UPDATES

ഫൈനാൻസ്

നിര്‍മ്മല സീതാരാമന്റെ ആദ്യ ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള നികുതിയും വ്യക്തിഗത നികുതിയും കുറച്ചേക്കാം.

ഇടക്കാല ബജറ്റുകളും കൂട്ടിയാല്‍ സ്വതന്ത്ര ഇന്ത്യയിലെ 89ാമത്തെ പൊതുബജറ്റ് ആണ് ഇന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വനിത ധന മന്ത്രിയും ആദ്യത്തെ മുഴുവന്‍ സമയ വനിത ധനമന്ത്രിയുമാണ് നിര്‍മ്മല സീതാരാമന്‍. ആദ്യ വനിത ധനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. അതേസമയം പ്രധാനമന്ത്രിയായിരിക്കെ 1970ല്‍ താത്ക്കാലികമായാണ് ഇന്ദിരാ ഗാന്ധി ധനവകുപ്പ് കൈകാര്യം ചെയ്തത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാനിരക്കിലെ ഇടിവും നേരിടുമ്പോഴാണ് വരുന്നത്. എന്തൊക്കെയാണ് ഇത്തവണ ബജറ്റിലൂടെ പ്രതീക്ഷിക്കാവുന്ന സാധ്യതകള്‍ എന്ന് നോക്കാം:

കോര്‍പ്പറേറ്റ് നികുതിയും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള നികുതിയും വ്യക്തിഗത നികുതിയും കുറച്ചേക്കാം. മധ്യവര്‍ഗത്തിന്റെ പൊതു ഉപഭോഗത്തില്‍ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ചില നികുതി ഇളവുകള്‍ പിന്‍വലിക്കാം.

വളര്‍ച്ചാനിരക്ക് കൂട്ടാനുള്ള നടപടികള്‍ – ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായ ഘട്ടത്തിലാണ് ഇത്തവണത്തെ ബജറ്റ്. ജിഡിപി വളര്‍ച്ചാനിരക്ക് 5.8-ലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ 20 സാമ്പത്തിക പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.

ആദായനികുതി ഘടനയ്ക്ക് വലിയ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. അതേസമയം സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയേക്കാം. പാരമ്പര്യനികുതി (inheritance tax) പോലുള്ളവ മടങ്ങിവന്നേക്കാം.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ വലിയ തോതില്‍ പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിലൂടെ സാമ്പത്തിക തളര്‍ച്ച മറികടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നിലപാട്. 2019-20 സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 90,000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

തൊഴില്‍, കയറ്റുമതി എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയേക്കാം.

പ്രതിരോധ ചിലവുകള്‍ കുറച്ചേക്കാം. ഇത് സൈന്യത്തിന്റെ ആധുനീകരണത്തിനുള്ള ദീര്‍ഘകാല ആവശ്യം നടപ്പാക്കപ്പെടുന്നത് നീട്ടാന്‍ ഇടയാക്കിയേക്കാം.

ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുക, ഗ്രാമീണ മേഖലയിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുക, ചെറുകിട നിര്‍മ്മാണ മേഖലയ്ക്ക് പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയേക്കും.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനുള്ള സഹായങ്ങള്‍ വന്നേക്കാം.

ധനക്കമ്മി വർധിച്ച് 5.8 ശതമാനമായെന്നാണ് ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സർവെ പറയുന്നത്. ഈ സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും സർവെ സൂചിപ്പിക്കുന്നു.

ഇന്ത്യ 2024 ആകുമ്പോഴെക്കും അഞ്ച് ട്രില്ല്യണ്‍ ഇക്കോണമി ആയി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഉതകുന്ന രീതിയില്‍ ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നറിയേണ്ടതുണ്ട്.

Also Read: മാന്ദ്യത്തിന്റെ ആശങ്ക അകറ്റാതെ സാമ്പത്തിക സര്‍വെ, വളര്‍ച്ച നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രതീക്ഷ

ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനത്തില്‍ അന്ന് ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍, ഗ്രാമീണ മേഖലയിലെ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമായ രീതിയില്‍ വര്‍ധിപ്പിക്കുമോ എന്നതാണ് മുഖ്യ ചോദ്യം. രണ്ട് ഹെക്ടറില്‍ താഴെ ഭൂമി ഉള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധിയായിരുന്നു മോദി സര്‍ക്കാര്‍ അവസാന ബജറ്റിലെ പ്രധാനനിര്‍ദ്ദേശമായി മുന്നോട്ടുവെച്ചിരുന്നത്. 12 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ മൂന്ന് തവണയായി നല്‍കുന്ന ഈ തുക കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് മിക്ക സാമ്പത്തിക വിദഗ്ദരും കരുതുന്നില്ല. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെയ്ക്കുകയെന്നതാണ് പ്രധാനം. ഇതില്‍ വിളകള്‍ക്ക് അടിസ്ഥാന വില ഉറപ്പുവരുത്തുന്നതുമുതല്‍ കാര്‍ഷികകടങ്ങളുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പുറമെ മണ്‍സൂണ്‍ ലഭ്യത കുറഞ്ഞത് ഇത്തവണ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ആശങ്ക. കഴിഞ്ഞവര്‍ഷം തന്നെ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ വരള്‍ച്ച വലിയ പ്രശ്‌നമായിരുന്നു. ഇത്തവണയും ഇത് തുടര്‍ന്നാല്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായേക്കും. ഇത് ഗ്രാമീണ സമ്പദ് മേഖലയിലെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് സാധ്യത. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുകയെന്നത് ഉത്പാദന മേഖലയിലെ ഉണര്‍വിന് അത്യന്താപേക്ഷിതമായിരിക്കെ ഈ മേഖലയിലുണ്ടാകുന്ന തകര്‍ച്ച വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്.

ഗ്രാമീണ സമ്പദ് മേഖലയെ സജീവമാക്കുന്നതിന് സഹായകരമായേക്കാവുന്ന ഒന്നാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണപരാജയത്തിന്റെ ഉദാഹരണമായിട്ടാണ് തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി നേരത്തെ വിശേഷിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങളുടെ എണ്ണം 150 എങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നതാണ്. ഫണ്ടുകളുടെ അപര്യാപതതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായത് കഴിഞ്ഞ കാലത്താണ്. പുറത്തുവന്ന ഒരു കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 7.2 കോടി ജനങ്ങള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭിച്ചത്. എന്നാല്‍ 8.4 കോടി ജനങ്ങള്‍ തൊഴിലിനായി കാത്തിരുന്നപ്പോഴാണിതെന്നാണ് വൈരുദ്ധ്യം. ഗ്രാമീണ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2013 -14 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ലഭിക്കാതെ പോയവരുടെ എണ്ണം 79 ലക്ഷമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 1.29 കോടി ആയെന്നാണ് കണക്കാക്കുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 25 ലക്ഷം കോടി രൂപയുടെ പദ്ധതി കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. ഇത് ഏത് രീതിയിലാവും ഇടത്തരം കര്‍ഷകരെ സഹായിക്കുകയെന്ന കാര്യം പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ മാത്രമെ മനസ്സിലാകൂ. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നിര്‍മ്മല സീതാരാമന്‍ നടത്തുമെന്നു വേണം കരുതാന്‍. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നതായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം. ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഗ്രാമീണ മേഖലയിലെ അവസ്ഥ മാറ്റപ്പെടുമൊ എന്ന കാര്യം ഉറപ്പില്ല. കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

എംഎന്‍ആര്‍ഇജിഎയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതും പ്രധാനമാണ്. രാജ്യത്തിന്റെ സ്ഥൂല സാമ്പത്തിക സൂചികകളൊന്നും സര്‍ക്കാരിനെ സന്തോഷിപ്പിക്കുന്നതല്ല. തൊഴിലില്ലായ്മ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നിക്ഷേപതോത് കുറയുന്നു. ഉപഭോഗ ചിലവിലും കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇതിനെല്ലാം ഉള്ള ഒറ്റമൂലി സര്‍ക്കാര്‍ പൊതുചെലവ് വര്‍ധിപ്പിക്കുകയെന്നതാണ്. അങ്ങനെ ചെയ്താല്‍ ധനക്കമ്മിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്നാതാണ് പ്രധാനം.

സര്‍ക്കാരിന്റെ മുന്നിലുള്ള ഒരു വഴി പൊതു മേഖല സ്ഥാപനങ്ങല്‍ സ്വകാര്യവത്ക്കരിച്ച് പണം ഉണ്ടാക്കുകയെന്നതാണ്. കഴിഞ്ഞ കുറച്ചു കാലമായി എല്ലാ സര്‍ക്കാരുകളും അനുവര്‍ത്തിച്ചുവരുന്ന നയം തന്നെ കൂടുതല്‍ തീവ്രതയോടെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന സൂചന ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. കോര്‍പ്പറേറ്റ് നിക്ഷേപം വര്‍ധിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങളിലടക്കം ഭേദഗതി വരുത്താനും സാധ്യതയുണ്ട്. ഇതൊക്കെ ഉണ്ടാക്കുന്ന സാമൂഹ്യ സുരക്ഷിതമില്ലായ്മ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. മറ്റൊന്ന് ഭൂമി ഏറ്റെടുക്കല്‍ നയം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉദാരമാക്കാനുള്ള സാധ്യതയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷത്തോടടുക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാവില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ സ്വതവേ മാന്ദ്യത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും ഉളള ഗ്രാമീണ ജനവിഭാഗങ്ങളെ ഇത് കൂടുതല്‍ പ്രതികൂലമായ അവസ്ഥയിലേക്ക് തള്ളിയിടാനാവും സാധ്യത. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തില്‍ ഒന്നാം മോദി സര്‍ക്കാര്‍ തന്നെ ഭേദഗതികള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉദാരമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് ഈ നീക്കം പരാജയപ്പെട്ടത്.

2024-ഓടെ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇപ്പോള്‍ 2.8 ട്രില്ല്യണ്‍ ആണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആകെത്തുക. ഇതിന് 11.5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഇന്ത്യ കൈവരിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രഖ്യാപനങ്ങള്‍ നിര്‍മല സീതാരാമന്റെ ബജറ്റില്‍ ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.

Also Read: കാര്‍ഷിക, തൊഴില്‍ പ്രതിസന്ധിക്കും ‘അഞ്ച് ട്രില്ല്യണ്‍ ഇക്കോണമി’ക്കുമിടയില്‍ നിര്‍മ്മല സീതാരാമന്റെ പരിഗണനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍