Top

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി, എൻഡിഎ ദളിത് നേതാക്കൾ പറയാൻ ശ്രമിക്കുന്നതെന്ത്?

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി, എൻഡിഎ ദളിത് നേതാക്കൾ പറയാൻ ശ്രമിക്കുന്നതെന്ത്?
2014 ഫെബ്രുവരിയിലാണ് ദളിത് നേതാവായ ഡോ. ഉദിത് രാജ് ബിജെപിയിൽ ചേർന്നത്. മാർച്ച് മാസത്തിൽ ഇദ്ദേഹത്തിന്റേതായി ഒരു പ്രസ്താവന വന്നു. ബിജെപിയിൽ ദളിതർക്ക് മികച്ച ഭാവിയുണ്ട് എന്നതായിരുന്നു ആ പ്രസ്താവനയുടെ സാരം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഗുജറാത്തിലെ നേതാവായ നരേന്ദ്രമോദിയെ നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു ഉദിത് രാജിന്റെ പ്രസ്താവന. 2001ൽ ഹിന്ദുമതത്തിലെ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്ത് ബുദ്ധമതം സ്വീകരിച്ച നേതാവാണ് ഉദിത് രാജ് എന്നോർക്കണം. ബിജെപിയിൽ ദളിതർക്ക് ഉയർന്ന ഭാവിയുണ്ടെന്ന നിലപാടിൽ നിന്ന് ഉദിത് രാജ് ഇനിയും പിന്‍വാങ്ങിയിട്ടുണ്ടെന്ന് കരുതാനാകില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണയ്ക്കുക വഴി ബിജെപിക്ക് ദളിതരുടെ പിന്തുണ നേടാമെന്ന ഉദിത്തിന്റെ പ്രസ്താവന വന്നത് കഴിഞ്ഞദിവസമാണ്. ദേശീയമാധ്യമങ്ങൾ പ്രാധാന്യത്തോടെ ഈ വാർത്ത നല്‍കിയപ്പോൾ അത് തന്റെ 'വ്യക്തിപരമായ കാഴ്ചപ്പാട്' മാത്രമാണെന്ന് വിശദീകരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആർത്തവ പ്രായത്തിലും സ്ത്രീകൾക്ക് ശബരിമല ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും അംബേദ്കറൈറ്റുകളും പിന്തുണയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദിത് രാജ് തന്റെ വാദം മുമ്പോട്ടു വെച്ചത്. നോർത്ത്-വെസ്റ്റ് ഡല്‍ഹിയിൽ നിന്നുള്ള ഈ ലോകസഭാ എംപി നിലവിൽ ബിജെപിയുടെ നാഷണൽ എക്സിക്യുട്ടീവ് മെമ്പറാണ്. പ്രധാനമന്ത്രി സ്ത്രീപ്രവേശനത്തെ എതിർക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചില മറുചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. 'ബാലവിവാഹത്തെ നമ്മൾ എതിർക്കുകയും അവസാനിപ്പിക്കുകയും ചെയ്തില്ലേ? സതിയും മുലക്കരവും നമ്മൾ അവസാനിപ്പിച്ചില്ലേ?' എന്നീ ചോദ്യങ്ങൾ തീർച്ചയായും ഒരു ബിജെപി എംപിയുടെ ഭാഷയായിരുന്നില്ല.

ഉദിത് രാജിന്റെ ബുദ്ധമതപ്രവേശം അദ്ദേഹത്തിന് രാഷ്ട്രീയമായി ഒരുതരം 'ഇളവ്' നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഇതൊരു സാധാരണ രീതിയായി മാറിയിട്ടുണ്ട്. നിലവിൽ യുപി നിയമസഭാംഗമായ സ്വാമി പ്രസാദ് മൗര്യ എന്ന രാഷ്ട്രീയക്കാരനും ഇതേ മാർഗത്തിലൂടെ സഞ്ചരിച്ചെത്തിയയാളാണ്. ബുദ്ധമതത്തിലേക്ക് മാറിയതിനു ശേഷം തങ്ങളെതിർത്തു വന്ന രാഷ്ട്രീയ-സാമൂഹിക വരേണ്യതയുടെ ഭാഗമാകാൻ ഇവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമാണെന്ന നിലപാടിലൂടെ ദളിത് ബുദ്ധമതക്കാരെ പിടികൂടാൻ ആർഎസ്എസ്സിന് സാധിക്കുന്നു. ഇതിനായി ആർഎസ്എസ് രാഷ്ട്രീയ അജണ്ടയും തയ്യാറാക്കിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

ബിജെപിയിൽ നിലയുറപ്പിക്കുമ്പോൾ തന്നെ തങ്ങളുടെ അടിസ്ഥാന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കേണ്ട ബാധ്യത നിറവേറ്റുക മാത്രമാണ് ഇപ്പോൾ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതു വഴി ഉദിത് രാജ് ചെയ്തിരിക്കുന്നതെന്നാണ് കരുതേണ്ടത്. എന്നിരിക്കിലും, മോദി പ്രഭാവത്തിന് പോറലുകളേറ്റു തുടങ്ങിയ ഒരു സാഹചര്യത്തിൽ ഉദിത്തിന്റെ പ്രസ്താവനയ്ക്ക് പ്രസക്തിയുണ്ട്. 'മോദി പ്രഭാവം' കണ്ടാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് 2014ൽ തന്റെ തീരുമാനം പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ചില ലേഖനങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളയാളാണ് ഉദിത്.

ബിജെപിയിലെ ദളിത് വിരുദ്ധതയെ ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ബിജെപി എംപിമാർ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്ന കാര്യവും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. ദളിതർക്കെതിരെ സംഘപരിവാർ സംഘടനകൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ലോകസഭാ എംപിമാരായ സാവിത്രി ഭായ് ഫുലെ (ബഹ്റയ്‌ച്ച്), ഛോട്ടേ ലാല്‍ കര്‍വാര്‍ (റോബര്‍ട്ട്സ്‌ഖഞ്ച്), അശോക് കുമാര്‍ ദൊഹ്റെ (എറ്റവ), യശ്വന്ത് സിംഗ് (നഗിന) എന്നിവർ‌ രംഗത്തു വന്നത്. ഉത്തർപ്രദേശിലെ ബഹ്റെയ്ച്ചിൽ നിന്നുള്ള ബിജെപി പാർലമെന്റംഗമായ സാവിത്രി ബായ് ഫൂലെ ഇതേ വിഷയത്തിൽ ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കാൻ വരെ സന്നദ്ധയായി.

ഇതിനെല്ലാം പുറമെയാണ് കേന്ദ്രമന്ത്രി സഭയിലെ ഏറ്റവും പ്രമുഖമായ ദളിത് സാന്നിധ്യം രാംവിലാസ് പാസ്വാന്റെ പ്രസ്താവന. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ താൻ അനുകൂലിക്കുന്നതായും സ്ത്രീകൾ ബഹിരാകാശത്ത് പോകുന്ന കാലമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര സർക്കാർ ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്തിട്ടില്ലെന്നായിരുന്നു പാസ്വാന്റെ വാദം.

ബിജെപിയോട് സഖ്യം ചേർന്നവരും പാർട്ടിക്കുള്ളിലുള്ളവരുമായ ദളിത് വിഭാഗങ്ങൾക്കിടയിൽ അതൃപ്തി വളർന്നിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇത് തങ്ങൾ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിനിടയിൽ വളർന്നിട്ടുള്ള വികാരത്തിന്റെ പ്രതിഫലനമാകാതെ തരമില്ല. 2019 തെരഞ്ഞെടുപ്പിലും പിന്നീടും ഈ അതൃപ്തി എങ്ങനെ പ്രവർത്തിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Next Story

Related Stories