TopTop
Begin typing your search above and press return to search.

കര്‍ഷക രോഷം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലും യെച്ചൂരിയും കേജ്രിവാളും

കര്‍ഷക രോഷം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുലും യെച്ചൂരിയും കേജ്രിവാളും

ന്യൂഡല്‍ഹിയില്‍ മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷല്‍ കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനം കൂടിയായി. രണ്ട് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ ഏഴിന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയും ഇവയടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11ന് വരാനിരിക്കുകയും പല അഭിപ്രായ സര്‍വേകളും എല്ലായിടത്തും ബിജെപിയുടെ തകര്‍ച്ച പ്രവചിക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഒരു ലക്ഷത്തോളം പേരെ അണിനിരത്തി പ്രതിപക്ഷ കക്ഷികള്‍ മോദി സര്‍ക്കാരിന് താക്കീത് നല്‍കിയിരിക്കുന്നത്.

കര്‍ഷകരെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളെ ജനം ചവുട്ടിപുറത്താക്കും എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ലോക് താന്ത്രിക് മോര്‍ച്ച നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, എഎപി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി മോദി കര്‍ഷകരോട് നുണ പറഞ്ഞു, കര്‍ഷകര്‍ ചോദിക്കുന്നത് മോദി സര്‍ക്കാരിന്റെ ഔദാര്യമല്ല: രാഹുല്‍ ഗാന്ധി

ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ നിഷ്‌ക്രിയ ആസ്തിയുണ്ടാക്കി വിദേശത്തേയ്ക്ക് മുങ്ങുന്നവരുടെ കടങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും എഴുതിത്തള്ളുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡെന്റ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കര്‍ഷകര്‍ ആരുടേയും ഔദാര്യമോ സൗജന്യമോ അല്ല ചോദിക്കുന്നത്. അവകാശമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമെന്നും ബോണസ് നല്‍കുമെന്നും കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്നുമെല്ലാമാണ് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നത്. ഇന്ത്യയെ അംബാനിക്കും അദാനിക്കും വേണ്ടി വീതം വയ്ക്കുകയാണ്.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളുമുള്ള പാര്‍ട്ടികള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് ഇന്ത്യയിലെ കര്‍ഷകരുടേയും യുവാക്കളുടേയും ശക്തിപ്രകടനമാണ്. അവരെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കര്‍ഷകരേയും യുവാക്കളേയും ഏത് സര്‍ക്കാര്‍ അവഗണിച്ചാലും അവര്‍ ആ സര്‍ക്കാരിനെ പുറത്താക്കും – രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പായപ്പോള്‍ രാമ, രാമ പാടുന്നു, ബിജെപിയുടെ ദുര്യോധനനും ദുശ്ശാസനനുമാണ് മോദിയും അമിത ഷായും: യെച്ചൂരി

ബിജെപിക്കും ആര്‍എസ്എസിനും ഒരു ആയുധം മാത്രമേ ഇപ്പോള്‍ കയ്യിലുള്ളൂ. അത് രാമക്ഷേത്രമാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ റാം, റാം എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കൗരവരാണ്. കൗരവരില്‍ ഒരു ദുര്യോധനനേയും ഒരു ദുശ്ശാസനനേയുമല്ലാതെ നിങ്ങള്‍ക്ക് എത്ര പേരെ അറിയാം? ബിജെപി പറയുന്നത് അവര്‍ക്ക് കോടിക്കണക്കിന് പ്രവര്‍ത്തകരുണ്ട് എന്നാണ്. എന്നാല്‍ മോദിയേയും അമിത് ഷായേയും അല്ലാതെ നിങ്ങള്‍ ആരുടെയെങ്കിലും പേര് കേള്‍ക്കുന്നുണ്ടോ? എന്നാല്‍ ഞങ്ങള്‍ പ്രതിപക്ഷം പാണ്ഡവരാണ്. ഒന്നിച്ചുനിന്നാല്‍ ഞങ്ങള്‍ ചുരുട്ടിപ്പിടിച്ച മുഷ്ടിയാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നയങ്ങള്‍ രൂപീകരിക്കുകയോ അതേപ്പറ്റി സംസാരിക്കുകയോ ചെയ്യാത്ത സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ചു താഴെയിടും – യെച്ചൂരി പറഞ്ഞു.

കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യത്തിന് പുരോഗതിയുണ്ടാവില്ല: അരവിന്ദ് കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കർഷകരെ പിന്നിൽ നിന്ന് കുത്തിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർലമെന്റ് സ്ട്രീറ്റിൽ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച മാർച്ച് എത്തിച്ചേർന്നപ്പോൾ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “വലിയ വേദനകളുമായാണ് നിങ്ങൾ ഡൽഹിയിലെത്തിയിരിക്കുന്നത്. കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് പോകാനാകില്ല” -കെജ്രിവാൾ പറഞ്ഞു.

സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിൽ കയറിയത്. എന്നാൽ അധികാരത്തിലെത്തിയതിനു ശേഷം സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാനാകില്ലെന്ന് അവർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കർഷകരെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി ഇനി അഞ്ച് മാസം കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടാകുമെന്നും അതിനുള്ളിൽ കർഷകർക്കെതിരെ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

https://www.azhimukham.com/india-ms-swaminathan-urges-central-state-govts-consider-farmers-agitation-seriously-mega-kisan-mukti-march-against-modi-govt/

https://www.azhimukham.com/offbeat-farmers-will-march-to-parliament-photos/

https://www.azhimukham.com/india-farmers-will-march-to-parliament-today/

.

Next Story

Related Stories