Top

പിണറായി, നായിഡു, റാവു, കുമാരസ്വാമി; ഈ മുഖ്യമന്ത്രിമാര്‍ പ്രതിരോധിക്കുമോ ബിജെപിയെ ദക്ഷിണേന്ത്യയില്‍?

പിണറായി, നായിഡു, റാവു, കുമാരസ്വാമി; ഈ മുഖ്യമന്ത്രിമാര്‍ പ്രതിരോധിക്കുമോ ബിജെപിയെ ദക്ഷിണേന്ത്യയില്‍?
കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ തൂക്ക് നിയമസഭ ആയിരിക്കും എന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും പുറത്തുവന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു കളി തുടങ്ങിയിരുന്നു. രാഷ്ട്രീയ കുടില തന്ത്രങ്ങളുടെ ചാണക്യനായ അമിത് ഷായെ നിഷ്പ്രഭനാക്കുന്നതായിരുന്നു സോണിയ-രാഹുല്‍ ഇടപെടല്‍. അതിന്റെ ക്ലൈമാക്സിനാണ് ബാംഗളൂരുവിലെ വിധാന്‍ സൌദ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കര്‍ണ്ണാടകയുടെ ഇരുപത്തിഅഞ്ചാം മുഖ്യമന്ത്രി ആയി പുത്രന്‍ കുമാര സ്വാമി അധികാരമേല്‍ക്കുമ്പോള്‍ മുന്‍ പ്രാധാനമന്ത്രി ദേവഗൌഡയ്ക്ക് കിട്ടിയത് ചെയ്ത തെറ്റ് തിരുത്താനുള്ള അസുലഭ അവസരം.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമായിരിക്കും ബാംഗളൂരില്‍ എന്ന കാര്യത്തില്‍ സംശയമില്ല.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ നേതാക്കള്‍ക്ക് പുറമെ നിരവധി മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും എന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ രൂപപ്പെടുന്ന ബിജെപി മുന്നണിയുടെ പതാകവാഹകര്‍ എന്നു കരുതപ്പെടുന്ന അഖിലേഷ് യാദവും മായാവതിയും ചടങ്ങില്‍ പങ്കെടുക്കും എന്നത് ബിജെപിയെ സംബന്ധിച്ച് നല്‍കുന്ന ആശങ്ക ചെറുതല്ല. ആവര്‍ പുറത്തു കാണിക്കുന്നില്ലെകില്‍ കൂടി. ഡല്‍ഹിയില്‍ നിന്നു അരവിന്ദ് കേജ്രിവാള്‍ വരുന്നത് കോണ്‍ഗ്രസ്സിനോടുള്ള എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവെച്ചാണ്. കൂടാതെ രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവും രാഷ്ട്രീയ ലോക ദല്‍ നേതാവ് അജിത്ത് സിംഗും കശ്മീരില്‍ നിന്നും ഫാറൂഖ് അബ്ദുള്ളയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങില്‍ പങ്കെടുക്കും.

എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മൂന്ന് മുഖ്യമന്ത്രിമാരുടെ സാന്നിധ്യമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരാണ് അവര്‍. കോണ്‍ഗ്രസ്സുമായി വേദി പങ്കിടാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ചന്ദ്രശേഖര്‍ റാവു ഇന്നലെ വന്നു പോയെങ്കിലും ബിജെപി വിരുദ്ധ റീജ്യണല്‍ ഫ്രണ്ട് എന്ന ആശയം മമതാ ബാനര്‍ജിയോട് കൈകോര്‍ത്തു താലോലിക്കുന്ന നേതാവാണ് അദ്ദേഹം. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ അടുത്ത ലക്ഷ്യം തെലങ്കാന എന്നാണ് അമിത് ഷാ പറഞ്ഞത്.

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഡെപ്യൂട്ടി പന്നീര്‍ സെല്‍വവും ഒഴിഞ്ഞു നില്‍ക്കും എന്നത് പ്രതീക്ഷിച്ചാതാണ്. ബിജെപിയുടെ കര്‍ണ്ണാടകയിലെ മുന്നേറ്റത്തെ പ്രശംസിച്ചു അമിത് ഷായ്ക്ക് അഭിനന്ദന കത്ത് എഴുതിയ മഹാനാണ് പന്നീര്‍ സെല്‍വം. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിലെ പുതിയ താരോദയം കമല്‍ ഹാസനും ഡി എം കെ നേതാവ് എം കെ സ്റ്റാലിനും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തൂത്തിക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെ നടന്ന വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തു ക്യാമ്പ് ചെയ്യുന്ന രണ്ടു നേതാക്കളും ബംഗളൂരുവില്‍ എത്താനുള്ള സാധ്യതയില്ല. മറ്റൊരു രാഷ്ട്രീയ മുന്നേറ്റമായി കരുതപ്പെടുന്ന രാജനീകാന്ത് ഗവര്‍ണരുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

http://www.azhimukham.com/india-what-would-be-the-mandate-of-south-india-2019-elections/

നേരത്തെ കേന്ദ്ര ഫണ്ട് നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ചു ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും രംഗത്ത് വന്നിരുന്നു. കേരള ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേര്‍ത്ത ധനമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്താണ് നടന്നത് എന്നതും കൂടി ഓര്‍മ്മിക്കുക.

ബിജെപി മുക്ത ദക്ഷിണേന്ത്യ എന്ന ചിത്രം രൂപപ്പെടുന്ന രാഷ്ട്രീയ സംഭവം എന്ന നിലയില്‍ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ മാറുന്നു എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ പ്രധാന്യം. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല വിജയം എന്ന അപകട സൂചന അന്തരീക്ഷത്തില്‍ പ്രകടമായി പ്രതിഫലിച്ചു തുടങ്ങിക്കഴിഞ്ഞു. വരാന്‍ പോകുന്ന മധ്യ പ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളും വെച്ചു നോക്കുമ്പോള്‍ ശക്തമായ ദിശാബോധമുള്ള പ്രതിപക്ഷത്തെ തന്നെയായിരിക്കും ബിജെപിക്ക് നേരിടേണ്ടിവരിക. അതില്‍ ദക്ഷിണേന്ത്യയുടെ സംഭാവന വളരെ വലുതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/india-devegowda-coming-back-to-indian-politics/

http://www.azhimukham.com/india-mamatabanerjee-democracy/

http://www.azhimukham.com/trending-importance-of-cpim-in-battle-against-bjp/

http://www.azhimukham.com/trending-poster-banned-in-facebook-which-says-south-rejects-bjp/

http://www.azhimukham.com/india-to-be-loyal-to-someone-is-o-panneerselvams-personal-choice-ever/


Next Story

Related Stories