UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ട്രെന്‍ഡിങ്ങ്

പാര്‍ട്ടിക്ക് നല്‍കിയ സേവനത്തിന് ഒരു അവശ നേതാവിന് നല്‍കുന്ന അംഗീകാരമല്ല രാഷ്ട്രപതി സ്ഥാനം: ഹരീഷ് ഖരെ എഴുതുന്നു

ഒരു രാഷ്ട്രപതി എന്തായിരിക്കണമെന്നതിന്റെ വിശിഷ്ട ഉദാഹരണമായിരുന്നു കെആര്‍ നാരായണന്‍

ഹരീഷ് ഖരെ

2017 പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലേ  ആരംഭിക്കുവെങ്കിലും നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഒരു പകരക്കാരനെ കണ്ടുപിടിക്കാനുള്ള തങ്ങളുടെ ഉപായങ്ങളും യത്‌നങ്ങളുമെല്ലാം രാഷ്ട്രീയ യജമാനന്മാരും മാനേജര്‍മാരും ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. രാജേന്ദ്ര പ്രസാദിന് ശേഷമുള്ള തന്റെ മുന്‍ഗാമിമാരെ എല്ലാവരെയും പോലെ തന്നെ തനിക്കും ഒരു രണ്ടാമൂഴം ലഭിക്കുമെന്ന് പ്രണാബ് മുഖര്‍ജി ആഗ്രഹിക്കുന്നതില്‍ ആര്‍ക്കും അത്ഭുതത്തിന് അവകാശമുണ്ടാവില്ല. പക്ഷെ അദ്ദേഹത്തിന് അത് ലഭിക്കില്ല. രാഷ്ട്രപതി ഭവനിലെ വിശാല ഇടങ്ങളില്‍ അഞ്ച് വര്‍ഷം കൂടി അദ്ദേഹത്തെ ചുതലപ്പെടുത്താന്‍ മതിയാകുന്നവിധത്തില്‍ അദ്ദേഹം ഭരണ സ്ഥാപനങ്ങളെ പ്രീതിപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലാകട്ടെ അദ്ദേഹത്തിന് സമ്മിശ്ര ബഹുമാനമേ അവകാശപ്പെടാനാവൂ. എല്ലാത്തിനും ഉപരിയായി, അദ്ദേഹം രാജന്‍ ബാബുവല്ല.

എന്തൊക്കെയായാലും ഒരു പുതിയ രാഷ്ട്രപതിയെ കണ്ടെത്തിയേ മതിയാവൂ. അത്ര ലളിതമല്ലാത്ത വിധത്തില്‍ സങ്കീര്‍ണമായ ഒരു അന്വേഷണം തന്നെ അതിനാവശ്യമാണ്. കാരണം, അതൊരു അപ്രധാന പദവിയല്ല. ഇന്ത്യയുടെ രാഷ്ട്രപതിയെന്നത് റിപ്പബ്ലിക്കിന്റെ ഒരു ആലങ്കാരിക തലവന്‍ മാത്രമല്ല; കൂടാതെ പുറത്തറിയപ്പെടുന്ന വിശ്വാസപ്രമാണങ്ങള്‍ക്കപ്പുറമാണ് ആ പദവി നല്‍കുന്ന അധികാരത്തിന്റെ വ്യാപ്തിയും യഥാര്‍ത്ഥ സ്വഭാവവും എന്ന വാദവും നിലനില്‍ക്കുന്നു. ഭരണനിര്‍വഹണത്തിന്റെ വെസ്റ്റ്മിനിസ്റ്റര്‍ മാതൃകയില്‍ വിഭാവന ചെയ്തിരിക്കുന്നതിന് ഉപരിയായി ഇന്ത്യയുടെ രാഷ്ട്രപതിയെ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുത്താനുള്ള ശ്രങ്ങള്‍ 1967 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. 1967ല്‍ രാഷ്ട്രപതി ഭവനില്‍ പാര്‍പ്പുറപ്പിക്കുക എന്ന ആശയം വല്ലാതെ മോഹിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ഒരു മുന്‍ ചീഫ് ജസ്റ്റിസ് വിശദീകരിക്കാനാവാത്ത വിധത്തിലും മാപ്പ് അര്‍ഹിക്കാത്ത വിധത്തിലും രാഷ്ട്രീയക്കാരുടെ കശപിശകളില്‍ പെട്ടുപോയിട്ടുണ്ട് എന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടത് അനിവാര്യമാണ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന ആളുമായ ഡോ. സക്കീര്‍ ഹുസൈനെതിരായ സ്വതന്ത്രപാര്‍ട്ടിയുടെയും ജനത പാര്‍ട്ടിയുടെയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി അവരോധിതനാകാന്‍ ചീഫ് ജസ്റ്റിസ് സുബ്ബ റാവും സ്വയം അനുവദിച്ചുകൊടുത്തു. വ്യക്തമായ ഭൂരിപക്ഷത്തോടെ സക്കീര്‍ സാബ് പ്രയാസമില്ലാതെ ജയിച്ചെങ്കിലും രാഷ്ട്രീയ പക്ഷപതിത്വത്തിന് ഉപരിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയിലുള്ള ജുഡീഷ്യറിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും നഷ്ടപ്പെട്ടു. 1969ല്‍ സക്കീര്‍ സാഹിബിന്റെ അകാലമരണം മൂലം വീണ്ടും ഒരു രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആവശ്യമായി വന്നു; തങ്ങളുടെ ചെരുപ്പിനെക്കാള്‍ വലുതായി എന്ന് അവര്‍ കരുതിയ ഇന്ദിര ഗാന്ധിയെ ഒതുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കന്മാരായിരുന്നു ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ തേടിച്ചെന്നത്. രാഷ്ട്രപതി പദവി ഒരു കുസൃതിയാണെന്ന ധാരണയെ ഉറപ്പിക്കുന്നതായിരുന്നു 1967ഉം 1969ഉം.

അതിനുശേഷം, തങ്ങളുടെ വിഭാഗീയ ശണ്ഠകളിലേക്ക് രാഷ്ട്രപതി ഭവനെ ഉള്‍ക്കൊള്ളിക്കാനും അവിഹിതമായി സ്വാധീനിക്കാനും സമയാസമയങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ട രാഷ്ട്രീയ വര്‍ഗ്ഗങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. തെറ്റായ ഭരണഘടന കാല്‍വെപ്പുകളെ കുറിച്ച് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കുമുള്ള ക്ലാസിക് വായനയാണ് രാജീവ് ഗാന്ധി-സെയില്‍ സിംഗ് കലഹം. 1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതര പദ്ധതിക്ക് നേരെയുണ്ടായ ഭീമമായ ആക്രമണത്തിന്റെ മുഖത്ത് മൗനം പാലിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു നിശ്ചദാര്‍ഢ്യം പ്രകടിപ്പിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിച്ച അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ നടപടി ഇതിന് നേരെ ഘടകവിരുദ്ധമായിരുന്നു. അതിന് ശേഷം 1997ല്‍, ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഐ കെ ഗുജറാള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം മടക്കിക്കൊണ്ട് ഭരണഘടനാപരമായ ധര്‍മ്മികതയ്ക്കും രാഷ്ട്രീയ നീതിക്കും വേണ്ടിയാണ് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ നിലകൊണ്ടത്.

രാഷ്ട്രപതിയുടെ ഊര്‍ജ്ജം ചില സമയങ്ങളില്‍ നിര്‍ണായക സഹായമായി മാറിയേക്കാം. എന്നിരുന്നാലും, രാഷ്ട്രപതി ഭവന്‍ അധികാരത്തിന്റെ ഒരു വിരുദ്ധ കേന്ദ്രമല്ല എന്ന് വ്യക്തമായും സംശയരഹിതമായും ഊന്നിപ്പറയേണ്ടതിന്റെ ആവശ്യകതയുണ്ട്. അങ്ങനെയാവാന്‍ അനുവദിക്കുകയും ചെയ്തുകൂടാ. ഒരു ‘ആക്ടിവിസ്റ്റ്’ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്ഥാനമില്ല; ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് തടസങ്ങള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വേഗത നിയന്ത്രിക്കുകയോ അല്ല രാഷ്ട്രപതിയുടെ ചുമതല. പ്രധാനമന്ത്രിയിലും ലോക്‌സഭയുടെ വിശ്വാസം നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയിലുമാണ് രാഷ്ട്രീയ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ജനകീയ ജനാധിപത്യ അഭിലാഷങ്ങളുടെ മൂര്‍ത്തിമത് ഭാവമായ പ്രധാനമന്ത്രിയെയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി രാജ്യം ഭരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ രാഷ്ട്രപതിയെയല്ല. വിശേഷാധികാരങ്ങളില്‍ നിന്നും അധികാരത്തില്‍ നിന്നും രാഷ്ട്രപതിയെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ നടത്തിപ്പ് അദ്ദേഹത്തില്‍ നിക്ഷിപ്തമല്ല. രക്ഷാധികാരം, അധികാരം, നയങ്ങള്‍, മുന്‍കൈകള്‍ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണ്.

എന്നിരുന്നാലും രാഷ്ട്രപതി ഒരു വെറും റബര്‍ സ്റ്റാമ്പല്ല. ഒരു പ്രതിഭ പാട്ടീലോ ഒരു സുമിത്ര മഹാജനോ അങ്ങനെ ആവുകയും ചെയ്യരുത്. ‘പാര്‍ട്ടിക്ക്’ നല്‍കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരം എന്നനിലയില്‍ ഏതെങ്കിലും അവശ നേതാവിനെ പാര്‍പ്പിക്കാനുള്ള സ്ഥലവുമല്ല രാഷ്ട്രപതി ഭവന്‍. അതുപോലെ തന്നെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഏതെങ്കിലും ശക്തനായ രാഷ്ട്രീയ സംഘാടകനെ ജാമ്യത്തില്‍ വിട്ട ഒരു ജഡ്ജിയ്ക്ക് തീര്‍ച്ചയായും റെയ്‌സീന കുന്നിന്‍ മുകളിലുള്ള കൊട്ടാരത്തില്‍ ഇടമില്ല.

രാഷ്ട്രപതി ഭവനില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്ന സ്ത്രീയായാലും പുരുഷനായാലും ദൃഢതയുള്ള വ്യക്തിത്വമായിരിക്കണം എന്ന് അംഗീകരിക്കാന്‍ എളുപ്പമാണ്. ദൃഢതയെയും ഔന്നിത്യത്തെയും കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടിയില്ലാതെ രാഷ്ട്രപതി പദമില്ല. രാഷ്ട്രപതി പദവിയുടെ ആചാരപരമായ ഭാഗം തന്നെ അന്തസ്സും ഔചിത്യവും ആവശ്യപ്പെടുന്നുണ്ട്. ശാരീരികമായ സൗഖ്യവും ചുറുചുറുക്കുമായിരിക്കണം അടിസ്ഥാന യോഗ്യതകള്‍; ഒരുപക്ഷെ ഒരു പൊടിക്ക് ബൗദ്ധിക ഓജസും. ബൗദ്ധികവും പാണ്ഡിത്യപരവുമായ സാമര്‍ത്ഥ്യത്തിന്റെ ഒരംശം ഉള്ള രാഷ്ട്രപതിയുണ്ടാവുന്നത് തീര്‍ച്ചയായും ഒരു അധിക നേട്ടമാണ്. പ്രത്യേകിച്ചും, ലോക രാഷ്ട്രങ്ങളുമായുള്ള ആശയവിനിമയങ്ങളുടെ കാര്യത്തില്‍. ഇത്തരത്തിലുള്ള ഉപയുക്തതയുടെ വിശിഷ്ട ഉദാഹരണമായിരുന്നു രാഷ്ട്രപതി കെ ആര്‍ നാരായണന്‍.

ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ വന്‍കൊയ്‌ത്തോടെ 2017ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ കോളേജിലെ എണ്ണം ഭരണകക്ഷിക്ക് അനുകൂലമായി ഏകദേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിയോഗി ആകാന്‍ സാധ്യതയുള്ള ഒരു രാഷ്ട്രപതിയെ വേണ്ട എന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അവരെ കുറ്റം പറയാന്‍ സാധിക്കില്ല. രാഷ്ട്രപതി ഭവനില്‍ ഒരു സംഘട്ടനപ്രിയന്‍ ഉണ്ടാവുന്നതിനെ ഭരണഘടന അനുകൂലിക്കുന്നില്ല. അതേ സമയം തന്നെ, പ്രധാനമന്ത്രിക്ക് ജ്ഞാനവും വിവേകവും ഉള്‍ച്ചേര്‍ന്ന് ഉപദേശങ്ങളുടെ സ്‌ത്രോതസാവാന്‍ ശേഷിയുള്ള ഒരു അന്യാദൃശ്യ വ്യക്തിത്വമായിരിക്കണം അന്തിമമായി ആ സ്ഥാനത്തേക്ക് വരേണ്ടത് എന്ന് നിരവധി സമചിത്തരായ പൗരന്മാര്‍ ആഗ്രഹിക്കുന്നു.

മറുവശത്ത്, സ്വന്തം അണികളെ ഉറപ്പിച്ച് നിര്‍ത്തുന്നതിനും വിഘടിച്ചുനില്‍ക്കുന്ന ബിജെപി ഇതര പ്രസ്ഥാനങ്ങള്‍ തമ്മില്‍ എത്രത്തോളം സഹകരണവും ഐക്യവും സാധ്യമാണ് എന്ന് പരീക്ഷിക്കാനുമുള്ള ഒരു അവസരമായി വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാനുള്ള യുക്തമായ അവകാശം കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിനുണ്ട്. ഔന്നിത്യവും നിലപാടുമുള്ള ഒരൊറ്റ സ്ത്രീയെയോ പുരുഷനെയോ പ്രതിപക്ഷത്തിന് നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നപക്ഷം, തങ്ങള്‍ തിരഞ്ഞെടുക്കുന്ന ആളും അതിനോട് കിടപിടിക്കുന്നതാണ് എന്ന് ഉറപ്പുവരുത്താന്‍ ഭരിക്കുന്ന പാര്‍ട്ടിയും നിര്‍ബന്ധിതമാകും.

ഒരു രാഷ്ട്രപതി എങ്ങനയൊക്കെ ആയിത്തീരും എന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഒരു പക്ഷെ അസാധ്യം തന്നെയാണ്. കെട്ടിടത്തിന്റെ അതിഗാംഭീര്യം, വിസ്തൃതമായ ആചാരങ്ങളുടെ ആഡംബരം, ആചാരവിളികളുടെ അസംബന്ധം, സുഭഗരും ആകര്‍ഷണീയരും സുവര്‍ണ അലങ്കാരങ്ങളോട് കൂടിയവരുമായ എഡിസികള്‍, പൊങ്ങച്ചത്തിന്റെയും ആചാരങ്ങളുടെയും മറ്റ് നിരവധി സംയുക്തങ്ങള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു വ്യാജ അധികാര അവബോധം സൃഷ്ടിക്കപ്പെട്ടേക്കാം. കൂടാതെ, ചില സമയങ്ങളില്‍ ചില കുടുംബാംഗങ്ങള്‍ തന്നെ വ്യാമോഹത്തിന്റെയും കൊട്ടാരവിപ്ലവത്തിന്റെയും ചിന്തകള്‍ കുത്തിവെച്ചേക്കാം; ഗൂഢാലോചനയുടെ വശീകരണത്തിന് വശംവദരാകുന്ന ചില കൗശലക്കാരായ അനുയായികളും ഉണ്ടാവാം എന്ന കാര്യവും ഒട്ടും കുറച്ചുകാണാന്‍ പറ്റില്ല.

ഇത്തരം അനര്‍ത്ഥങ്ങള്‍ക്കും തെറ്റായ കണക്കുകൂട്ടലുകള്‍ക്കുമെതിരെ പക്വതയുള്ള രാഷ്ട്രീയ വ്യവസ്ഥകള്‍ ജാഗരൂകരായിരിക്കും. അതുകൊണ്ടുതന്നെ കാമ്പും പാണ്ഡിത്യവുമുള്ള ഒരു വ്യക്തിയെ തിരച്ചെടുക്കുന്നത് പ്രജായത്തത്തിന് അനുപേക്ഷണീയമാകുന്നു. രാഷ്ട്രത്തിന്റെ തലവന്‍ എന്ന പ്രഭാവം കൈവരുന്നതോടെ, രാജ്യത്തിന്റെ ജനായത്തായ സമ്പ്രദായത്തിന്റെ ധര്‍മ്മത്തിന്റെ ഓജസിന്റെയും കാവല്‍ഭടന്‍ കൂടിയായി രാഷ്ട്രപതി മാറുന്നു. രാഷ്ട്രവ്യവഹാരത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഒരു സൂക്ഷമദൃഷ്ടി രാഷ്ട്രപതി പുലര്‍ത്തുമെന്ന് പൗരന്മാര്‍ പ്രതീക്ഷിക്കുന്നു. ചില ഭരണഘടന പോഷകങ്ങളില്‍ രാജതന്ത്രം സുരക്ഷിതമായി നങ്കുരമിട്ടിരിക്കുന്നു എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗങ്ങള്‍ക്ക് താല്‍പര്യം ഉണ്ടാവും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഫക്രുദ്ദീന്‍ അലി അഹമ്മദ് ഇനത്തിലുള്ള നട്ടെല്ലില്ലായ്മ അവര്‍ പ്രതീക്ഷിക്കുന്നില്ല. ഒരു തരത്തിലുള്ള ഭരണഘടനാപരമായ അസന്തുലിതാവസ്ഥയും സൃഷ്ടിക്കാതെ സന്തുലനം സൃഷ്ടിക്കാന്‍ അടുത്ത രാഷ്ട്രപതി ക്ഷണിക്കപ്പെട്ടേക്കാം.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍