UPDATES

ട്രെന്‍ഡിങ്ങ്

റാഫേൽ കരാർ: ബാങ്ക് ഗ്യാരണ്ടി നൽകാൻ ഫ്രാൻസ് വിസമ്മതിച്ചത് കരാർ തുക കൂട്ടി; കാരണമായത് പ്രധാനമന്ത്രിയുടെ ഇടപെടൽ; പ്രതിരോധ രേഖകൾ സഹിതം ദി ഹിന്ദു റിപ്പോർട്ട്

എന്നാൽ ഐഎൻടിയുടെ നിരന്തര പരിശ്രമത്തിനു ശേഷവും ഫ്രാൻസ് യാതൊരു അനുകൂലനീക്കവും നടത്തുകയുണ്ടായില്ല.

റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഫ്രാൻസിൽ നിന്നും ബാങ്ക് ഗ്യാരണ്ടിയോ സോവറൈൻ ഗ്യാരണ്ടിയോ വാങ്ങിയെടുക്കാൻ ഇന്ത്യക്ക് സാധിക്കാതെ പോയത് കരാറിനെ കൂടുതൽ ചെലവേറിയതാക്കിയെന്നതിന് രേഖകൾ സഹിതമുള്ള തെളിവുകളുമായി ദി ഹിന്ദു റിപ്പോർട്ട്. ദി ഹിന്ദു ചെയർമാൻ കൂടിയായ എൻ റാമാണ് ഈ നിർ‌ണായക വിവരങ്ങൾ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള വിലപേശലുകൾക്കായി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യൻ നെഗോഷ്യേറ്റിങ് ടീം (ഐഎൻടി) നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകൾ ഇന്ത്യയുടെ വിലപേശൽ ശേഷിയെ സാരമായി ബാധിച്ചെന്ന വെളിപ്പെടുത്തലുകൾ നേരത്തെ വന്നിരുന്നു. തങ്ങൾക്ക് ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാൻസ് നിലപാടെടുത്തതോടെ 574 ദശലക്ഷം യൂറോയാണ് ബാങ്ക് ഗ്യാരണ്ടിയിനത്തിൽ ചെലവാകുകയെന്ന് ഇന്ത്യൻ നെഗോഷ്യേറ്റിങ് ടീം 2016 ജൂലൈ മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ മാറ്റം റാഫേൽ ജെറ്റുകളുടെ വില 246.11 യൂറോ വർധിപ്പിച്ചെന്നതിന്റെ രേഖകളാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ബാങ്ക് ഗ്യാരണ്ടിയോ ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരണ്ടിയോ ഇല്ലാതെ കരാർ നടപ്പാക്കുന്നതിന് വേണ്ടിവരുന്ന തുക തങ്ങൾ കണക്കാക്കിയ രീതി ഐഎൻടി റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇത്തരത്തിൽ തുക ഉയർന്നതോടെ 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് 246.11 മില്യൺ യൂറോ ഉയർന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഐഎൻടി തങ്ങളുടേതായ വഴിക്ക് ഫ്രഞ്ച് സർ‌ക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമാന്തരമായ നീക്കങ്ങളുണ്ടായത്. 2015 ഡിസംബറിൽ ഫ്രഞ്ച് സര്‍ക്കാരിന്റെ സോവറൈൻ ഗ്യാരണ്ടിക്കു വേണ്ടി ശ്രമിക്കാൻ ഇന്ത്യൻ നിയമമന്ത്രാലയം ഐഎന്‍ടിയോട് നിർദ്ദേശിക്കുകയുണ്ടായി. വലിയ ഇടപാടാകയാൽ ഉപകരണങ്ങൾ കൈമാറുന്നതിനു മുമ്പു തന്നെ വലിയ തുക മുന്‍കൂട്ടി നൽകേണ്ടതായി വരുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർദ്ദേശം. എന്നാൽ ഐഎൻടിയുടെ നിരന്തര പരിശ്രമത്തിനു ശേഷവും ഫ്രാൻസ് യാതൊരു അനുകൂലനീക്കവും നടത്തുകയുണ്ടായില്ല. ഇതിനു കാരണമായത് ഫ്രാൻസിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതേ വിഷയത്തിൽ നടന്ന ആശയവിനിമയങ്ങളാണെന്നാണ് പുറത്തുവരുന്നത്.

കരാർ ലംഘനമോ, ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ, അഴിമതിയോ നടക്കുകയാണെങ്കിൽ ബാങ്ക് ഗ്യാരണ്ടിയാണ് ഇന്ത്യക്കുള്ള ഏക ഉറപ്പ്. ബാങ്ക് ഈ നഷ്ടങ്ങൾക്ക് പരിഹാരം നൽകാൻ ബാധ്യസ്ഥമാകും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വ്യവഹാരങ്ങളിൽ ബാങ്ക് കക്ഷിയുമാകും. ഇതിന് സാധിച്ചില്ലെങ്കിൽ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഫ്രാൻസ് ഇന്ത്യക്ക് ഒരു ‘സോവറൈന്‍ ഗ്യാരണ്ടി’ നൽകണം. ഇത് അന്തർദ്ദേശീയ കരാറുകൾക്കനുസൃതമായ രീതിയിൽ സർക്കാർ നൽകുന്ന ഉറപ്പാണ്. ഇത് രണ്ടും ലഭിക്കുകയുണ്ടായില്ല. ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ സമ്മർദ്ദത്തെ അയച്ചുവിടാനായി ഒരു ലെറ്റർ ഓഫ് കംഫർട്ട് നൽകുക മാത്രമാണ് സർക്കാര്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍