UPDATES

ജോലിയില്ലാതെ എന്തിനാണ് സംവരണം? മോദിയുടെ പോസ്റ്റില്‍ ഗഡ്കരിയുടെ ഗോള്‍

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 10 കോടി പുതിയ വോട്ടര്‍മാര്‍ ഇന്ത്യയുടെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പ്രശ്‌നം രാമക്ഷേത്രമോ ഗോ മാതാവോ പശുവിന്റെ മൂത്രമോ ചാണകമോ പാകിസ്താനോ നെഹ്രുവോ ഒന്നും ആകാന്‍ വഴിയില്ല.

കൊടുക്കാന്‍ ജോലിയൊന്നുമില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് തൊഴില്‍ സംവരണം എന്നാണ് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മറാത്ത സമുദായക്കാരോട് കേന്ദ്ര മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി ചോദിച്ചിരിക്കുന്നത്. താന്‍ അംഗമായ സര്‍ക്കാരിന്റെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങളെ അപ്രസക്തമാക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പൂര്‍ണ പരാജയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന വിമര്‍ശനത്തെ ശരി വയ്ക്കുകയുമാണ് ഗഡ്കരി ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിക്ക് പകരമിറക്കാന്‍ ആര്‍എസ്എസ് റിസര്‍വ് ബഞ്ചില്‍ കരുതിവച്ചിരിക്കുന്ന കളിക്കാരനാണ് നിതിന്‍ ഗഡ്കരി എന്ന വിലയിരുത്തലുണ്ട്. എന്തായാലും നിലവിലെ കളിയില്‍ മോദിയുടെ പോസ്റ്റിലേയ്ക്ക് തന്നെ ഗോളടിച്ചിരിക്കുകയാണ് സഹതാരമായ ഗഡ്കരി. രാജ്യത്ത് തൊഴിലവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംവരണ പ്രക്ഷോഭം കൊണ്ട് ആർക്കും ജോലി കിട്ടാൻ പോകുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ് എന്ന് ഗഡ്കരി സമ്മതിച്ചിരിക്കുന്നതായി സിപിഎം ട്വീറ്റ് ചെയ്തു.

“ഇപ്പോള്‍ സംവരണമുണ്ട് എന്ന് വിചാരിക്കുക, ഇതിന്റെ ഭാഗമായി കൊടുക്കാന്‍ ജോലി വേണ്ടേ?. ബാങ്കുകളില്‍ ജോലിയില്ല. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് മരവിച്ചിരിക്കുകയാണ്. എവിടെയാണ് ജോലിയുള്ളത്? – ഗഡ്കരി ചോദിക്കുന്നു. സാമൂഹ്യപിന്നോക്കാവസ്ഥയെക്കുറിച്ച് ദാരിദ്ര്യത്തെക്കുറിച്ച് തീര്‍ത്തും നിരുത്തരവാദപരമായും തന്റെ വലതുപക്ഷ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലും ഗഡ്കരി സംവരണത്തെ പുച്ഛിച്ചുകൊണ്ടുള്ള സ്ഥിരം വാചകമടി നടത്തിയെങ്കിലും കൊടുക്കാന്‍ തൊഴിലെവിടെ എന്ന പ്രസക്തമായ ചോദ്യത്തിലൂടെ അദ്ദേഹം അതിനെയെല്ലാം അപ്രസക്തമാക്കി. ഇത് തന്നെയാണ് പ്രതിപക്ഷവും വിമര്‍ശകരും മോദിയോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. 2014ല്‍ നിങ്ങള്‍ വാഗ്ദാനം ചെയ്ത ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ എവിടെ എന്ന്. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചാല്‍ പിടിച്ചാല്‍ കിട്ടുന്ന 15 ലക്ഷം രൂപയ്ക്കായുള്ള ബാങ്ക് അക്കൌണ്ടുകളുടെ കാത്തിരിപ്പ് തുടരുകയാണ്.

വികസനവും വ്യവസായവത്കരണവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് നല്ല വില കിട്ടുന്നതുമെല്ലാം പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗഡ്കരി കണ്ടെത്തി. 2014 മുതല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഇതൊന്നും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത എന്ന് ഗഡ്കരിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ എക്കോണമിയുടെ കണക്ക് പ്രകാരം 14.3 ലക്ഷം തൊഴിലവസരങ്ങളാണ് 2017ല്‍ സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കകകേന്ദ്ര സര്‍ക്കാരും നിതി ആയോഗും അവകാശപ്പെടുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കുകളാണ് സര്‍ക്കാര്‍ നിരത്തുന്നത്. എന്നാല്‍ സിഎംഐഇയുടെ കണക്ക് വീടുകളില്‍ നടത്തിയ സര്‍വേ വഴിയുള്ളതാണ്.

പ്രതിവര്‍ഷം 1.2 കോടി പേര്‍ ഇന്ത്യന്‍ തൊഴില്‍ വിപണിയിലേയ്ക്ക് വരുന്നുണ്ടെന്നാണ് കണക്ക്. മോദി സര്‍ക്കാരിന്റെ തൊഴില്‍ രംഗത്തെ വലിയ പരാജയങ്ങള്‍ക്കെതിരെ തൊഴില്‍ അവകാശ ധ്വംസനങ്ങള്‍ക്കെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കമുള്ളവ രംഗത്തുണ്ട്. സ്വകാര്യ മേഖലയിലാണെങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നു. തൊഴിലന്വേഷണകരായ യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള തൊഴിലവസരങ്ങള്‍ തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. ആഗോള മധ്യവര്‍ഗ ജീവിത നിലവാരത്തിനൊപ്പം മൂന്ന് പതിറ്റാണ്ടിനപ്പുറമെങ്കിലും ഇന്ത്യ എത്തണമെങ്കില്‍ അത് സ്വയം തൊഴില്‍ പക്കോഡ സ്റ്റാള്‍ വാചകമടികള്‍ക്ക് പകരം ശമ്പളമുള്ള സ്ഥിരം തൊഴിലുകള്‍ സൃഷ്ടിക്കണമെന്ന് ആഗോള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍ സുരക്ഷിതത്വം എന്നത് വെറുമൊരു സങ്കല്‍പ്പമാണ് എന്നാണ് മോദി സര്‍ക്കാര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത 33 ശതമാനം പേരടക്കമുള്ള ഇന്ത്യക്കാരെ നോക്കി പല്ലിളിച്ചുകൊണ്ട് പറയുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ എങ്ങനെ വിറ്റഴിച്ച് തീര്‍ക്കാം എന്ന് ആലോചിക്കുന്ന ഒരു സര്‍ക്കാര്‍ എങ്ങനെയാണ് സ്ഥിരം തൊഴിലും തൊഴില്‍ സുരക്ഷയുമെല്ലാ്ം ഉറപ്പുവരുത്തുന്നത്.

കൂടുതല്‍ പേര്‍ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ നല്‍കുന്നു എന്നത് തന്നെ തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയുടെ സൂചകമാണെന്ന് വിലയിരുത്തപ്പെടുന്ന്. അതേസമയം തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിന്റെ കാലത്തുയരുന്ന വ്യാപക പരാതികള്‍ ശ്രദ്ധിക്കേണ്ടതാണ്. തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് ലഭിക്കാത്തത് സംബന്ധിച്ച പരാതികളും വിമര്‍ശനങ്ങളും കേന്ദ്രത്തിന് നേരെ വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നോട്ട് നിരോധനം അസംഘടിത മേഖലയിലുണ്ടാക്കിയ വന്‍ തൊഴില്‍ നഷ്ടം ഗുരുതരമായ പ്രശ്‌നമാണ്. പ്രവാസി തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലായാലും യുഎസിലായാലും വലിയ തോതില്‍ പിരിച്ചുവിടല്‍, തിരിച്ചയയ്ക്കല്‍ ഭീഷണി നേരിടുന്നുണ്ട്. ഇവരുടെ വന്‍ തോതിലുള്ള മടങ്ങിവരവ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം. പുതിയ നയം കര്‍ശനമായി നടപ്പാക്കുന്ന പക്ഷം ഏഴര ലക്ഷത്തോളം എച്ച് 1 ബി വിസയുള്ള ഇന്ത്യക്കാരെ യുഎസ് നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കും.

വര്‍ഗീയ ധ്രുവീകരണം കൊണ്ട് 2019ല്‍ എളുപ്പത്തില്‍ അധികാര തുടര്‍ച്ച നേടാം എന്നത് ബിജെപിയുടെ വ്യാമോഹമായിരിക്കും. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 10 കോടി പുതിയ വോട്ടര്‍മാര്‍ ഇന്ത്യയുടെ ഭാഗദേയം നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പ്രശ്‌നം രാമക്ഷേത്രമോ ഗോ മാതാവോ പശുവിന്റെ മൂത്രമോ ചാണകമോ പാകിസ്താനോ നെഹ്രുവോ ഒന്നും ആകാന്‍ വഴിയില്ല. അത് ജോലിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമായിരിക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം 2019ല്‍ കൂടുതല്‍ പരിശോധനയ്ക്കും സംവാദത്തിനും വിമര്‍ശനങ്ങള്‍ക്കും വിധേയമാകുമെന്നത് ഉറപ്പ്. തൊഴില്‍ കേവലം ഒരു സാമ്പത്തിക പ്രശ്‌നം മാത്രമല്ല, അത് സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്‌നം കൂടിയാണ്. ഈ പ്രശ്‌നങ്ങളിലേയ്ക്കാണ് കൃത്യമായ, ലക്ഷ്യബോധമുള്ള, രാഷ്ട്രീയ താല്‍പര്യമുള്ള ചോദ്യത്തിലൂടെ ഗഡ്കരി വെടിയുതിര്‍ത്തിരിക്കുന്നത്. ഒരു ‘വിഡ്ഢി ചിരി’യോടെ ഗഡ്കരി തന്റെ ചോദ്യത്തിന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ചമയ്ക്കാനിടയുണ്ടെങ്കിലും അദ്ദേഹം ചോദ്യത്തിലൂടെ ഉദ്ദേശിച്ച കാര്യം നേടി. ‘സണ്‍ ഓഫ് ദ സംഘ്’ എന്നാണ് കാരവാന്‍ മാഗസിന്‍ തങ്ങളുടെ കവര്‍ സ്റ്റാറിയില്‍ മോദിക്ക് പകരക്കാരനായി ആര്‍എസ്എസ് കരുതി വച്ചിരിക്കുന്ന തുറുപ്പ് ചീട്ടായ ഗഡ്കരിയെ വിളിക്കുന്നത്. ഗഡ്കരിയുടെ ഈ തൊഴില്‍ വിലാപം യാദൃശ്ചികമല്ല. ഉന്നം വച്ചുള്ള വെടി വയ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍