Top

ഞങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല: ഉമര്‍ ഖാലിദ്

ഞങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല: ഉമര്‍ ഖാലിദ്
ഇന്നലെ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റിന് സമീപമുള്ള റാഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് മുന്നില്‍ തനിക്കെതിരെയുണ്ടായ വെടിവയ്പിന്റേയും ആക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥി നേതാവും പൊതുപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദ് രംഗത്ത്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തങ്ങളെ തങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് ഉമര്‍ ഖാലിദ് വ്യക്തമാക്കി. തന്നെ ആക്രമിച്ചതാരാണ് എന്നറിയില്ല. അവര്‍ക്ക് പിന്നില്‍ ആരാണെന്നും വ്യക്തമല്ല. എന്നാല്‍ ബിജെപി എംപി മീനാക്ഷി ലേഖിയും ബിജെപിയെ പിന്തുണയ്ക്കുന്ന ചാനലുകളും തനിക്കെതിരെ ആക്രമണം നടന്നിട്ടില്ല എന്ന് എന്തിനാണ് നുണ പറയുന്നതെന്നും ഉമര്‍ ഖാലിദ് ചോദിക്കുന്നു.

ഉമര്‍ ഖാലിദിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം:

എനിക്കെതിരായ നിരന്തര വധഭീഷണികളുടെ പശ്ചാത്തലത്തില്‍, ആക്ടിവിസ്റ്റുകള്‍ ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍, ഈ തോക്ക് ഒരു ദിവസം എനിക്കെതിരെയും ചൂണ്ടപ്പെടാം എന്ന് അറിയാമായിരുന്നു. ദഭോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേഷ് - പട്ടിക നീളുകയാണ്. എന്നാല്‍ ഞാന്‍ അതിന് തയ്യാറാണോ. ഇത്തരത്തില്‍ കൊല്ലപ്പെടാന്‍ തയ്യാറാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ. ഇല്ല. ഓഗസ്റ്റ് 15ന് രണ്ട് ദിവസം മുമ്പ്, ഈ രാജ്യത്തെ പൗരന്മാര്‍ അനീതിക്കെതിരെ സംസാരിച്ചു എന്ന കുറ്റത്തിന് മരിക്കാന്‍ തയ്യാറാകണമെന്നാണെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്താണ്. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍, 'ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം' എന്ന വിഷയത്തിന്മേലുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോളാണ് എന്നെ ആക്രമിച്ചതും കൊല്ലാന്‍ ശ്രമിച്ചതും.

ദേശീയ തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലകളിലൊന്നില്‍ സ്വാതന്ത്ര്യ ദിനത്തിന് രണ്ട് ദിവസം മുമ്പ് പകല്‍സമയം ആയുധധാരിയായ ഒരു അക്രമിക്ക് എന്നെ ഇത്തരത്തില്‍ ആക്രമിക്കാന്‍ കഴിയുന്നത് ഈ ഭരണത്തിന് കീഴില്‍ ചില പ്രത്യേകവിഭാഗം ആളുകള്‍ അനുഭവിക്കുന്ന പ്രത്യേക പരിഗണനയും തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യവുമാണ്. എന്നെ കൊല്ലാന്‍ ശ്രമിച്ചയാള്‍ ആരാണെന്നോ ആരാണ് അയാളുടെ പിന്നിലെന്നോ എനിക്കറിയില്ല. അത് പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. എന്നാല്‍ ഇതിന് ഉത്തരവാദി അജ്ഞാതനായ തോക്ക്ധാരിയാണെന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കരുത്.

യഥാര്‍ത്ഥ കുറ്റവാളികള്‍ അധികാരത്തിലിരുന്ന് വെറുപ്പിന്റെയും ഭയത്തിന്റേയും അന്തരീക്ഷം വളര്‍ത്തിയെടുക്കുന്ന, രക്തദാഹികളെ വളര്‍ത്തുന്ന ആളുകളാണ്. കൊലയാളികള്‍ക്കും ആള്‍ക്കൂട്ട ക്രിമിനലുകള്‍ക്കും സ്വതന്ത്രവിഹാരം അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കളും എന്നെക്കുറിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ചാനല്‍ അവതാരകരുമാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. എന്നെ ദേശദ്രോഹിയായി ചിത്രീകരിച്ച് ഈ അക്രമികളെ എനിക്കെതിരെ വിടുന്ന ഇവരാണ് കുറ്റവാളികള്‍. ഇതാണ് എന്റെ ജീവിതം മോശമായ അവസ്ഥയിലാക്കിയത്.

സെക്ഷന്‍ 307ഉം ആയുധനിയമവും പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ശേഷവും എന്തിനാണ് ബിജെപി എംപി മീനാക്ഷി ലേഖിയും സംഘപരിവാര്‍ ഏജന്റുകളും എനിക്കെതിരെ ആക്രമണമൊന്നും നടന്നിട്ടില്ലെന്നും ഇത് ഞാന്‍ തന്നെ കെട്ടിച്ചമച്ചതാണെന്നും മറ്റും പറഞ്ഞുനടക്കുന്നത്. എനിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഞാന്‍ ആര്‍ക്കെതിരെയും ഇതുവരെ ആരോപണം ഉയര്‍ത്തിയിട്ടില്ല. എന്നിട്ടും എന്തിനാണ് അവര്‍ ഇങ്ങനെ സത്യം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. ഈ വെറി പിടിച്ച പെരുമാറ്റം എന്താണ് സൂചിപ്പിക്കുന്നത്. ഇവര്‍ തന്നെയാണ് ഇത് ചെയ്തത് എന്നാണോ. ഗൗരി ലങ്കേഷിന്റെ കൊലപാതകം എടുത്താല്‍, അറസ്റ്റുകള്‍ വ്യക്തമാക്കുന്നത് ഹിന്ദുത്വ ഭീകര സംഘടനകളുടെ വ്യക്തമായ പങ്കാണ്. അജ്ഞാതരായ തോക്ക് ധാരികള്‍ എന്ന് അവര്‍ പറയുമ്പോള്‍ ആരാണ് ഇത്തരം ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്തുക പ്രധാനമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്കെതിരെ വെറുപ്പിന്റെ ഈ പ്രചാരണം നടക്കുന്നു. തെളിവുകളൊന്നുമില്ല. നുണകള്‍ മാത്രം. കുറ്റപത്രമില്ല. വാദങ്ങളില്ല. ട്രോളുകള്‍ മാത്രം. സംവാദങ്ങളില്ല. വധഭീഷണികള്‍ മാത്രം. ഇപ്പോള്‍ ഇതെല്ലാം ഒരു തോക്കിലേയ്ക്ക് വന്നിരിക്കുന്നു. ടുക്‌ഡെ ടുക്‌ഡെ പോലുള്ള ഹാഷ് ടാഗുകള്‍ എന്റെ പേരിനൊപ്പം ഇങ്ങനെ ചേര്‍ത്തുവയ്ക്കപ്പെടുന്നത്, ഒരു പ്രത്യേക സിനിമ ഇറങ്ങിയാല്‍ രാജ്യം ടുക്‌ഡെ ടുക്‌ഡെ ആക്കുമെന്ന് പറയുന്നവരെ ബിജെപി നേതാക്കള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പരസ്യമായി പിന്തുണയ്ക്കുന്നത്?

എന്തുകൊണ്ടാണ് എന്നെ ഇവര്‍ ദേശദ്രോഹിയെന്ന് വിളിക്കുന്നതും എനിക്കെതിരെയുള്ള മാധ്യമവിചാരണകള്‍ അവസാനിക്കാത്തതും. അതേസമയം ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഭരണഘടന പരസ്യമായി കത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് എന്തുകൊണ്ട്. എങ്ങനെയാണ് ഡല്‍ഹി പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇത്തരത്തില്‍ ഒരു സംഘം ആളുകള്‍ക്ക് രാജ്യത്തിന്റെ ഭരണഘടന കത്തിക്കാന്‍ കഴിയുന്നത്. ന്യൂനപങ്ങള്‍ക്ക് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നവരും ആള്‍ക്കൂട്ട കൊലകള്‍ നടത്തുന്നവരും എന്തുകൊണ്ടാണ് ആദരിക്കപ്പെടുന്നത്. ഈ വെറുപ്പിനെതിരെ സംസാരിക്കുന്ന ഞങ്ങളൊക്കെ വില്ലന്മാരാകുന്നത് എന്തുകൊണ്ടാണ്. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കുകയും ദലിതരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സാഭാംജി ഭിഡെയെ പോലുള്ളവരെ (പ്രധാനമന്ത്രി മോദി അദ്ദേഹത്തെ മഹാപുരുഷ് എന്നാണ് വിളിക്കുന്നത്) എന്തുകൊണ്ടാണ് രാജ്യത്തെ വിഭജിക്കുന്നവരെന്ന നിലയില്‍ കാണാത്തത്. ഈ രാജ്യത്തെ പാവപ്പെട്ടവരെ ചൂഷണം ചെയ്ത് രാജ്യത്തെ തുണ്ടം തുണ്ടമായി കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന ഭരണനേതാക്കളെ എന്തുകൊണ്ടാണ് ദേശവിരുദ്ധരെന്നോ ദേശദ്രോഹികളെന്നോ വിളിക്കാത്തതും ദേശ ഭക്തരാക്കി ആരാധിക്കുന്നതും. ഇതെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്.

ഇത്തരം ആക്രമണങ്ങളിലൂടെ ഞങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ഗൗരി ലങ്കേഷിന്റേയും രോഹിത് വെമുലയുടേയും ആശയങ്ങള്‍ ഇവരെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോയിരിക്കുന്നു. അവര്‍ക്ക് ഞങ്ങളെ നിശബ്ദതയിലേയ്ക്ക് തള്ളിയിടാനാകില്ല. ജയിലിലടച്ചോ വെടിയുതിര്‍ത്തോ അത് സാധിക്കില്ല. ഞങ്ങള്‍ അത് ഇന്നലെയും തെളിയിച്ചിട്ടുണ്ട്. എനിക്കെതിരെയുള്ള ആക്രമണം ഖോഫ് സെ ആസാദി എന്ന ഞങ്ങളുടെ പരിപാടിയെ ബാധിച്ചില്ല. അത് വിജയകരമായി തന്നെ നടന്നു. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, ആള്‍ക്കൂട്ടക്കൊലയ്ക്കിരയായ അലിമൂദീന്റെ ഭാര്യ മറിയം (ഝാര്‍ഖണ്ഡില്‍ അലിമുദീനെ തല്ലിക്കൊന്ന് ജയിലില്‍ പോയവരെയാണ് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചത്.), ട്രെയിനില്‍ മുസ്ലീമായതുകൊണ്ട് തല്ലിക്കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിന്റെ ഉമ്മ ഫാത്തിമ, രക്ബര്‍ ഖാന്റെ സഹോദരന്‍ അക്ബര്‍ ഖാന്‍, ഡോ.കഫീല്‍ ഖാന്‍, പ്രശാന്ത് ഭൂഷണ്‍, പ്രൊഫ.അപൂര്‍വാനന്ദ്, എസ്ആര്‍ ദാരാപുരി, മനോജ് ഝാ തുടങ്ങിയവരൊക്കെ പങ്കെടുത്തി. സംഘപരിവാര്‍ ഭീകരതയ്ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ സംസാരിച്ചു. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ചെറുത്തുനില്‍പ്പ്.

ഡല്‍ഹി പൊലീസ് എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ജീവന് നേരെ നിരന്തരം ഭീഷണികള്‍ ഉയരുന്നുണ്ട്. രണ്ട് തവണ ഞാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അലംഭാവപൂര്‍ണമായ പ്രതികരണമായിരുന്നു അവരുടേത്. എനിക്ക് എല്ലാ ദിവസവും സോഷ്യല്‍മീഡിയില്‍ ഭീഷണികളും അസഭ്യവര്‍ഷവും വരുന്നുണ്ട്. ഇന്നലത്തെ സംഭവത്തിന് ശേഷം പൊലീസ് എന്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടാനും സമ്മര്‍ദ്ദം ചെലുത്താനും എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷയില്ലാതെ എവിടെയും പോകാനാകാത്ത അവസ്ഥയിലാണ് ഞാന്‍.

പിന്തുണ നല്‍കിയിവരും കൂടെ പോരാടുന്നവരുമായ എണ്ണി തിട്ടപ്പെടുത്താനാകാത്ത അത്രയും മനുഷ്യര്‍ക്ക് നന്ദി. ഇത് ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ ശ്രമവും പോരാട്ടവുമാണ്. സവര്‍ക്കറുടേയും ഗോഡ്‌സെയുടേയും പിന്‍ഗാമികളെ നമ്മള്‍ പരാജയപ്പെടുത്തിയിരിക്കും. ഡാല്‍മിയ ഗ്രൂപ്പിന്റെ സ്വന്തം ചെങ്കോട്ടയില്‍ നിന്ന് നാളെ ഹൈവോള്‍ട്ടേജില്‍ നുണകളും മധുരം പൊതിഞ്ഞ വിടുവായത്തങ്ങളും വീണ്ടും കേള്‍ക്കാം. നമ്മുടെ പോരാട്ടം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനും ബഹുമാനത്തിനും വേണ്ടിയുള്ളതാണ്. ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നോട്ട് പോകും.

ജയ് ഭീം, ലാല്‍ സലാം
ഉമര്‍ ഖാലിദ്‌
https://www.azhimukham.com/india-murderattempt-against-umarkhalid/
https://www.azhimukham.com/umarkhalid-student-leader-jnu-hostelroom/

Next Story

Related Stories