Top

കർണാടകത്തിൽ 'ഓപ്പറേഷൻ കമല' വീണ്ടും; രണ്ട് കോൺഗ്രസ്സ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു

കർണാടകത്തിൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യം വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കുന്നതായി സൂചന. ഏറ്റവുമൊടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് കോൺഗ്രസ്സ് എംഎൽഎമാർ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് ലഭിക്കുന്നത്. എസ്എം കൃഷ്ണയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നായിരുന്നു (25-05-2019) കൂടിക്കാഴ്ച. കോൺഗ്രസ്സിനകത്ത് നേരത്തെയും കലാപം കൂട്ടിയ നേതാക്കളായ രമേഷ് ജാർകിഹോളി, ഡോ. സുധാകർ എന്നിവരാണ് കൃഷ്ണയെ കണ്ടത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് മുൻ മുഖ്യമന്ത്രിയും മൻമോഹൻ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ.

ജനുവരി മാസത്തിൽ ബിജെപി നടത്തിയ അട്ടിമറി ശ്രമത്തിന് പിന്തുണ കൊടുത്ത എംഎൽഎയാണ് രമേഷ് ജാർകിഹോളി. അന്ന് ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തഹള്ളി എന്നീ നേതാക്കളാണ് രമേഷിനൊപ്പം ബിജെപി ബുക്ക് ചെയ്തുകൊടുത്ത ഹോട്ടൽ മുറിയിൽ താമസിച്ചത്.

കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നാണ് മാധ്യമങ്ങളോട് രമേഷും സുധാകറും പറഞ്ഞത്. കർണാടകയിൽ 25 സീറ്റ് നേടിയ ബിജെപിയെ അഭിനന്ദിക്കാനായി ചെന്നതായിരുന്നു തങ്ങളെന്ന് രമേഷ് പറഞ്ഞു.

ശനിയാഴ്ച രമേഷ് ജാർകിഹോളി മറ്റു ചില ബിജെപി നേതാക്കളെയും കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്. സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ രൂപീകരിച്ച 'ഓപ്പറേഷൻ കമല' ദൗത്യ സംഘത്തിലുൾപ്പെട്ട ബിജെപി നേതാക്കളെയാണ് 24ന് രാത്രിയിൽ രമേഷ് ജാർകിഹോളി കണ്ടത്. കാലബുർഗിയിൽ നിന്നുള്ള ബിജെപി എംപി ഡോ. ഉമേഷ് ജാദവ്, ചന്നപട്ടണത്തു നിന്നുള്ള ബിജെപി നേതാവ് സിപി യോഗീശ്വർ എന്നിവരുമായി ചർച്ച നടത്തിയെന്നാണ് വിവരം.

രണ്ട് മാർഗങ്ങളാണ് സഖ്യസർക്കാരിനെ വീഴ്ത്താൻ ഇവർ മുമ്പോട്ടു വെക്കുന്നതെന്നാണ് വിവരം. ഒന്ന് എംഎൽഎമാർക്ക് ആവശ്യമായത് കൊടുത്ത് രാജി വെപ്പിക്കുക. മറ്റൊന്ന് എംഎൽഎമാരെ വിലയ്ക്കെടുത്ത ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സർക്കാരിനെ വീഴ്ത്തുക. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുന്നോടിയായി റിസോർട്ട് ബുക്ക് ചെയ്യാനുള്ള പദ്ധതികളും ഇവർ ചർച്ച ചെയ്തതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. 30 മുറികൾ ബുക്ക് ചെയ്യാനാണ് രമേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവയിലെ അഗോഡ ഫോർട്ടിനടുത്തുള്ള ഹോട്ടലിലേക്ക് എംഎൽഎമാരെ മാറ്റാമെന്നാണ് ആലോചിക്കുന്നത്.

113 എംഎൽഎമാരുടെ പിന്തുണയാണ് കർണാടക നിയമസഭയിലെ ഭൂരിപക്ഷം. ആകെ 224 അംഗങ്ങളാണുള്ളത്. ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 105 എംഎൽഎമാരുടെ പിന്തുണ ഇവർക്കുണ്ട്. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും ബിജെപിക്കുള്ളതിനാൽ ആകെ 107 പേരുടെ പിന്തുണ. ഏഴ് എംഎൽഎമാരെക്കൂടി കിട്ടിയാൽ കളിയിൽ ജയിക്കാനാകും ബിജെപിക്ക്.

സുമലതയുടെ സന്ദർശനം

ലോകസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് സുമലത അംബരീഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവർ ആദ്യം സന്ദർശിച്ചത് ബെംഗളൂരുവിലെ എസ്എം കൃഷ്ണയുടെ വീടാണ്. ബിഎസ് യെദ്യൂരപ്പയും പാർട്ടി നേതാവ് ആർ അശോകയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതേ ആർ അശോകയുമായി എസ്എം കൃഷ്ണയുടെ വീട്ടിൽ രമേഷും സുധാകറും സംസാരിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുൻ കോൺഗ്രസ് എംഎൽഎയും നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ 1 ലക്ഷം വോട്ടിന്റെ മാർജിനിലാണ് ഇവർ തോൽപ്പിച്ചത്. മാണ്ഡ്യയിൽ നിന്നുള്ള നേതാവായതു കൊണ്ടാണ് എസ്എം കൃഷ്ണയെ താൻ കാണാനെത്തിയതെന്നാണ് സുമലത പറയുന്നതെങ്കിലും രാഷ്ട്രീയനീക്കങ്ങൾ ആ വഴിക്കല്ല പോകുന്നത്. 'കാത്തിരുന്നു കാണാം' എന്ന് യെദ്യൂരപ്പ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

നരേന്ദ്രമോദിയുടെ സ്ഥാനാരോഹണച്ചടങ്ങ് പൂർത്തിയായതിനു ശേഷം മാത്രമേ കുതിരക്കച്ചവട നീക്കങ്ങൾ തുടങ്ങാവൂ എന്ന് പാർട്ടിയുടെ നിർദ്ദേശം യെദ്യൂരപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും ബിജെപിക്ക് ഇനി എളുപ്പത്തിൽ 130 മുതൽ 150 സീറ്റുകൾ വരെ പിടിക്കാനാകുമെന്ന വിശ്വാസവും നേതാക്കൾക്കുണ്ട്.

ജെഡിഎസ്-കോൺഗ്രസ് സർക്കാരിലെ അസ്വാരസ്യങ്ങളും തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.

Next Story

Related Stories