TopTop

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെ 'ആഞ്ഞുവെട്ടി' പ്രതിപക്ഷം; 'പരിച'യുമായി ജയ്റ്റ്‌ലി

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെ
നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ സര്‍ക്കാരിനെ ശക്തമായി ന്യായീകരിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍, നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടിയായിരുന്നു എന്ന് ജയ്റ്റ്‌ലി അവകാശപ്പെട്ടു. 2014 മേയില്‍ 3.8 കോടി ആയിരുന്ന ഇന്‍കംടാക്‌സ് അസസ് ബിജെപി അധികാരത്തില്‍ വന്ന് നാല് വര്‍ഷത്തിനകം 6.86 കോടിയായി ഉയര്‍ന്നതായി ജയ്റ്റ്‌ലി പറഞ്ഞു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോളേക്കും ആദ്യമുണ്ടായിരുന്നതിന്റെ ഇരട്ടിയാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെട്ടു. നികുതി വെട്ടിപ്പ് തടയാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു. നികുതി വരുമാനം വര്‍ദ്ധിച്ചതോടെ ഈ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായും ഗ്രാമീണ വികസന പദ്ധതികള്‍ക്കായും ഉപയോഗിക്കാന്‍ കഴിഞ്ഞു.

99.3 ശതമാനം അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതിനെയും ജയ്റ്റ്‌ലി ന്യായീകരിച്ചു. കറന്‍സി പിടിച്ചുവയ്ക്കുക എന്നതല്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. കള്ളപ്പണക്കാര്‍ അടക്കമുള്ളവര്‍ നികുതി അടക്കുന്ന അവസ്ഥയുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. കറന്‍സി ഇടപാടുകളില്‍ നിന്ന് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേയ്ക്കുള്ള മാറ്റമാണ് ലക്ഷ്യമിട്ടത്. നോട്ട് നിരോധനം ആളുകളെ പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാക്കി. വലിയ തോതില്‍ നിക്ഷേപമുണ്ടായത് ബാങ്കുകള്‍ക്ക് കൂടുതല്‍ പണം വായ്പയായി നല്‍കാന്‍ സഹായകമായി. വലിയ തോതില്‍ പണം മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞു. തദ്ദേശീയ റുപ്പെ, യുപിഐ കാര്‍ഡുകള്‍ മൂലം വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വലിയ നഷ്ടമുണ്ടായിരിക്കുകയാണ്. ജി എസ് ടി നടപ്പാക്കിയതിനെ തുടര്‍ന്ന് നികുതിഘടന ശക്തിപ്പെട്ടതായി ജയ്റ്റ്‌ലി അവകാശപ്പെട്ടു.

അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ധന മന്ത്രി പി ചിദംബരവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ കടന്നാക്രമണവുമായി രംഗത്തെത്തി. ഒട്ടും ആലോചിക്കാതെയെടുത്ത തീരുമാനത്തിന്റെ ഭാഗമായി കൊണ്ടുവന്ന് ദുരന്തമായി മാറിയ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമാണിതെന്ന് ഡോ.മന്‍മോഹന്‍ സിംഗ് ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും നോട്ട് നിരോധനമുണ്ടാക്കിയ തകര്‍ച്ചയും ആഘാതവും എല്ലാ മേഖലകളിലും പ്രകടമാണെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. പ്രായ, ലിംഗ, മത, തൊഴില്‍ ഭേദമന്യേ എല്ലാ വ്യക്തികളേയും നോട്ട് നിരോധനം ബാധിച്ചു. കാലം മുറിവുണക്കുമെന്നാണ് സാധാരണ പറയാറ്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ മുറിവ് ഉണങ്ങാതിരിക്കുന്നത് വ്യക്തമായി കാണാം. ജിഡിപിയില്‍ വന്‍ വീഴ്ചയടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഇപ്പോളും നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഇത് തൊഴില്‍ മേഖലയെ ബാധിച്ചു. പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുകയും ആഗോള എണ്ണവില കുതിച്ചുയരുകയും ചെയ്യുന്നു. ഇനിയെങ്കിലും സാമ്പത്തിക നയങ്ങള്‍ സുതാര്യമായി കൊണ്ടുവരുകയും നടപ്പാക്കുകയും വേണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു - മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

മഹാദുരന്തമാണ് നോട്ട് നിരോധനമുണ്ടാക്കിയതെന്ന് പി ചിദംബരം പറഞ്ഞു. നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്നിതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവചിച്ചത് പോലെ ജിഡിപി വളര്‍ച്ച 1.5 ശതമാനം ഇടിഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ അച്ഛേ ദിന്നിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഹിന്ദുത്വം മാത്രമാണ് പറയാനുള്ളത് - ചിദംബരം കുറ്റപെടുത്തി.മോദി സര്‍ക്കാരിന്‍റെ അഴിമതികള്‍ എണ്ണി തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും എന്തിനാണ് നോട്ട് നിരോധനം കൊണ്ടുവന്നത് എന്നത് ഇപ്പോളും ദുരൂഹമായി തുടരുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.https://www.azhimukham.com/offbeat-demonetization-neo-liberal-hindutva-scandal-sreejith-writes/
https://www.azhimukham.com/trending-four-lessons-to-the-other-nations-to-study-from-modi-governments-foolishness/
https://www.azhimukham.com/edit-will-modi-take-back-adanis-5000-crore-black-money-on-demonetisation-one-year/
https://www.azhimukham.com/edit-atm-cashcrunch-money-crisis/

Next Story

Related Stories