TopTop
Begin typing your search above and press return to search.

ഉയർന്ന ജാതിവിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മോദി; കാബിനറ്റ് അംഗീകാരമായി; ഇനി ഭരണഘടനാ ഭേദഗതി

ഉയർന്ന ജാതികളിലെ താഴ്ന്ന വരുമാനക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. കാബിനറ്റ് അനുമതി ലഭിച്ചതോടെ ഭരണഘടനാ ഭേദഗതിക്ക് നരേന്ദ്രമോദി സർക്കാർ നീക്കം തുടങ്ങി. 10 ശതമാനം സംവരണം ഉയർന്ന ജാതിവിഭാഗങ്ങൾക്ക് ഏർപ്പെടുത്താനാണ് പരിപാടി. 2019ലെ പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് ഈ കാബിനറ്റ് തീരുമാനം നടപ്പിലാക്കാൻ ഭേദഗതി വരുത്തേണ്ടത്. ജനറൽ കാറ്റഗറിയിൽ വരുന്ന ജാതിവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനത്തിൽ കൂടാത്ത സംവരണം ലഭിക്കാൻ ഈ രണ്ട് ഭേദഗതികൾ കൊണ്ട് സാധിക്കും.

ജാത്യാടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കാൻ തന്റെ സർക്കാരിന് പദ്ധതിയില്ലെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ചർച്ച ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അന്നത്തെ പ്രതികരണം. അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും വരെ സംവരണം ഇല്ലാതാക്കില്ലെന്നായിരുന്നു മോദിയുടെ വിശദീകരണം.

അതെസമയം ഈ ഭേദഗതി നടപ്പിലാക്കാൻ മോദിക്ക് സാധിക്കുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്. ഭരണഘടനാ ഭേദഗതികൾക്കുള്ള ബില്ലുകൾ ലോകസഭയിലും രാജ്യസഭയിലും പാസ്സാക്കിയെടുക്കേണ്ടതുണ്ട്. ഇതിനുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ സർക്കാരിന് സാധിക്കാനിടയില്ല. സഖ്യത്തിനുള്ളിൽ നിന്നുള്ള ദളിത് എംപിമാരുടെ എതിർപ്പുകളെയും സർക്കാരിന് ഒരുപക്ഷേ നേരിടേണ്ടി വന്നേക്കും.

വർഷത്തിൽ 8 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കാണ് സംവരണം ലഭ്യമാക്കുക. ഇതിനായി വ്യക്തികളുടെ ആസ്തികളുടെ കണക്കുകളും പരിശോധിക്കും.

അപ്രതീക്ഷിതമായ ഈ നീക്കം 2019 പൊതുതെരഞ്ഞെടുപ്പു പ്രചാരണങ്ങളിലേക്കുള്ള ഭരണകക്ഷിയുടെ മികച്ചൊരു നീക്കമായി മാറും. പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞ ഘട്ടത്തിലാണ് ബിജെപി ഈ തുറുപ്പുചീട്ട് പുറത്തെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഉയർന്ന ജാതിവിഭാഗങ്ങളിൽ ഒരു വിഭാഗത്തിനിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമാണ് സാമ്പത്തിക സംവരണം. സംവരണവുമായി ബന്ധപ്പെട്ടുള്ള ഉയർന്ന ജാതി വിഭാഗങ്ങളുടെ ഇച്ഛാഭംഗങ്ങൾ 2014ൽ തങ്ങൾക്ക് അനുകൂലമായ ജനവിധി നേടിത്തരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ബിജെപി കരുതുന്നത്.

https://www.azhimukham.com/kerala-pinarayi-vijayan-supports-reservation-to-economically-backward-upper-castes/

നല്ല തീരുമാനമെന്ന് ദളിത് നേതാവ്

എൻഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവും സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവാലെ ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. "സർക്കാരിന്റേത് നല്ല തീരുമാനമാണ്. ഇത് സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ സഹായിക്കും." ദളിത് പാന്തർ മൂവ്മെന്റിന്റെ ഭാഗമായി രാഷ്ട്രീയത്തിലിറങ്ങിയയാളാണ് അത്താവാലെ.

ജനങ്ങളെ കളിപ്പിക്കുന്നു

മോദി സർക്കാർ ജനങ്ങളെ കളിപ്പിക്കുകയാണെന്ന് രാജ്യസഭാ മെമ്പറും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെടിഎസ് തുൾസി പറഞ്ഞു. സംവരണം 50 ശതമാനത്തിലധികമാകാൻ പാടില്ലെന്ന് അവർക്കറിയാത്ത കാര്യമല്ല. തങ്ങൾ ബില്ല് കൊണ്ടു വന്നെന്നും കോടതി മുമ്പോട്ടു പോകാൻ അനുവദിക്കുന്നില്ലെന്നും വാദിക്കാൻ വേണ്ടിയാണ് ഈ നാടകം. ഇത് പരസ്പരം പഴി പറയുന്നതിലേക്ക് മാത്രമേ നയിക്കൂ. സാമ്പത്തിക സംവരണമാണോ ജാതി സംവരണമാണോ വേണ്ടത് എന്ന അടിസ്ഥാനപരമായ ചോദ്യത്തെ നേരിടാതെ തരികിട കളിക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ തീരുമാനം വരുന്നതെന്ന് കോൺഗ്രസ്സ് നേതാവ് ആമിബെൻ യാഗ്നിക് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാരിന് ആശങ്കകളേതുമില്ല. ഉണ്ടായിരുന്നെങ്കില്‍ സ്ത്രീ സംവരണ ബില്ലിൽ എന്തെങ്കിലും ചെയ്യാൻ അവർക്ക് സാധിച്ചേനെ. -യാഗ്നിക് പറഞ്ഞു.

ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ബാൽ താക്കറെ എപ്പോഴും പറയുമായിരുന്നെന്ന് ശിവസേനയുടെ എംപി സാവന്ത് പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇപ്പോൾ പ്രഖ്യാപിച്ച സംവരണം നടപ്പാക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.


Next Story

Related Stories