UPDATES

ആധാര്‍ ബില്‍: സ്വകാര്യത ലംഘനത്തിലെ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ കടുത്ത ശിക്ഷ

ബയോമെട്രിക് തിരിച്ചറിയിൽ സംവിധാനം ശക്തമായി നടപ്പാക്കാനുള്ള ഭേദഗതി ബില്ല് ലോക്സഭയിൽ

പുതിയ ആധാർ ഭേദഗതി ബില്ല് ഇന്നലെയാണ് ലോക്സഭയിൽ വെച്ചത്. ഈ പുതിയ ബില്ല് നിരവധി മാറ്റങ്ങളാണ് നിലവിലെ നിയമത്തിൽ വരുത്താൻ പോകുന്നത്. കഴിഞ്ഞ സർക്കാർ ഓർഡിനൻസായി ഇറക്കിയിരുന്ന ബില്ലാണ് ഇപ്പോൾ നിയമമാകാനായി ലോക്സഭയുടെ അംഗീകാരത്തിന് എത്തിയിരിക്കുന്നത്. സ്വകാര്യത ലംഘനത്തിലെ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങളടക്കം ബില്ലില്‍ നിരവധി മാറ്റങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ കമ്പനികൾക്കും തിരിച്ചറിയിൽ രേഖയായി ആധാർ സ്വീകരിക്കാൻ ഈ ഭേദഗതിയിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച 2018 സെപ്തംബർ 26ലെ സുപ്രീംകോടതി വിധി വന്നതോടെയാണ് ആധാറിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നിര്‍ബന്ധിതമായത്.

തിരിച്ചറിയിൽ രേഖയായി ആധാർ നിർബന്ധിതമായി വാങ്ങാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതുകൂടാതെ സ്വകാര്യ കമ്പനികള്‍ ശേഖരിച്ച വിവരങ്ങൾ സെർവറിൽ നിന്നും നീക്കണമെന്നും ഉത്തരവുണ്ടായിരുന്നു. ഇതോടെ സിംകാർഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുമെല്ലാം ആധാർ വേണ്ടെന്ന അവസ്ഥ വന്നു.

ഇതിനെ മറികടക്കാനാണ് തിരിച്ചറിയിൽ രേഖയായി ‘സ്വമേധയാ’ ആധാർ നൽകുന്നവരിൽ നിന്നും അവ സ്വീകരിക്കാമെന്ന് കേന്ദ്രം ഓർഡിനൻസിൽ ഉൾപ്പെടുത്തിയത്.

ബില്ലിലെ മറ്റൊരു പ്രധാനപ്പെട്ട വ്യവസ്ഥ ബയോമെട്രിക് തിരിച്ചറിയിൽ സംവിധാനത്തിൽ ഉൾപ്പെട്ട ഒരു കുട്ടിക്ക് അതിൽ നിന്നും പുറത്തുപോരണമെങ്കിൽ 18 വയസ്സാകണമെന്നതാണ്.

ആധാർ ഉയർത്തുന്ന സ്വകാര്യതയുടെ പ്രശ്നം പരിഹരിക്കാനെന്ന് അവകാശപ്പെടുന്ന ചില വ്യവസ്ഥകളും ബില്ലിലുണ്ട്. യഥാർത്ഥ ആധാർ നമ്പരിനു പകരം ഒരു പന്ത്രണ്ടക്ക നമ്പർ വെരിഫിക്കേഷൻ സമയങ്ങളിൽ സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിലായിരിക്കും സംവിധാനം. ഏതാണ്ട് ഒടിപി സംവിധാനം പോലെയായിരിക്കും ഇത്.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ ഫണ്ട് എന്ന പേരിൽ യുഐഡിഎഐ-യെ നിയന്ത്രിക്കാൻ കഴിയുന്ന പുതിയൊരു സ്ഥാപനം കൊണ്ടുവരാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. ഇതിനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. ആധാർ ഇല്ലെന്ന കാരണത്താൽ പൗരർക്ക് യാതൊരു ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ആധാർ മൂന്നാം കക്ഷികളാൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനുള്ള വ്യവസ്ഥകളും ഈ ബില്ലിൽ ഉൾച്ചേർന്നിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടന്നാൽ 1 കോടി രൂപ വരെ പിഴ ഈടാക്കാനാകും. ഈ പ്രശ്നം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കിൽ ദിവസം 10 ലക്ഷം രൂപ വെച്ച് പിഴയൊടുക്കേണ്ടതായി വരും.

Read More: ഇംഗ്ലീഷ് സാഹിത്യം മോഹിച്ചു, എത്തിയത് ഡാറ്റ സയന്‍സില്‍; ഹാര്‍വാഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തുകാരന്‍ അഭിജിത്ത് പറയുന്നു; “എന്നെ ശമ്പളം കൊണ്ട് അളക്കരുത്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍