Top

10,000 രൂപയുടെ പേരില്‍ അലിഗഡില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഞ്ചു വര്‍ഷം മുമ്പ് സ്വന്തം മകളെ ബലാത്സംഗം ചെയ്തയാള്‍

10,000 രൂപയുടെ പേരില്‍ അലിഗഡില്‍ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഞ്ചു വര്‍ഷം മുമ്പ് സ്വന്തം മകളെ ബലാത്സംഗം ചെയ്തയാള്‍
ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ ഏഴു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയയാള്‍. രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം പടരുന്നുമുണ്ട്. ബോളിവുഡ് ഒന്നടങ്കം വിഷയത്തില്‍ രംഗത്തെത്തി.

കേസില്‍ രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ഒരാളാണ് 2014-ല്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയതെന്നും പോലീസ് പറയുന്നു.

മെയ് രണ്ടിനാണ് കുപ്പത്തൊട്ടിയില്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്ന രീതിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് അലിഗഡ് സീനിയര്‍ എസ്പി ആകാശ് കുല്‍ഹാരി വ്യക്തമാക്കി.

സംഭവത്തില്‍ National Commission for Protection of Child Rights ജില്ല ഭരണകൂടത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് കേസ് അന്വേഷിക്കുന്നതെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതിനിടെ പ്രതികളുടെ വീട്ടുകാര്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണ് നടന്നിട്ടുള്ളതെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശന്‍ ബന്‍വാരിലാല്‍ ശര്‍മ, ഇല്ലെങ്കില്‍ താന്‍ നിരാഹാരസമരം ആരംഭിക്കുമെന്നും പറഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് പോലീസ് ഇയാള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

കേസിലെ മറ്റൊരു പ്രതിയായ ജഹാദ് കഴിഞ്ഞ മെയ് 30-നാണ് വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. കുഞ്ഞിന്റെ മുത്തശ്ശനില്‍ നിന്ന് ജഹാദ് 50,000 രൂപ വാങ്ങിയിരുന്നുവെന്നും ഇതില്‍ തിരിച്ചു കൊടുക്കാന്‍ ബാക്കിയുള്ള 10,000 രൂപ ചോദിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെന്നും വീട്ടുകാര്‍ പറയുന്നു. "കാണിച്ചു തരാം" എന്നു പറഞ്ഞാണ് ജഹാദ് പോയതെന്നും എന്നാല്‍ ഇത്ര കൂരമായി പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുഞ്ഞിന്റെ മുത്തശ്ശന്‍ പറയുന്നു.

ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളുകളാണ് പ്രതികള്‍ ഇരുവരും. ചൂതാട്ടം അടക്കമുള്ള വിനോദങ്ങള്‍ക്കായാണ് ഇവര്‍ പണം ചെലവഴിക്കുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.

അതേ സമയം, കുഞ്ഞ് ബാലാത്സംഗത്തിന് ഇരയായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നുവെന്നും ഒരു കൈ തകര്‍ന്നിരുന്നുവെന്നും തുടക്കത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അലിഗഡ് എസ്പി വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനയ്ക്കായി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ അടക്കം അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഉത്തര്‍ പ്രദേശ്‌ പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും പ്രതിഷേധം ശക്തമാണ്. സാധാരണ എല്ലാ ദിവസവും വീടിന്റെ സമീപത്ത് തന്നെ ഓടിക്കളിക്കുന്ന കുഞ്ഞിനെ കാണാതായതോടെ അന്വേഷണം നടത്തിയെന്നും ഒടുവില്‍ പോലീസിനെ സമീപിച്ചെങ്കിലും ആദ്യ രണ്ടു ദിവസങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.

അതിനിടെ, പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രതികളുടെ കുടുംബാംഗങ്ങള്‍ നാടു വിട്ടു പോവുകയും നാട്ടുകാര്‍ ഇവരുടെ വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അലിഗഡില്‍ ഇന്നലെയും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, കിഴക്കന്‍ ഡല്‍ഹി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബോളിവുഡ് ഒന്നടങ്കമാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

രാജ്കുമാര്‍ റാവു, അഭിഷേക് ബച്ചന്‍, സണ്ണി ലിയോണ്‍, സോനം കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനുപം ഖേര്‍, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, രവീണ ടണ്ടന്‍, ട്വിങ്കിള്‍ ഖന്ന തുടങ്ങിയവര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

Also Read: സിറിയയില്‍ പട്ടിണിയാണ്, എനിക്ക് തിരിച്ചുവരണം; വീട്ടുകാരോട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി

Next Story

Related Stories