Top

സ്വകാര്യത വിധി: 42 വര്‍ഷത്തിന് ശേഷം അച്ഛന്റെ 'തെറ്റി'ന് മകന്റെ തിരുത്ത്, മുട്ടിലിഴയാതെ നിവര്‍ന്നു നിന്ന ജസ്റ്റിസ് ഖന്ന

സ്വകാര്യത വിധി: 42 വര്‍ഷത്തിന് ശേഷം അച്ഛന്റെ
സ്വകാര്യത മൗലികാവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ 547 പേജ് വിധ്യന്യായത്തിലുള്ളത് അച്ഛന്റെ വിധിക്ക് മകന്‍ നല്‍കിയ തിരുത്ത് കൂടിയാണ്. ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ അംഗമായ ജസ്്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തിരുത്തിയത് അച്ഛന്‍ ജസ്റ്റിസ് വൈവി ചന്ദ്രചൂഡിന്റെ പഴയ വിധി കൂടിയാണ് - എഡിഎം ജബല്‍പൂര്‍ വേഴ്‌സസ് ശിവകാന്ത് ശുക്ല കേസില്‍.

അടിയന്തരാവസ്ഥ കാലത്ത് മിസ (മെയ്ന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരമുള്ള കരുതല്‍ തടങ്കലുണ്ടായിരുന്നു. 1975 ജൂണ്‍ 27ന് തടവിലാക്കപ്പെടുന്നവരോ അറസ്റ്റ് ചെയ്യപ്പെടുന്നവരോ കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനും ഇവര്‍ക്ക് വേണ്ടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നതും വിലക്കിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് വന്നു. അതേസമയം രാഷ്ട്രപതിയുടെ ഉത്തരവും കേന്ദ്രസര്‍ക്കാര്‍ നിലപാടും തള്ളിക്കളഞ്ഞ പല ഹൈക്കോടതികളും ഹര്‍ജികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി - അലഹബാദ്, ആന്ധ്രപ്രദേശ്, ബോംബെ, ഡല്‍ഹി, കര്‍ണാടക, മദ്രാസ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ ഹൈക്കോടതികള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് തള്ളിക്കളഞ്ഞു. ഹൈക്കോടതികള്‍ രാഷ്ട്രപതിയുടെ ഉത്തരവ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് വിഷയം സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ മുമ്പിലെത്തി.

അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനയുടെ 21ാം അനുച്ഛേദം മാത്രം വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നുണ്ടോ എന്നായിരുന്നു പ്രശ്‌നം. ആര്‍ട്ടിക്കിള്‍ 21 മരവിപ്പിക്കപ്പെടുന്നത് ഈ സ്വാതന്ത്ര്യം ഇല്ലാതാക്കുമോ എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഉവ്വെന്നായിരുന്നു അഞ്ചംഗ ബഞ്ചിലെ നാല് ജഡ്ജിമാരുടേയും അഭിപ്രായം. ജസ്റ്റിസുമാരായ എംഎച്ച് ബെഗ്, വൈവി ചന്ദ്രചൂഡ്, പിഎന്‍ ഭഗവതി, എഎന്‍ റേ എന്നിവരാണ് ഇങ്ങനെ വിധിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനേക്കാള്‍ പ്രസക്തി ഭരണഘടനയ്ക്കാണെന്ന് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ ബഞ്ച് വിധിച്ചു.

നാല് ജഡ്ജിമാരുടേയും നിരീക്ഷണം ഇതായിരുന്നു:

സ്വാതന്ത്ര്യം നിയമത്തിന് അനുസൃതമാണ്. അത് നിയന്ത്രിതമാണ്. അത് പരമമായതോ അനിയന്ത്രിതമായതോ അല്ല. അസാധാരണമായ തരത്തില്‍ അധികാരം സര്‍ക്കാരിന് ലഭിക്കുന്നത് അസാധാരണമായ സാഹചര്യമാണ് അടിയന്തരാവസ്ഥയാണ്. അത് അടിയന്തരാവസ്ഥാ കാലത്തേയ്ക്ക് മാത്രം ബാധകമായതാണ്.

അതേസമയം തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണമായിരുന്നു ജസ്റ്റിസ് എച്ച്ആര്‍ ഖന്നയുടേത്. അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് ഇങ്ങനെയെഴുതി - "ഒരു ഇന്ത്യന്‍ നഗരത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെടാം".[caption id="attachment_100353" align="aligncenter" width="550"] ജസ്റ്റിസ് എച്ച്ആര്‍ ഖന്ന[/caption]

ജസ്റ്റിസ് ഖന്ന ഇങ്ങനെ നിരീക്ഷിച്ചു:

ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ അഭാവത്തിലും നിയമപരമായ സാധുതയില്ലാതെ ഭരണകൂടത്തിന് വ്യക്തിയുടെ സ്വാതന്ത്ര്യം കവരാനുള്ള അവകാശമില്ല. ഇത് നിയമവാഴ്ചയുടെ അടിസ്ഥാനമാണ്. ഇത്തരത്തിലുള്ള ജീവിതവും സ്വാതന്ത്ര്യവും സാധ്യമല്ലെങ്കില്‍ നിയമവാഴ്ചയുള്ള ഒരു സമൂഹവും നിയമവ്യവസ്ഥയില്ലാത്ത സമൂഹവും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടാവില്ല.


ഈ വിധി മൂലം ജസ്റ്റിസ് ഖന്നയ്ക്ക് വില കൊടുക്കേണ്ടി വന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. തന്നേക്കാള്‍ ജൂനിയറായ എംഎച്ച് ബെഗ് ചീഫ് ജസ്റ്റിസ് ആകുന്നത് ഖന്നയ്ക്ക് കാണേണ്ടി വന്നു. ഖന്ന രാജി വയ്ക്കുകയും ചെയ്തു. വൈ വി ചന്ദ്രചൂഡ്  പിന്നീട് ചീഫ് ജസ്റ്റിസ് ആയി.

എഡിഎം ജബല്‍പൂര്‍ കേസിലെ വിധി ഏറെ പിഴവുകളുള്ളതാണെന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കുന്നു. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഒമ്പതംഗ ബഞ്ച് പറയുന്നു. ഒമ്പതില്‍ ആറ് ജഡ്ജിമാരും എഡിഎം ജബല്‍പൂര്‍ കേസ് പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടനയുണ്ടാകുന്നതിന് മുമ്പും ജീവിക്കാനുള്ള അവകാശം നിലവിലുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇതിനെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Next Story

Related Stories