ഫെബ്രുവരി 27ന് ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന വ്യോമയുദ്ധത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തയെ ആശ്രയിച്ച് പാകിസ്താനോട് ചോദ്യമുന്നയിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ വീഴ്ത്തിയ പാക് യുദ്ധവിമാനത്തിന്റെ വൈമാനികനെ ഇന്ത്യൻ വൈമാനികനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ തല്ലിക്കൊന്നെന്ന വാർത്ത ഫെബ്രുവരി 28നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒരു യുകെ അഭിഭാഷകൻ പറഞ്ഞുവെന്നതായിരുന്നു ഈ വ്യാജ വാർത്തയുടെ സോഴ്സ്. തുടക്കത്തിൽ ആക്രമണം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വരാതിരുന്ന ഘട്ടത്തിൽ ഇംഗ്ലീഷ് മാധ്യമങ്ങൾ പലതും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഇംഗ്ലീഷ് മാധ്യമങ്ങളെ പിന്തുടരുന്ന ചില പ്രാദേശിക മാധ്യമങ്ങളും വ്യക്തമായ സോഴ്സില്ലാത്ത ഈ വാർത്ത പ്രസിദ്ധീകരിച്ചു. പിന്നീടാണ് ഇത് വ്യാജവാർത്തയാണെന്ന് തെളിയിക്കപ്പെട്ടത്.
രണ്ട് റിട്ടയേഡ് എയർ മാർഷൽമാരുടെ മക്കൾ ഇരുവശത്തുമുള്ള വൈമാനികരിൽ ഉണ്ടായിരുന്നെന്നും രണ്ടുപേരും പാക് അധീന കശ്മീരിൽ വീണെന്നും അവിടെവെച്ച് നാട്ടുകാർ തല്ലിക്കൊന്നെന്നുമായിരുന്നു വാർത്ത. ഇത് തെറ്റാണെന്നും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും പിന്നീട് തെളിയിക്കപ്പെട്ടു.
എന്നാൽ, തുടക്കത്തിൽ രണ്ട് ഇന്ത്യൻ പൈലറ്റുമാർ പിടിയിലായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചില സൈനികോദ്യോഗസ്ഥരും പറഞ്ഞിരുന്നു. ഇതിൽപ്പിടിച്ചാണ് നിർമല സീതാരാമൻ വ്യാജ വാർത്തയെ പൊക്കിക്കൊണ്ടു വന്നത്. ഈ പറയുന്ന രണ്ടുപേരിൽ ഒരാൾ ഇന്ത്യൻ വൈമാനികനായ അഭിനന്ദൻ വർധമാനും മറ്റൊരാൾ 'നാട്ടുകാർ തല്ലിക്കൊന്ന പാക് വൈമാനിക'നുമായിരിക്കാം എന്നാണ് നിർമല സീതാരാമൻ അനുമാനിക്കുന്നത്.
സോഷ്യൽ മീഡിയ വാർത്തകളെ താൻ ആശ്രയിക്കുന്നില്ലെന്നും എന്നാല് ഈ വാർത്തയിൽ പറയുന്ന ഒരു പാക് വൈമാനികനെക്കുറിച്ച് എന്തുകൊണ്ടാണ് പാകിസ്താൻ മിണ്ടാത്തതെന്നും അവർ ചോദിച്ചു. ഇതിനു ശേഷം വ്യാജവാർത്തയെ അതേപടി വിശ്വസിച്ചുള്ള പ്രസ്താവനയാണ് പ്രതിരോധമന്ത്രി നടത്തിയത്. നാട്ടുകാർ ഈ പാകിസ്താൻ വൈമാനികനെ ഇന്ത്യൻ വൈമാനികനാണെന്ന് കരുതി തല്ലിക്കൊന്നെന്നും പിന്നീട് ആശുപത്രിയിലെത്തിച്ചെന്നും അവർ പറഞ്ഞു. പാക് വൈമാനികൻ രക്ഷപ്പെട്ടെന്ന് താൻ കരുതുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.