ തന്നെ ഖുറേഷിയെ ചീഫ് ജസ്റ്റിസ് ആക്കാന്‍ ശുപാര്‍ശ വന്നെങ്കിലും ഇത് തള്ളിയ കേന്ദ്ര സര്‍ക്കാര്‍, അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയിലേയ്ക്ക് മാറ്റുകയും ജസ്റ്റിസ് എഎസ് ദാവെയെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആക്കുകയുമായിരുന്നു. അതേസമയം പിന്നീട് ഉത്തരവില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കും വരെ ജസ്റ്റിസ് ഖുറേഷി ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരിക്കും എന്ന് മാറ്റി.

ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ താല്‍പര്യത്തിനെതിരായ ജസ്റ്റിസ് ഖുറേഷിയുടെ വിധിന്യായങ്ങള്‍ ഇതിന് ഖുറേഷിയോടുള്ള അതൃപ്തിക്ക് കാരണമാണോ എന്ന ചോദ്യമുയരുകയും ചെയ്തു. ജസ്റ്റിസ് എഎ ഖുറേഷിയുടേത് പോലെ ഇതിന് മുമ്പ് ജസ്റ്റിസ് ജയന്ത് പട്ടേലിന്റെ സ്ഥലം മാറ്റ ഉത്തരവും വിവാദമായിരുന്നു. 2010ല്‍
വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍, ജസ്റ്റിസ് ഖുറേഷിയുടെ ബഞ്ച് ഷായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സിബിഐയുടെ അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു ഇത്. ഷായെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണം എന്ന ആവശ്യവും ഖുറേഷി തള്ളിയിരുന്നു.

ആര്‍എ മെഹ്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവും ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. നിയമനം ഖുറേഷിയുടെ ഹൈക്കോടതി ബഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെയാണ് ഗവര്‍ണര്‍ കമല ബേനിവാള്‍ ലോകായുക്ത നിയമനം നടത്തിയത് എന്ന് ആരോപിച്ച് നിയമനത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ലോകായുക്ത നിയമപ്രകാരം ഗവര്‍ണര്‍ക്കാണ് നിയമന അധികാരമെന്നും സര്‍ക്കാരുമായി ആലോചിക്കേണ്ട കാര്യമില്ല എന്നും ജസ്റ്റിസ് ഖുറേഷി വിധിച്ചിരുന്നു.  ലോകായുക്ത നിയമപ്രകാരം ഗവര്‍ണര്‍ക്കാണ് നിയമന അധികാരമെന്നും സര്‍ക്കാരുമായി ആലോചിക്കേണ്ട കാര്യമില്ല എന്നും ജസ്റ്റിസ് ഖുറേഷി വിധിച്ചിരുന്നു. മൂന്നംഗ ബഞ്ചില്‍ ജസ്റ്റിസ് വിഎം സഹായിയും ഖുറേഷിയോട് യോജിച്ചതോടെ ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി. ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും ഹൈക്കോടതി ഉത്തരവ് ശരി വയ്ക്കുകയായിരുന്നു സുപ്രീം കോടതി.

2016ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മായ കോഡ്‌നാനി അടക്കമുള്ളവര്‍ പ്രതികളായ നരോദ്യ പാട്യ കൂട്ടക്കൊല കേസില്‍ വാദം കേള്‍ക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കാനുള്ള ശ്രമമുണ്ടായി. ഒരു മുതിര്‍ന്ന അഭിഭാഷകനാണ് ജസ്റ്റിസ് ഖുറേഷി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഗുജറാത്ത് കലാപത്തിനിടെ ഒവാദില്‍ 23 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ 19 പ്രതികളുടെ ശിക്ഷ
2018 മേയില്‍ ഖുറേഷിയുടെ ബഞ്ച് ശരി വച്ചിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിന്റെ കാലം മുതല്‍ ജഡ്ജി നിയമനം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീം കോടതിയുമായി കേന്ദ്രം സംഘര്‍ഷത്തിലായിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ തള്ളുകയും നീട്ടിക്കൊണ്ടുപോവുകയും ചെയ്ത മോദി സര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു. ഉത്തരഖണ്ഡിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പുറത്താക്കിയ നടപടി റദ്ദാക്കിയ ജസ്റ്റിസ് കെഎം ജോസഫിനോടുള്ള വൈരാഗ്യമാണ് ജഡ്ജി നിയമനത്തില്‍ കാണിക്കുന്നത് എന്ന ആരോപണമുയര്‍ന്നിരുന്നു. സുപ്രീം കോടതി അഭിഭാഷകയായിരുന്ന ജൂനിയര്‍ ആയ ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചതിന് ശേഷമാണ് സൂപ്രീം കോടതിയിലെ ജൂനിയര്‍ ജഡ്ജിയായി ആയി ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ALSO READ: ‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍