TopTop

റാഫേല്‍ കത്തുന്നു: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ എല്ലാം കള്ളന്മാരെന്ന് നിര്‍മ്മല സീതാരാമന്‍; ഒലാന്ദിനെ തള്ളി ഇന്ത്യ

റാഫേല്‍ കത്തുന്നു: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ എല്ലാം കള്ളന്മാരെന്ന് നിര്‍മ്മല സീതാരാമന്‍; ഒലാന്ദിനെ തള്ളി ഇന്ത്യ
ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണവും വിവാദങ്ങളും കത്തിപ്പടരുന്നു. കരാര്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ വെളിപ്പെടുത്തലാണ് റാഫേല്‍ വിവാദങ്ങളെ കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ കടന്നാക്രമണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമനും രവിശങ്കര്‍ പ്രസാദും രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ കുടുംബക്കാര്‍ മുഴുവന്‍ കള്ളന്മാരാണ് എന്നാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

എന്‍ഡിഎ സര്‍ക്കാരില്‍ അഴിമതിയില്ലെന്നും അധികാരമില്ലാത്തതിന്റെ അസ്വസ്ഥതയാണ് രാഹുല്‍ പ്രകടിപ്പിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. #RahulKaPuraKhandanChor എന്ന് പറഞ്ഞു ഒരു ട്വിറ്റെര്‍ ഹാഷ് ടാഗ് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്.2012ല്‍ റാഫേല്‍ കരാറില്‍ നിന്ന് യുപിഎ സര്‍ക്കാര്‍ പിന്മാറിയത് കൈക്കൂലി കിട്ടാത്തതുകൊണ്ടാണ് എന്നും ചൈനയ്ക്കും പാകിസ്താനും വേണ്ടിയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. അഹങ്കാരിയും വിവരമില്ലാത്തവനുമായ ഒരു നേതാവിന്റെ നുണകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം (ജെപിസി) നടത്താന്‍ കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

READ ALSO: റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

അതേസമയം ഫ്രാന്‍സ്വ ഒലാന്ദിനെ തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. റിലൈന്‍സിനെ ഉള്‍പ്പെടുത്തിയതില്‍ ഇന്ത്യ, ഫ്രഞ്ച് ഗവണ്‍മെന്റുകള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഒലാന്ദിന്റെ പ്രസ്താവനയില്‍ താല്‍പര്യസംഘര്‍ഷവും വൈരുദ്ധ്യവുമുണ്ടെന്നും പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഫ്രഞ്ച് രാഷ്ട്രീയവുമായി ഇതിന് ബന്ധമുണ്ടെന്നും ഒലാന്ദുമായി അടുപ്പമുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇതിന് പിന്നിലെന്നും പ്രതിരോധ മന്ത്രാലയം വാദിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന് ഏത് ഇന്ത്യന്‍ കമ്പനിയെ വേണമെങ്കിലും കരാര്‍ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ദസോള്‍ട്ട് ആണെന്നും പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു. ഫ്രാന്‍സ് അല്ല റിലൈന്‍സിനെ തിരഞ്ഞെടുത്തതെന്നും ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റിലൈന്‍സ് കരാറിന്റെ ഭാഗമായതെന്നും ഇന്നലെ എ എഫ് പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലാന്ദ് ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് കരാര്‍ പങ്കാളിയായി റിലൈന്‍സ് വന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇന്നലെ രാത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കരാര്‍ പങ്കാളിയെ തിരഞ്ഞെടുത്തത് എന്ന് ദസോള്‍ട്ട് ഏവിയേഷനും വ്യക്തമാക്കി. ദസോള്‍ട്ട് ഏവിയേഷനാണ് റിലൈന്‍സിനെ തിരഞ്ഞെടുത്തത് എന്നും കമ്പനി സിഇഒ എറിക് ട്രാപ്പിയര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ദസോള്‍ട്ട് പറയുന്നു.

റാഫേല്‍ കരാറിലെ ഓഫ്‌സെറ്റ് വ്യവസ്ഥ പ്രകാരം ഇന്ത്യയിലെ പ്രാദേശിക കരാറുകളില്‍ അമ്പത് ശതമാനം നിക്ഷേപം ഫ്രാന്‍സ് നടത്തണം. 30000 കോടി രൂപയുടെ നിക്ഷേപം. റാഫേല്‍ ഓഫ്‌സെറ്റ് പ്രോജക്ട് ആണ് റിലൈന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രധാനമായും കാരണമായത്. 36 യുദ്ധ വിമാനങ്ങള്‍ക്കുള്ള എംഒയു ഒപ്പുവയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒളാന്ദിന്റെ നിലവിലെ ജീവിതപങ്കാളിയും നടിയുമായ ജൂലി ഗയറ്റുമായി അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കാവുന്നത്.

https://www.azhimukham.com/india-rafaledeal-reliance-frenchpresident-partner/

Next Story

Related Stories