ന്യൂസ് അപ്ഡേറ്റ്സ്

കാണാതാകുന്ന എല്ലാ പെൺകുട്ടികളും ഒളിച്ചോടിയെന്ന് പറയാൻ ജീവിതം സിനിമയല്ലെന്ന് കോടതി

കാണാതായ ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ജഡ്ജിമാർ.

കാണാതാകുന്ന എല്ലാ പെൺകുട്ടികളെയും ഒളിച്ചോടിയവരുടെ പട്ടികയിൽ പെടുത്തി അന്വേഷണം നടത്താതെ ഒഴിഞ്ഞു മാറുന്ന മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതാകുമ്പോൾ അവർ കാമുകനൊപ്പം പോയിരിക്കാമെന്ന് ഊഹിക്കുന്ന പരിപാടിയിൽ നിന്ന് പിൻവാങ്ങാൻ പൊലീസിനെ ഉന്നതോദ്യോഗസ്ഥർ നയിക്കണമെന്ന് ഹൈക്കോടതിയിലെ രണ്ടംഗ ബംഞ്ച് പറഞ്ഞു.

സിനിമകളിൽ കാണുന്നതു പോലെയല്ല ജീവിതത്തിൽ സംഭവിക്കുന്നതെന്ന് പൊലീസ് മനസ്സിലാക്കണമെന്ന് വിധിന്യായത്തിൽ ജഡ്ജിമാരായ എസ്‌സി ധരമാധികാരി, ഭാരതി ദാംഗ്രേ എന്നിവർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുടെയെല്ലാം പിന്നിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. പൊലീസിന്റെ മനോഭാവം അങ്ങേയറ്റം പരിതാപകരമാണെന്നും കോടതി വിമർശിച്ചു.

കാണാതായ ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ജഡ്ജിമാർ. കേസിൽ പൊലീസിന്റെ റിപ്പോർട്ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്റെ കാമുകനായ സീനിയർ വിദ്യാർത്ഥിക്കൊപ്പം പെൺകുട്ടി സ്കൂളിൽ നിന്നും ഒളിച്ചോടുകയായിരുന്നെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇതിൽ കൂടുതൽ അന്വേഷണം നടത്താൻ തങ്ങൾ നിസ്സഹായരാണെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. കുട്ടികൾ ഇടക്കിടെ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇരുവരും തമിഴ്നാട്ടിലാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ, രണ്ട് സ്കൂൾ കുട്ടികൾക്ക് ഇങ്ങനെ എത്രകാലം സ്വയം സ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആരാണ് ഇരുവർക്കും അതിനുള്ള പണം നൽകുന്നതെന്നും കോടതി ആരാഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍