UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാവില്ല: മായാവതി

തിരഞ്ഞെടുപ്പ് ജയം മാത്രം നോക്കി പാര്‍ട്ടിയുടെ വിശാല താല്‍പര്യം അവഗണിക്കാനാവില്ലെന്ന് മായാവതി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ മാത്രമല്ല ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി. സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് ആകെയുള്ള 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം എസ് പി – ബി എസ് പി സഖ്യവും കോണ്‍ഗ്രസും ധാരണയിലെത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ടാണ് മായാവതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ലക്‌നൗവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി എസ് പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മായാവതി ഇക്കാര്യം പറഞ്ഞത്. പല പാര്‍ട്ടികളും ബി എസ് പിയുമായി സഖ്യത്തിന് താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ജയം മാത്രം നോക്കി പാര്‍ട്ടിയുടെ വിശാല താല്‍പര്യം അവഗണിക്കാനാവില്ലെന്ന് മായാവതി പറഞ്ഞു. യുപിയില്‍ എസ് പിക്ക് പുറമെ ആര്‍എല്‍ഡി ആണ് ബി എസ് പി സഖ്യത്തിലുള്ളത്. അതേസമയം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലിയിലും അമേഥിയിലും സഖ്യം മത്സരിക്കുന്നില്ല.

നേരത്തെ മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പിന്നിട് സഖ്യമുണ്ടാകില്ലെന്ന് ബി എസ് പി പ്രഖ്യാപിക്കുകയായിരുന്നു. സീറ്റ് വിഭജനത്തെക്കുറിച്ച് ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ബി എസ് പി സഖ്യമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം ദിഗ് വിജയ് സിംഗ് അടക്കമുള്ള നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചപ്പോളും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പിന്തുണച്ചുകൊണ്ടാണ് അന്ന് മായാവതി സംസാരിച്ചത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാരുകള്‍ക്ക് ബി എസ് പി പിന്തുണ നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച സോണിയയും രാഹുലുമടക്കം 11 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉത്തര്‍പ്രദേശില്‍ 11 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

യുപിയില്‍ ബി എസ് പി 38ലും എസ് പി 37ലും ആര്‍എല്‍ഡി മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. മധ്യപ്രദേശിലും ബി എസ് പിക്ക് എസ് പിയുമായി സഖ്യമുണ്ട്. ആകെയുള്ള 29ല്‍ 26ല്‍ ബി എസ് പിയും മൂന്നില്‍ എസ് പിയുമാണ് മത്സരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ബി എസ് പി നാല്, എസ് പി 1 എന്നാണ് സീറ്റ് വിഭജനം. പഞ്ചാബിലും ഹരിയാനയിലും വിവിധ പാര്‍ട്ടികളുമായി ബി എസ് പിക്ക് സഖ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍