TopTop

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് പറഞ്ഞിട്ടില്ല: ഷബാന അസ്മി

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് പറഞ്ഞിട്ടില്ല: ഷബാന അസ്മി
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടും എന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് നടി ഷബാന അസ്മി. തന്റെ പേരില്‍ വ്യാജ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത് എന്ന് ഷബാന അസ്മ പറഞ്ഞു. ഒരു ഫേക്ക് ന്യൂസ് ബ്രിഗേഡ് ആണ് ഇതിന് പിന്നില്‍. ഇന്ത്യ വിട്ടുപോകാനുള്ള യാതൊരു ഉദ്ദേശവും എനിക്കില്ല. ഇത് ഞാന്‍ ജനിച്ച രാജ്യമാണ്. മരിക്കുന്നത് വരെ ഇവിടെ തന്നെ - ഷബാന അസ്മി ട്വീറ്റ് ചെയ്തു.




യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി ഇതുപോലുള്ള നുണകള്‍ പടച്ചുവിടുകയാണ് അവര്‍. എതിരാളികളെ ശത്രുക്കളായി കാണരുത് എന്നാണ് തന്റെ പിതാവ് കൈഫി അസ്മി (വിഖ്യാത ഉറുദു കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും) തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് ഷബാന പറഞ്ഞു. യുക്തിപൂര്‍വം എതിര്‍വാദങ്ങളെ ഖണ്ഡിയ്ക്കുക എന്നതാണ് പക്വത. അല്ലാതെ നുണകള്‍ കൊണ്ട് എതിരാളിയെ ഇടിച്ചുതാഴ്ത്താന്‍ നോക്കുകയല്ല - ഷബാന പറയുന്നു.




ബിജെപിക്കെതിരെ വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ചലച്ചിത്ര - നാടക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയപ്പോള്‍ അക്കൂട്ടത്തില്‍ ഷബാന അസ്മിയും ഭര്‍ത്താവും എഴുത്തുകാരനുമായ ജാവേദ് അക്തറും ഉണ്ടായിരുന്നു. ബിഹാറിലെ ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയ ഷബാന ബിജെപിയെ കടന്നാക്രമിച്ചിരുന്നു.

Next Story

Related Stories