ന്യൂസ് അപ്ഡേറ്റ്സ്

നാല് സംസ്ഥാനങ്ങളിലായി 33 പേരെ കൊന്ന പരമ്പരക്കൊലയാളിയെ വനിതാപൊലീസ് സാഹസികമായി കീഴടക്കി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളയാൾ രാമൻ രാഘവ് ആണ്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 33 പേരെ കൊലപ്പടുത്തിയ പരമ്പരക്കൊലയാളി പൊലീസിന്റെ പിടിയിൽ. ഒരു വനിതാ പൊലീസ് ആണ് കൊലയാളിയെ പിടികൂടിയത്. ഭോപ്പാലിൽ ഒരു ടെയ്‌ലർ ഷോപ്പ് നടത്തുന്ന ആദേശ് ഖമ്ര എന്നയാളാണ് പിടിയിലായത്. 2010ലാണ് ഖമ്ര കൊലപാതകങ്ങൾ തുടങ്ങിയത്. ആദ്യത്തെ കൊലപാതകം അമ്രാവതിയിലായിരുന്നു. പിന്നീട് നാസിക്കിൽ വെച്ച് ഒരു കൊല നടത്തി. പിന്നീട് തുടർച്ചയായി പല സംസ്ഥാനങ്ങളിൽ വെച്ച് കൊലകൾ നടത്തി.

എല്ലായിടത്തും ഒരേ രീതിയിലാണ് ഇയാൾ കൊല നടത്തിയത്. കൂടാതെ ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികളുമാണ് കൊല്ലപ്പെട്ടവരെല്ലാം. കാഴ്ചയിൽ അങ്ങേയറ്റം നിഷ്കളങ്കനായ ഖമ്രയ്ക്ക് ഇത്രയധികം കൊലപാതകങ്ങൾ നടത്താൻ കഴിഞ്ഞുവെന്നത് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല.

ബിട്ടു ശർമ എന്ന വനിതാ പൊലീസുകാരിയാണ് ഖമ്രയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ കാടുകളിൽ ഒളിച്ചിരിക്കുകയായിരുന്ന ഖമ്രയെ അതിസാഹസികമായാണ് ബിട്ടു ശർമ പിടികൂടിയത്. രാത്രിയിലായിരുന്നു ഓപ്പറേഷൻ. തൈക്വാണ്ടോ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ബിട്ടു ശർമയുടെ ആക്രമണത്തിൽ ഖമ്ര കീഴടങ്ങുകയായിരുന്നു. ജൂഡോയിൽ ഏഷ്യൻ ഗെയിംസ് വെങ്കല മെ‍ഡൽ നേടിയിട്ടുള്ളയാളുമാണ് ഇവർ.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളയാൾ രാമൻ രാഘവ് ആണ്. കല്ലു കൊണ്ടടിച്ച് 42 കൊലപാതകങ്ങൾ നടത്തിയിട്ടുള്ള ഇയാള്‍ക്ക് കോടതി മരണശിക്ഷ വിധിച്ചിരുന്നു. പിന്നീട് വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധനയിൽ രാമൻ രാഘവിന് ചികിത്സിച്ച് ഭേദമാക്കാനാകാത്ത മനോരോഗമാണെന്ന് തെളിയുകയും ശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുകയും ചെയ്തു. 1995ൽ ഇയാൾ അസുഖബാധിതനായി ശിക്ഷയിലിരിക്കെ മരണമടഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍