TopTop
Begin typing your search above and press return to search.

ദലൈ ലാമയുടെ പിൻഗാമിയെ ചൈന തീരുമാനിക്കും; ഇന്ത്യ ഇടപെട്ടാൽ ഉഭയകക്ഷി ബന്ധം തകരാറിലാകുമെന്ന് മുന്നറിയിപ്പ്

ദലൈ ലാമയുടെ പിൻഗാമിയെ ചൈന തീരുമാനിക്കും; ഇന്ത്യ ഇടപെട്ടാൽ ഉഭയകക്ഷി ബന്ധം തകരാറിലാകുമെന്ന് മുന്നറിയിപ്പ്

ദലൈലാമയുടെ പിൻഗാമിയെ ചൈന തന്നെ നിശ്ചയിക്കുമെന്നും, ഈ വിഷയത്തിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ദലൈലാമയുടെ 'പുനരവതാര'ത്തിന് ചൈനീസ് സർക്കാരാണ് അംഗീകാരം നൽകേണ്ടത്. 200 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രക്രിയയെ അടിസ്ഥാനമാക്കി നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിനുള്ളിൽ നടത്തണം എന്നാണ് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘ദലൈലാമയുടെ പുനരവതാരം ചരിത്രപരവും മതപരവും രാഷ്ട്രീയപരവുമായ വിഷയമാണ്. അതിനായി സ്ഥാപിതമായ പ്രത്യേക ചരിത്രസ്ഥാപനങ്ങളും ചിട്ടവട്ടങ്ങളും ഉണ്ട്,’ എന്ന് സ്വയംഭരണ പ്രദേശമായ ടിബറ്റിലെ ഡയറക്ടർ ജനറൽ വാങ് നെങ് ഷെങ് പറഞ്ഞു. നിലവിലെ ദലൈലാമയെ ബീജിംഗ് അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ പിൻഗാമിയെയും അതിന്റേതായ രീതിയില്‍ ചൈനയില്‍ നിന്നുതന്നെ കണ്ടെത്തും. ദലൈലാമയുടെ പുനർജന്മം തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആഗ്രഹപ്രകാരമോ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ചില ആളുകളുടെ താൽപര്യത്താലോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിബറ്റിലെ പ്രാദേശിക ജനതയുടെ പ്രക്ഷോഭത്തെത്തുടർന്നാണ് 1959-ൽ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഇന്ത്യ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകി. അന്നുമുതൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയെ ആസ്ഥാനമാക്കിയാണ് ടിബറ്റൻ സർക്കാർ പ്രവര്‍ത്തിക്കുന്നത്. ദലൈലാമയ്ക്ക് ഇപ്പോൾ 84 വയസ്സായി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകളും സമീപകാലത്തായി കൂടിവരുന്നുണ്ട്.

മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയില്‍ നിന്നാവാമെന്ന് ദലൈലാമ കഴിഞ്ഞ മാസം റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടുരുന്നു. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്നും, ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നതെന്നും, അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ദലൈലാമയുടെ വിശുദ്ധി സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. ബഹുമാന്യനായ ഒരു മതനേതാവായ അദ്ദേഹത്തെ ഇന്ത്യയിലെ ജനങ്ങള്‍ ബഹുമാനിക്കുന്നു. അതിന് യാതൊരു മാറ്റവും വരില്ല. മതപരമായ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്’ എന്നാണ് കഴിഞ്ഞ വർഷം മാർച്ചിൽ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിരുന്നത്. അതേസമയം, തായ്‌വാനും ടിബറ്റും ചൈനയുടെ ഭാഗമാണെന്ന് പറയുന്ന ‘വൺ ചൈന’ നയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുമുണ്ട്.


Next Story

Related Stories